ലണ്ടൻ: ബ്രിട്ടീഷ് എഴുത്തുകാരൻ ഡാനിയൽ ഡിഫോയുടെ റോബിൻ ക്രൂസോ പ്രസിദ്ധീകരിച്ചതിന്റെ 300ാം വാർഷികത്തോടനുബന്ധിച്ച് ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളുടെ പട്ടികയുമായി ബി.ബി.സി. ഇന്ത്യയിൽനിന്ന് ആർ.കെ. നാരായൺ, അരുന്ധതി റോയ്, സൽമാൻ റുഷ്ദി, വിക്രം സേത്ത് എന്നീ നാലുപേരുടെ പുസ്തകങ്ങൾ പട്ടികയിൽ ഇടംപിടിച്ചു.
ആർ.കെ. നാരായണന്റെ സ്വാമി ആൻഡ് ഫ്രണ്ട്സ്, അരുന്ധതി റോയിയുടെ ദ ഗോഡ് ഓഫ് സ്മോൾ തിങ്സ്, സൽമാൻ റുഷ്ദിയുടെ ദ മൂർസ് ലാസ്റ്റ് സൈ, വിക്രം സേത്തിന്റെ സ്യൂട്ടബിൾ ബോയ് എന്നീ നോവലുകളാണ് 100 വിഖ്യാത പുസ്തകങ്ങളുടെ കൂട്ടത്തിലുള്ളത്.
വി.എസ്. നയ്പാളിന്റെ എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്, പാക് എഴുത്തുകാരായ മുഹ്സിൻ ഹമീദ്, കാമില ഷംസി എന്നിവരുടെ ദ റെലക്ടൻറ് ഫണ്ടമെന്റലിസ്റ്റ്, ഹോം ഫയർ എന്നീ നോവലുകളും പട്ടികയിൽ ഇടംനേടി.
പ്രണയം, രതി, രാഷ്ട്രീയം, അധികാരം, പ്രതിഷേധം, വർഗം, സമൂഹം എന്നീ വിഭാഗത്തിലുള്ള സമകാലിക എഴുത്തുകാരുടെ 100 പുസ്തകങ്ങളാണ് ബി.ബി.സി തിരഞ്ഞെടുത്തത്. സ്വത്വബോധമുള്ള നോവലുകളുടെ വിഭാഗത്തിലാണ് ഗോഡ് ഓഫ് സ്മാൾ തിങ്സ് ഇടംനേടിയത്.
നാരായണന്റെ സ്വാമി ആൻഡ് ഫ്രണ്ട്സ് വരുംകാലത്തെ നോവലുകളുടെ കൂട്ടത്തിലും റുഷ്ദിയുടെ ദ മൂർസ് ലാസ്റ്റ് സൈ നിയമങ്ങൾ ലംഘിക്കുന്ന വിഭാഗത്തിലുമാണ്. സേത്തിന്റെ എ സ്യൂട്ടബിൾ ബോയ് കുടുംബം-സൗഹൃദം വിഭാഗത്തിൽപെട്ടതാണ്. ജെ.കെ. റൗളിങ്ങിന്റെ ഹാരി പോട്ടർ പരമ്പരയും 100 പുസ്തകങ്ങളുടെ കൂട്ടത്തിലുണ്ട്.