തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വേഗം പകരുന്ന കഴക്കൂട്ടം - കാരോട് ബൈപാസ് എന്ന വാഗ്ദാനത്തിന് നാലുവയസാകുന്നു. വാഗ്ദാനത്തിന്റെ ശൈശവദശ കഴിയാറായിട്ടും ബൈപാസ് എത്തിയിട്ടില്ല എന്നതാണ് ദയനീയം. നിർമ്മാണം ആരംഭിച്ച 2015ൽ, ദേശീയപാത അതോറിട്ടിയുടെ അവകാശവാദം 2017 നവംബറിൽ പണി പൂർത്തിയാക്കുമെന്നായിരുന്നു.
പിന്നീടത് 2019 ൽ പൂർത്തിയാക്കുമെന്നായി മാറി. എന്നാൽ ഏറ്റവുമൊടുവിലെ കണക്കുകൂട്ടലനുസരിച്ച്, 2020 മേയിൽ പൂർത്തിയാകുമെന്നാണ് പറയപ്പെടുന്നത്. ഒന്നാംഘട്ട വികസനത്തിനുണ്ടായിരുന്ന വേഗം രണ്ടാംഘട്ടത്തിനില്ല എന്നതാണ് ബൈപാസ് നിർമ്മാണത്തിൽ പൊതുവെയുണ്ടായ ആക്ഷേപം.
ബൈപാസിന്റെ ഒരറ്റമായ കഴക്കൂട്ടത്തു നിന്നു ടെക്നോപാർക്കു വരെയുള്ള എലിവേറ്റഡ് ഹൈവേ നിർമ്മാണം പുരോഗമിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, അവിടെയെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് ഒരു വണ്ടിയും അതിൽ രണ്ടു തൊഴിലാളികളെയും മാത്രം! നിർമ്മാണപ്രവർത്തനങ്ങൾക്ക് ഒച്ചിഴയുന്ന വേഗമാണെന്ന് നാട്ടുകാരുടെയും സ്ഥിരം യാത്രക്കാരുടെയും സാക്ഷ്യപത്രവുമുണ്ട്.
ആകെയുള്ള മൂന്നു കിലോമീറ്ററിൽ 1.2 കിലോമീറ്ററിലാണ് തൂണുകളുടെ നിർമ്മാണം നടക്കുന്നത്. ഈ ഭാഗത്തെ എല്ലാ തൂണുകളുടെയും നിർമ്മാണം പൂർത്തിയായിട്ടുമില്ല. അതിനു ശേഷം വേണം 50 ടൺ ഭാരം വരുന്ന ഗർഡറുകൾ സ്ഥാപിക്കാൻ.
1.8 കിലോമീറ്റർ ദൂരത്ത് ഇനിയും സർക്കാർ ഭൂമി ഏറ്റെടുത്തു നൽകിയിട്ടില്ല. കഴക്കൂട്ടം ജംഗ്ഷൻ മുതൽ സി.എസ്.ഐ മിഷൻ ആശുപത്രി വരെ ഏറ്റെടുക്കേണ്ട ഭൂമി അളന്നു കല്ലിട്ടെങ്കിലും ഉടമകൾക്ക് ഭൂമിയുടെ വില നൽകിയിട്ടില്ല. ഈ നടപടി കഴിഞ്ഞാലേ 1.8 കിലോമീറ്ററിൽ ജോലി ആരംഭിക്കൂ. ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ സി.എസ്.ഐ മിഷൻ ആശുപത്രിക്കു സമീപം വരെ 79 കോൺക്രീറ്റ് തൂണുകളിലൂടെയാണ് എലിവേറ്റഡ് ഹൈവേ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ഏറ്റവും നീളംകൂടിയ എലിവേറ്റഡ് ഹൈവേ കൂടിയാണിത്. നാല് വർഷം മുമ്പ് നാട്പാക്കിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ടെക്നോപാർക്ക് മുതൽ കഴക്കൂട്ടം വരെ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന ആശയം ഉയർന്നത്. പാത ഇരട്ടിപ്പിക്കലിൽ ഉൾപ്പെടാതിരുന്ന ഈ പദ്ധതി കഴക്കൂട്ടം-മുക്കോല പാതയിരട്ടിപ്പിക്കലിന്റെ നിർമ്മാണ ഉദ്ഘാടന സമയത്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പ്രഖ്യാപിച്ചത്. മുക്കോലയിൽ നിന്ന് കാരോട് വരെ കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപുറം, ചെങ്കൽ, കാരോട് തുടങ്ങി അഞ്ച് വില്ലേജുകളുടെ പരിധിയിലൂടെയാണ് രണ്ടാംഘട്ട ദേശീയപാത കടന്നുപോകുന്നത്.
