കൊച്ചി: അരിയുടെയും അരി അനുബന്ധ ഉത്പന്നങ്ങളുടെയും ഉത്‌പാദക വിതരണക്കാരായ പവിഴം ഹെൽത്തിയർ ഡയറ്റിന്റെ പി.വി.എം ഉണ്ട മട്ട അരി വിപണിയിലെത്തി. 5, 10, 20, 50 കിലോ പായ്ക്കറ്റുകളിൽ ലഭിക്കുന്ന അരിക്ക് കിലോയ്ക്ക് 31 രൂപയാണ് വില.
കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന നെല്ല്, അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഗുണനിലവാരം നഷ്‌ടപ്പെടുത്താതെയാണ് പി.വി.എം ഉണ്ട മട്ട അരി ഉത്‌പാദിപ്പിക്കുന്നതെന്ന് മാനേജിംഗ് ഡയറക്‌ടർ എൻ.പി. ആന്റണി പത്രസമ്മേളനത്തിൽ പറഞ്ഞു. കൊച്ചിയിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് അരി വിപണിയിലിറക്കി.
വിപണനോദ്‌ഘാടനത്തിന്റെ ഭാഗമായി ഒമ്പതുമാസം നീളുന്ന സമ്മാന പദ്ധതിയും പ്രഖ്യാപിച്ചു. അരി വാങ്ങുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുത്ത് ഓരോ മാസവും പത്തുപേർക്ക് ഓരോപവൻ വീതം സ്വർണം, പത്തുപേർക്ക് ദുബായ് യാത്ര, ആയിരം പേർക്ക് പവിഴം ഫോർട്ടിഫൈഡ് റൈസ് ബ്രാൻ ഓയിൽ എന്നിങ്ങനെ സമ്മാനം നൽകും. 25 പവൻ സ്വർണമാണ് ബമ്പർ സമ്മാനം.
അരിക്ക് പുറമേ അവിൽ, പൊടിഅരി, അരിപ്പൊടി, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയ മൂല്യവർദ്ധിത ഉത്‌പന്നങ്ങളുമുള്ള പവിഴം ഗ്രൂപ്പിന്റെ മൊത്തം വിറ്റുവരവ് 300 കോടി രൂപയാണ്. ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. 75 കോടി രൂപയാണ് കയറ്റുമതി മൂല്യം. പി.വി.എം ബ്രാൻഡിന്റെ ഉത്‌പാദനത്തിനായി എറണാകുളം കൂവപ്പടിയിൽ പത്തുകോടി രൂപ നിക്ഷേപത്തോടെ കാപ്‌റ്റീവ് പവർ പ്ളാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഡയറക്‌ടർമാരായ ഗോഡ്‌വിൻ ആന്റണി, ദീപക് ജോസ് എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.