തിരുവനന്തപുരം: നാടിന്റെ സമാധാന അന്തരീക്ഷം ഉറപ്പാക്കേണ്ട സ്പെഷ്യൽ ബ്രാഞ്ച് ക്രിമിനൽ കേസ് പ്രതികളുടെ താവളമാകുന്നു. പൊലീസിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരെ പ്രത്യേകം നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് സിറ്റി സ്പെഷ്യൽ ബ്രാഞ്ചിൽ ക്രിമിനൽ കേസ് പ്രതികളുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരിക്കുന്നത്.
ക്രിമിനൽ കേസിൽ ഉൾപ്പെടുന്ന പൊലീസുകാർക്കെതിരായ അന്വേഷണം അവസാനിക്കുന്നത് വരെ ഉദ്യോഗസ്ഥരെ ക്രമസമാധാനം, രഹസ്യാന്വേഷണം തുടങ്ങിയ സുപ്രധാന ചുമതലകൾ ഏല്പിക്കരുതെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശവും കാറ്റിൽപ്പറത്തിയാണ് സ്പെഷ്യൽ ബ്രാഞ്ചിൽ ചിലർ പിടിമുറുക്കിയിരിക്കുന്നത്. ക്രിമിനൽ കേസ് പ്രതികളായ പൊലീസുകാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പലവട്ടം മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തലസ്ഥാനത്തെ സ്പെഷ്യൽ ബ്രാഞ്ചിലെ ക്രിമിനലുകളുടെ നുഴഞ്ഞുകയറ്റം വിവാദമാകുന്നത്.
2017 ജൂണിൽ വലിയതുറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊതുവിദ്യാലയം ആക്രമിച്ചതിൽ ഒന്നാം പ്രതിയായ ജോസെന്ന പൊലീസുകാരനെ 2018ൽ സ്പെഷ്യൽ ബ്രാഞ്ചിലേക്ക് നിയമിച്ചതിനെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. കഴക്കൂട്ടം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഇയാൾക്കെതിരെ പൂന്തുറ സി.ഐയായിരുന്ന ബി.എസ്. സജികുമാർ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തി. പൊലീസുകാരനെതിരെ തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ 2017 ആഗസ്റ്റിൽ റിപ്പോർട്ട് നൽകിയെങ്കിലും നാളിതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ യാതൊരു വകുപ്പുതല നടപടികളും ഉണ്ടായില്ല. ഇതുസംബന്ധിച്ച പരാതി ലഭിച്ചതോടെ ഡി.ജി.പി സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോർട്ട് തേടി.
കമ്മിഷണറുടെ നിർദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ചതായി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഐശ്വര്യ പ്രശാന്ത് ദോംഗ്രേ വ്യക്തമാക്കി. അതേസമയം സമാനമായി മറ്റാരെങ്കിലും സ്പെഷ്യൽ ബ്രാഞ്ചിലുണ്ടോയെന്നും ഇന്റലിജൻസ് വിഭാഗം പിരിശോധിക്കുന്നുണ്ട്.
നിയമത്തെ നോക്കുകുത്തിയാക്കിയത് ഇങ്ങനെ...
പൊലീസ് ഉദ്യോഗസ്ഥൻ ഏതെങ്കിലും ക്രൈം കേസിൽ പ്രതിയായാൽ ഉടൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട പൊലീസുകാരനെതിരെ റിപ്പോർട്ട് തയ്യാറാക്കി മേലധികാരിക്ക് നൽകണമെന്നാണ് ചട്ടം. കോടതിയിൽ കേസ് ചാർജ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്നും സസ്പെൻഡ് ചെയ്തില്ലെങ്കിൽ അതിനുള്ള കാരണം ഇന്റലിജൻസ് എ.ഡി.ജി.പിയെ അറിയിക്കണമെന്നും 2011ലെ ഡി.ജി.പിയുടെ സർക്കുലറിൽ പറയുന്നു. എന്നാൽ തലസ്ഥാനത്തെ ഉന്നത സ്വാധീനമുള്ള പൊലീസുകാരന് മുന്നിൽ നിയമം നടപ്പായില്ല. കുറ്രക്കാരനാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചാൽ നടപടിയെടുക്കേണ്ടതിന് പകരം 9 മാസങ്ങൾക്ക് മുമ്പ് ഇതേ ഉദ്യോഗസ്ഥന് സ്പെഷ്യൽ ബ്രാഞ്ചിൽ നിയമനം നൽകിയെന്നതാണ് ശ്രദ്ധേയം.