ഓണം കഴിഞ്ഞാൽ വലിയ ചിത്രങ്ങൾ തിയേറ്ററിലെത്തുന്നത് ക്രിസ്മസിനാണ്.എന്നാൽ ഇത്തവണ ക്രിസ്മസിന് മൂന്ന് വലിയ ചിത്രങ്ങൾ മാത്രമേ തിയേറ്ററിലെത്തുന്നുള്ളു.മമ്മൂട്ടിയുടെ ഷൈലോക്കും ദിലീപിന്റെ മൈ സാന്റയും പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസും . ക്രിസ്മസിന് റിലീസ് നിശ്ചയിച്ചിരുന്ന മോഹൻലാലിന്റെ ബിഗ് ബ്രദറിന്റെയും ഫഹദ് ഫാസിന്റെ ട്രാൻസിന്റെയും ഡേറ്റ് മാറ്റിയതാണ് ക്രിസ്മസ് പോരാട്ടത്തെ ദുർബലമാക്കിയത്.യുവതലമുറയിലെ ഷെയ്ൻ നിഗത്തിന്റെ വലിയ പെരുന്നാളും ക്രിസ്മസിന് മാറ്റുരയ്ക്കാൻ എത്തുന്നുണ്ട്.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്.ഗുഡ് വിൽ എന്റർടെയ്മെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.മീനയാണ് നായിക.തമിഴ് നടൻ രാജ് കിരണും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ബൈജു സന്തോഷ്,ബിബിൻ ജോർജ്,ഹരീഷ് കണാരൻ,ഷാജോൺ,സിദ്ദിഖ് എന്നിവരാണ് മറ്റ് റോളുകളിലെത്തുന്നത്.അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ് തിരക്കഥയെഴുതിരിക്കുന്നത്.രണദിവെയാണ് കാമറ.സംഗീതം ഗോപി സുന്ദറും.തമിഴിൽ ചിത്രം കുബേരൻ എന്ന പേരിൽ റിലീസ് ചെയ്യുന്നുണ്ട്.
ദിലീപിന്റെ മൈ സാന്റ സംവിധാനം ചെയ്യുന്നത് സുഗീതാണ്.അനുശ്രീയാണ് നായിക.നിഷാദ് കോയ,അജീഷ് ഒ.കെ,സാന്ദ്ര മറിയ ജോസ്,സരിതാ സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ജെമിൻ സിറിയക്കാണ് തിരക്കഥയെഴുതുന്നത്.വിദ്യാ സാഗറാണ് സംഗീത സംവിധാനം .കിനാവള്ളിയാണ് സുഗീത് ഒടുവിൽ ചെയ്ത ചിത്രം.
പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസൻസ് സംവിധാനം ചെയ്യുന്നത് ലാൽ ജൂനിയറാണ് (ജീൻ പോൾ ലാൽ).പൃഥ്വിരാജ് പ്രൊഡക് ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സച്ചി തിരക്കഥയെഴുതുന്ന ചിത്രത്തിൽ സൂരാജ് വെഞ്ഞാറുമ്മൂടും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ദീപ്തി സതിയും മിയയുമാണ് നായികമാർ.
വമ്പന്മാരുമായി മത്സരിക്കാനെത്തുന്നത് യുവപ്രേക്ഷകരുടെ ഹരമായ ഷെയ്ൻ നിഗമാണ്.വലിയ പെരുന്നാളുമായി എത്തുന്ന ഷെയ്ന് ശക്തമായ പിന്തുണയുമായി ജോജു ജോർജും സൗബിൻ ഷാഹിറും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.മൗണ്ടൻ മാജിക് സിനിമാസിന്റെ ബാനറിൽ അൻവർ റഷീദാണ് ചിത്രം അവതരിപ്പിക്കുന്നത്.മൊനിഷാ രാജീവാണ് ചിത്രം നിർമ്മിക്കുന്നത്.ഡിമൽ ഡെന്നിസാണ് സംവിധായകൻ.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ റെക്സ് വിജയനാണ് ഗാനങ്ങൾക്ക് ഈണം പകരുന്നത്.സുരേഷ് രാജനാണ് ഛായാഗ്രാഹകൻ.
അതേ സമയം മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ റിലീസ് ജനുവരിയിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്.ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് ജനുവരി ഒടുവിലോ ഫെബ്രുവരി ആദ്യമോ തിയേറ്ററിലെത്തും.പോസ്റ്റ് പ്രൊഡക് ഷൻ ജോലികൾ പൂർത്തിയാക്കാത്തതു കൊണ്ടാണ് ഇരു ചിത്രങ്ങളുടെയും ക്രിസ് മസ് റിലീസ് മാറ്റിയത്.