തിരുവനന്തപുരം: മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ തമിഴ്നാടിനെതിരെ കേരളത്തിന് 37 റൺസിന്റെ തോൽവി. ആദ്യം ബാറ്ര് ചെയ്ത തമിഴ്നാട് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടിക്കിറങ്ങിയ കേരളത്തിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 3 വിക്കറ്ര് വീതം നേടിയ തമിഴ്നാട് ബൗളർമാരായ നടരാജനും പെരിയസാമിയുമാണ് കേരളത്തി ന്റെ റൺചേസിംഗിൽ പ്രതിസന്ധി സൃഷ്ടിച്ചത്. രോഹൻ എസ്. കുന്നുമ്മലും (27 പന്തിൽ 34), സച്ചിൻ ബേബിയും (32 പന്തിൽ 32), വിഷ്ണു വിനോദും (18 പന്തിൽ 24) പൊരുതി നോക്കിയെങ്കിലും തമിഴ്നാടുയർത്തിയ വിജയ ലക്ഷ്യത്തിനടുത്തെത്താൻ കേരളത്തിന് കഴിഞ്ഞില്ല. ഇവരെക്കൂടാതെ 17 റൺസെടുത്ത മുഹമ്മദ് അസ്‌ഹറുദ്ദീനാണ് കേരള ബാറ്റിംഗ് നിരയിൽ രണ്ടക്കം കടന്നത്. ക്യാപ്ടൻ റോിൻ ഉത്തപ്പ 13 പന്തിൽ 9 റൺസെടുത്ത് ആദ്യമേ പുറത്തായി.ജലജ് സക്സേനയും (2) നിരാശപ്പെടുത്തി.
നേരത്തേ തമിഴ്നാട് നിരയിൽ ബാബ അപരാജിത് (റിട്ടയേർഡ് ഹർട്ട് 35), ദിനേഷ് കാർത്തിക് (33), മുഹമ്മദ് (34), ഷാരൂഖ് ഖാൻ (28), വിജയ് ശങ്കർ (25) എന്നിവരുടെ ബാറ്രിംഗിന്റെ പിൻബലത്തിലാണ് തമിഴ്നാട് ഭേദപ്പെട്ട സ്കോറിലെത്തിയത്.
കർണാടകയ്ക്ക് റെക്കാഡ് ജയം
ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഉത്തരാഘണ്ഡിനെ ഒമ്പത് വിക്കറ്റിന് തോല്പിച്ച കർണാടക ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്രിൽ ട്വന്റി-20യിൽ തുടർച്ചയായി ഏറ്രവും കൂടുതൽ വിജയങ്ങൾ നേടുന്ന റെക്കാഡ് സ്വന്തമാക്കി.