
ചെന്നൈ : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമലഹാസൻ രൂപീകരിച്ച മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർത്ഥികളായി മത്സരിച്ച നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നു. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് ചെന്ന് കണ്ടതിന് ശേഷമാണ് എൻ.രാജേന്ദ്രൻ, ടി.രവി, എസ് ശ്രീകരുന്യ എന്നിവർ ബി.ജെ.പിയിൽ അംഗത്വമെടുത്തത്.
2021 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നേതാക്കൾ പാർട്ടി വിട്ടത് കമലഹാസന് വലിയ തിരിച്ചടിയായി. സംസ്ഥാനത്ത് പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നീക്കത്തിലായിരുന്നു കമലഹാസൻ .2018 ഫെബ്രുവരിയിലാണ് കമലഹാസൻ മക്കൾ നീതി മയ്യം (എം.എൻ.എം) രൂപീകരിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 3.72 ശതമാനം വോട്ടാണ് നേടിയിരുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ. രാജേന്ദ്രൻ അരക്കോണത്തിൽ നിന്നും ടി രവി, ചിദംബരത്തിൽനിന്നും എസ് ശ്രീകരുന്യ എന്നിവർ കൃഷ്ണഗിരിയിൽ നിന്ന് മത്സരിച്ചിരുന്നു.