തിരുവനന്തപുരം: പൊതുവഴിയിൽ പൊട്ടിമുളയ്ക്കുന്ന തട്ടുകടകളും അവിടേക്കെത്തുന്ന വാഹനങ്ങളും വഴിയാത്രികരെയും വാഹനയാത്രക്കാരെയും അപകടത്തിലാക്കുന്നു. വഴുതക്കാട് ആകാശവാണി ജംഗ്ഷനടുത്തുള്ള വളവിൽ തട്ടുകടയ്ക്ക് സമീപം അനധികൃത പാർക്കിംഗ് വർദ്ധിച്ച് അപകടത്തിന് വഴിയൊരുക്കുകയാണ്. ഡി.പി.ഐയിലേക്കു പോകുന്നവഴി ആകാശവാണി കഴിഞ്ഞുള്ള വളവിലാണ് സ്വകാര്യ വ്യക്തികൾ വാഹനം പാർക്ക് ചെയ്യുന്നത്.
ഇവിടെ പ്രവർത്തിക്കുന്ന തട്ടുകടകളിലേക്കും മറ്റും വരുന്നവരാണ് വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത് അപകടത്തിന് വഴിയൊരുക്കുന്നത്. വൈകുന്നേരങ്ങളിൽ വണ്ടികളുടെ എണ്ണവും കൂടും. വളവായതുകൊണ്ടുതന്നെ മറ്റ് വാഹനങ്ങൾക്കും കാൽനടക്കാർക്കും മുന്നിൽ നിന്നുവരുന്ന വാഹനങ്ങൾ കാണാൻ സാധിക്കില്ല. മുൻപും അപകടങ്ങൾ നടന്നിട്ടുള്ള സ്ഥലമാണിത്. കുടുംബസമേതം ഭക്ഷണം കഴിക്കാനെത്തുന്നവരാണ് അശ്രദ്ധമായി പാർക്ക് ചെയ്യുന്നത്. പലരും മണിക്കൂറുകൾക്ക് ശേഷമാണ് തിരിച്ചെത്തുക. ആട്ടോറിക്ഷ ഡ്രൈവർമാരും വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. സമീപത്തെ കടകളിൽ ജോലി ചെയ്യുന്ന സ്ത്രീകളോട് മോശമായി പെരുമാറുന്നതായും പരാതികളുണ്ട്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.