കോവളം: ടൂറിസം സീസൺ പടിവാതിൽക്കൽ നിൽക്കെ സുരക്ഷാകാര്യങ്ങളുൾപ്പെടെ പുതിയ സംവിധാനങ്ങളൊരുക്കി സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുകയാണ് കോവളം തീരം. സഞ്ചാരികൾക്ക് പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ടൂറിസം അധികൃതർ തീരുമാനിച്ചു. കോവളം തീരത്തെ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളുടെയും ചുമതലയ്ക്കായി ഡെസ്റ്റിനേഷൻ മാനേജരെ ചുമതലപ്പെടുത്തി. മുൻപ് പല തലങ്ങളിൽ കൈകാര്യം ചെയ്തിരുന്ന സുരക്ഷാക്രമീകരണങ്ങളും ദൈനംദിന സുരക്ഷാനടപടികളുടെ ഉത്തരവാദിത്വവും ഇദ്ദേഹത്തിന്റെ കീഴിലാകും.
കോവളം തീരമാകെ 24 മണിക്കൂറും സി.സി ടിവി സംവിധാനത്തിന്റെ കീഴിലാകും. ടൂറിസം സീസണിനു മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താൻ സ്ഥലമേറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി ടൂറിസം അധികൃതർ വിളിച്ചുകൂട്ടിയ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തീരത്ത് എല്ലായിടത്തും വെളിച്ചം ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളും. എടക്കൽ പാറക്കൂട്ടം പോലെ സഞ്ചാരികൾക്കു പ്രിയങ്കരങ്ങളായ സ്ഥലങ്ങളിൽ തീരസൗന്ദര്യത്തിനു മങ്ങലേല്പിക്കാതെ തന്നെ നവീകരണങ്ങൾ നടത്തും. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷാഹുൽ ഹമീദ്, പ്രോജക്ട് എൻജിനിയർ അരുൺ, ടൂറിസം ഡെസ്റ്റിനേഷൻ ഓഫീസർ പ്രേംഭാസ്, കോവളം എസ്.ഐ അനീഷ്, ടി. ബിജു, കോവളം പി. സുകേശൻ, അഹീന്ദ്രബാബു, വിജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കേരള ടൂറിസം പ്രൊട്ടക്ഷൻ ആൻഡ് ഡെവലപ്മെന്റ് കൗൗൺസിൽ, വിവിധ ഏജൻസി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.