തിരുവനന്തപുരം: ബൈപാസ് വികസനത്തിന്റെ ഭാഗമായുള്ള ചാക്ക ഫ്ളൈഓവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി. ഡിസംബർ പകുതിയോടെ ഫ്ളൈഓവർ ഉദ്ഘാടനം ചെയ്യാനാവുമെന്ന് ദേശീയപാത അതോറിട്ടി അധികൃതർ 'സിറ്റി കൗമുദി'യോട് പറഞ്ഞു. പാലത്തിന്റെ മുകൾ ഭാഗത്തുള്ള ഡെക്ക് സ്ലാബുകളുടെ അവസാന സെറ്റ് പണികളാണ് ഇപ്പോൾ നടക്കുന്നത്. കോൺക്രീറ്റ് പണികളും സമാന്തരമായി പുരോഗമിക്കുന്നു. മൂന്ന് ഡെക്ക് സ്ളാബുകൾ കൂടി സ്ഥാപിച്ചശേഷം ടാറിംഗ് ജോലികളിലേക്ക് കടക്കും.
പാലത്തിന്റെ ക്രാഷ് ബാരിയറുകളുടെ നിർമ്മാണം, തെരുവ് വിളക്ക് സ്ഥാപിക്കൽ, ബിറ്റുമിനസ് കോൺക്രീറ്റിന്റെ അവസാനപാളി തുടങ്ങിയ ജോലികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പാലം തുറന്നുനൽകുക.
കഴക്കൂട്ടം - കാരോട് ബൈപാസിലെ ഏറ്റവും നീളമേറിയ ഫ്ളൈഓവറാണ് ചാക്കയിലേത്. 1.6 കിലോമീറ്റർ നീളമുള്ള ഫ്ളൈഓവർ 63 തൂണുകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. വീതി 22 മീറ്റർ. ബൈപാസിൽ തിരക്കേറിയ ചാക്ക ജംഗ്ഷൻ കടക്കാൻ ഫ്ളൈഓവർ സഹായിക്കും.
2018 ഒക്ടോബറിലാണ് ഫ്ളൈഓവർ നിർമ്മാണത്തിനുള്ള അന്തിമ അനുമതി ലഭിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ രണ്ട് മാസത്തോളം തടസപ്പെട്ടിരുന്നെങ്കിലും കൃത്യസമയത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ ദേശീയപാത അതോറിട്ടി അധികൃതർ മുൻകൈയെടുക്കുകയായിരുന്നു.
വിമാനത്താവള ഭാഗത്തെ പ്രതിസന്ധി, ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടക്കമുള്ളവ പരിഹരിച്ചാണ് ഫ്ളൈഓവറിന്റെ നിർമ്മാണം.
ഈ മാസം തന്നെ പണി പൂർത്തിയാക്കാനാണ് ദേശീയപാത അതോറിട്ടിയും കരാറുകാരും ശ്രമിക്കുന്നത്. - ജഗൻ റെഡ്ഡി, മെറ്റീരിയൽ എൻജിനിയർ