കൊഞ്ചിക്കുഴഞ്ഞുള്ളാൽ
പൊന്തുന്നൊരൂഞ്ഞാലിൻ
കൊമ്പത്തിരുന്നാടുമെൻ കിനാക്കൾ
നീലവിഹായസിൻ നീന്തിത്തുടിച്ചുള്ളം
നീ വരും നാളിനായി കാത്തിരിപ്പൂ...
ഇമ്പത്തിലമ്പരപ്പൊന്നായലിയിക്കും
മുമ്പേ കിളിക്കൊഞ്ചൽ കാതിലെത്തി.
മന്ദാരച്ചെപ്പിലൊളിപ്പിച്ച കൗതുകം
ചുണ്ടത്തൊരീണമായ് തെന്നലെത്തി.
ചെഞ്ചായം പൂശിയൊരംബരദേശത്തും
വെഞ്ചാമരം വീശി വേലയെത്തി.
ആടിയെ ചാടിക്കുമാ ഋതുതാളത്തിൽ
ആറാടി ആതിര കൺതുറന്നു.
നഷ്ടവസന്തത്തേനുള്ളിൽ നിറയ്ക്കുവാൻ.
ഇഷ്ടം പുലരുന്നോരോണമെത്തി
നാടിൻ ഞരമ്പിലതൂർജപ്രവാഹമായ്
മോഹിതം നേത്രങ്ങൾ സ്നേഹസാന്ദ്രം
കൊട്ടും കുരവതന്നാരവം നൊമ്പര-
ക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞുനീളേ...
ഓടിക്കിതച്ചെത്തി മാറോടു ചേർത്തകം.
തള്ളിത്തുറന്നിടം തേടി ചിത്തം.
പാടിപ്പതിഞ്ഞപാട്ടാലോലം കാതെന്നും
പാടാത്ത പാട്ടിനായ് കാത്തിരിപ്പൂ!