ഫുഷു (ചൈന): ചൈന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് -ചിരാഗ് ഷെട്ടി സഖ്യം സെമി ഫൈനലിൽ കടന്നു.ഇന്നലെ നടന്ന ക്വാർട്ടറിൽ നിലവിലെ ലോകചാമ്പ്യൻമാരായ ചൈനയുടെ ലി ജുൻ ഹുയി - ലിയു യു ചെൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിൽ 21-19, 21-15ന് കീഴടക്കിയാണ് ഇന്ത്യൻ ജോഡി സെമി ഫൈനലുറപ്പിച്ചത്. 43 മിനിട്ട് നീണ്ട ക്വാർട്ടറിൽ തങ്ങളെക്കാൾ ശക്തരായ എതിരാളികൾക്കെതിരെ മുഴുവൻ സമയവും ആധിപത്യം പുലർത്തിയാണ് സാത്വിക്-ചിരാഗ് സഖ്യം വിജയം നേടിയത്.
ഇന്ന് നടക്കുന്ന സെമിയിൽ ലോക ഒന്നാം നമ്പർ ജോഡികളായ മലേഷ്യയുടെ മാർകസ് ഫെർനാൾഡി ജിഡിയോൺ - കവിൻ സഞ്ജയ സുഖാമുൽജോ സഖ്യമാണ് ലോക ഒമ്പതാം നമ്പർ ജോഡികളായ ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ.
കഴിഞ്ഞ മാസം നടന്ന ഫ്രഞ്ച് ഓപ്പണിൽ സാത്വിക് - ചിരാഗ് സഖ്യം റണ്ണറപ്പുകളായിരുന്നു.