rr

ന്യൂഡൽഹി: സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടറായിരിക്കെ രാകേഷ് അസ്താന രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ബിസിനസുകാരൻ സതീഷ് ബാബു സനായുടെ മൊഴി ശരിയെന്ന് നുണപരിശോധനാ ഫലം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മോയിൻ ഖുറേഷി എന്ന മാംസ കയറ്റുമതിക്കാരനെതിരെയുള്ള കേസിൽ പേര് പരാമർശിക്കാതിരിക്കാനാണ് അസ്താന കൈക്കൂലി വാങ്ങിയത്. ദുബായ് ആസ്ഥാനമായുള്ള മനോജ് പ്രസാദ് എന്നയാൾ മുഖേനയാണ് പണം കൈമാറിയതെന്നാണ് സനാ നൽകിയ മൊഴി.

ഇത് ശരിയാണോ എന്ന് ഉറപ്പാക്കാനാണ് പോളിഗ്രാഫ് പരിശോധന നടത്തിയത്. സനാ പറഞ്ഞത് ശരിയാണെന്നാണ് സെൻട്രൽ ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട് നൽകിയതെന്ന് ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഡിസംബർ എട്ടിനകം ഈ കേസിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതിയുടെ നിർദ്ദേശമുണ്ട്.

മോയിൻ ഖുറേഷി കേസിൽ പണം വാങ്ങിയത് താനല്ലെന്നും പകരം രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയത് സി.ബി.ഐ മേധാവി തന്നെയാണെന്നുമായിരുന്നു അസ്താനയുടെ ആരോപണം. സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വർമ്മ തനിക്കെതിരെ പ്രതികാര നടപടിയെന്നോണം രജിസ്റ്റർ ചെയ്തതാണ് ഈ കേസ് എന്നായിരുന്നു അസ്താനയുടെ വാദം.

അലോക് വർമ്മയും അസ്താനയും തമ്മിലുള്ള പോര് രൂക്ഷമായതോടെ അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കി. തൊട്ടുപിന്നാലെ അദ്ദേഹം സർവീസിൽ നിന്ന് രാജിവച്ചു.