ഈ വില്ലേജുകളിൽ നിന്നും 1760 പേരുടെ സ്ഥലങ്ങളാണ് ഇതിനായി ഏറ്റെടുത്തത്. നഷ്ടപരിഹാരത്തിനായി വകയിരുത്തിയിട്ടുള്ള 460 കോടി രൂപയിൽ 99 ശതമാനം തുക വിനിയോഗിച്ചുകഴിഞ്ഞു. രണ്ടുഘട്ടങ്ങളിലായി നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ബൈപാസിന് 669 കോടി രൂപയാണ് മുതൽമുടക്ക്. നിർമാണവുമായി ബന്ധപ്പെട്ട് ആറ്റിൻകുഴി മുതൽ കഴക്കൂട്ടം ബൈപാസ് ജംഗ്ഷൻ വരെയുള്ള നാലുവരിപ്പാത അടച്ചിട്ട് ഇരുവശത്തെ സർവീസ് റോഡുകൾ വഴിയാണ് നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്. ആറ് മാസത്തേക്കാണ് കഴക്കൂട്ടം മുതൽ മുക്കോലയ്ക്കൽ വരെയുള്ള ബൈപാസ് അടച്ചിട്ടിരിക്കുന്നത്. കഴക്കൂട്ടം ബൈപാസ് ജംഗ്ഷനിൽനിന്ന് പാലത്തിന്റെ നിർമാണം ആരംഭിക്കുമ്പോൾ സി.എസ്.ഐ ആശുപത്രിവരെയുള്ള ദേശീയപാത അടച്ചിടും.
ആദ്യ 'റിജിഡ് പേവ്മെന്റ് റോഡ് "
സംസ്ഥാനത്തെ ആദ്യ റിജിഡ് പേവ്മെന്റ് റോഡ് (കോൺക്രീറ്റ്) ഒരുങ്ങുന്നത് മുക്കോല മുതൽ കാരോട് വരെയുള്ള 16.20 കിലോമീറ്റർ ദൂരത്താണ്. ഇന്ത്യൻ റോഡ് കോൺഗ്രസ് 2016 മാനുവലിൽ നിഷ്കർഷിച്ചിട്ടുള്ള പ്രകാരമാണ് കേരളത്തിൽ ആദ്യമായി റിജിഡ് പേവ്മെന്റ് റോഡ് നിർമിക്കുന്നതെന്ന് ദേശീയ ഹൈവേ അതോറിട്ടി അധികൃതർ അറിയിച്ചു. മറ്റ് ടാർ റോഡിനെക്കാൾ ഇത്തരം റോഡിന് ഈട് കൂടുതലും വെള്ളം തങ്ങിനിന്ന് റോഡുകളിൽ കുഴിയുണ്ടാകില്ലെന്നതുമാണ് സവിശേഷത.
നിർമ്മാണം പൂർത്തിയായിടത്ത് ബൈപാസ് അടച്ചിട്ടു
കഴക്കൂട്ടം മുതൽ മുക്കോല വരെയും മുക്കോല മുതൽ കാരോട് വരെയുമുള്ള 45 കിലോമീറ്റർ റോഡാണ് രണ്ട് ഘട്ടങ്ങളായി രണ്ട് സർവീസ് റോഡുകളടക്കം ആറുവരി പാതയാക്കുന്ന നിർമ്മാണ പ്രവർത്തനം നടക്കുന്നത്. പൂർത്തിയായ റോഡുകൾ പലയിടത്തും തുറന്നുകൊടുക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. കോവളം ജംഗ്ഷനിൽ റോഡ് അടച്ചിട്ടിരിക്കുകായണ്. വാഹനങ്ങൾ അവിടെ വന്ന് സർവീസ് റോഡു വഴി പോകണം. മാസങ്ങൾക്കു മുമ്പ് ഒരു അപകടം ഉണ്ടായതോടെ നാട്ടുകാർ റോഡ് ഉപരോധിച്ചതിന് പിന്നാലെയാണ് റോഡ് അടച്ചത്. അപകടം ഒഴിവാക്കുന്നതിനായി മറ്റ് നടപടിളൊന്നും സ്വീകരിച്ചിട്ടുമില്ല.