kuzhi

ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ രമേഷ് സുകുമാരന്റെ കുഴി എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങി. പതിവ് വിഷയങ്ങളിൽ നിന്ന് മാറി നിലവിലെ രാഷ്ട്രീയ മുഖം വെളിപ്പെടുത്തുകയാണ് കുഴി. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളെയും സമകാലിക പ്രശ്നങ്ങളെയും അടിസ്ഥാനമാക്കി രൂപപെടുത്തിയെടുത്തതാണ് കുഴിയുടെ കഥയെന്ന് സംവിധായകനും കഥാകൃത്തുമായ രമേഷ് സുകുമാരൻ പറയുന്നു. തന്റെ സുഹൃത്തു വലയമാണ് ഈ ഷോർട്ട് ഫിലിം പൂർത്തിയാക്കാൻ തന്നോടോപ്പം ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദത്തിനുപരി ഒരു ചിത്രം കാണികളെ ചിന്തിപ്പിക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് കുഴിയുടെ ടീം പ്രവർത്തിച്ചിരിക്കുന്നത്. സിനിമാ പ്രേമിയായ രമേഷ് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്.

യൂട്യൂബ് വഴി സിനിമ നിർമാണത്തിന്റെ സാങ്കേതിക വശങ്ങൾ പഠിച്ചത്തിന് ശേഷമാണ് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്യാൻ അദ്ദേഹം ആരംഭിച്ചത്. തികച്ചും വ്യത്യസ്തതയോടെയാണ് സംവിധായകൻ കുഴിയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിചിരിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ചരീതിയിലുള്ള അഭിപ്രായങ്ങളും റിപ്പോർട്ടുകളുമാണ് കുഴിയെ കുറിച്ച് പുറത്തുവരുന്നത്. മൈൻഡ്സെറ്റ്, അതായത് രാഷ്ട്രീയം, എന്നിങ്ങനെ ഒട്ടനവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മുപ്പതിനായിരം രൂപ ചെലവഴിച്ചാണ് കുഴി പൂർത്തീകരിച്ചത്.

ഇരുപതോളം കഥാപാത്രങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. വിപിൻ മോഹനനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.കാഴ്ചക്കാരുടെ എണ്ണമല്ല മറിച്ചു ചിത്രത്തിന്റെ ഉള്ളടക്കം കാണികൾക്ക് മനസിലാക്കാൻ കഴിഞ്ഞു എന്നതും ഉദ്ദേശിച്ച കാര്യങ്ങൾ അവരുടെ ചിന്തകളിലും ഉണ്ടായി എന്നതാണ് പ്രധാനമെന്ന് ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടറും എഡിറ്ററുമായ ശ്രീരാജ്.എസ് അഭിപ്രായപ്പെട്ടു. എഡിറ്റിംഗിന് ശേഷം ചിത്രത്തിന്റെ മെസ്സേജ് അതെ രീതിയിൽ അവതരിപ്പിക്കാൻ കഴിയുമോ എന്നത് ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ഉദ്ദേശിച്ച തരത്തിലുള്ള വിശ്വലുകളും സംവിധാനവും ലഭിച്ചത് എഡിറ്റിംഗ് കൂടുതൽ മികവുറ്റതാക്കാൻ സഹായിച്ചു എന്ന് ശ്രീരാജ് പറയുന്നു.

നിരവധി ഷോർട്ട് ഫിലിമുകൾ എഡിറ്റ്‌ ചെയ്തിട്ടുണ്ട്. അവിവേകം, അവിവേകം 2, മൂന്നാം നിയമം എന്നിവയാണ് അടുത്തിടെയായി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഇവയുടെ സംവിധാനവും ശ്രീരാജ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ഏറിയഭാഗവും ചിത്രാഞ്ജലി സ്റ്റുഡിയോയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ മൈൻഡ് സെറ്റ് എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് ജയകുമാരൻ അസ്സോസിയേറ്റ് ഡയറക്ടറും, അഭിജിത്ത് എം നായർ, ഗണേഷ് എന്നിവർ സഹസംവിധായകരും ആയ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത് ആദർശ് ബി അനിലാണ്.ഡബ്ബിങ്ങും മിക്സിങ്ങും നിഷാദ്. എഫക്ട്സ് കണ്ണൻ. തിരുവനന്തപുരത്തെ പാച്ചല്ലൂർ എന്ന പ്രദേശത്തെ ചെറുപ്പക്കാരാണ് ഈ ഹ്രസ്വചിത്രത്തിലെ അഭിനേതാക്കൾ എന്നതും പ്രത്യേകതയാണ്.