ന്യൂഡൽഹി: അയോദ്ധ്യക്കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാവിലെ 10.30ന് പ്രത്യേക സിറ്റിംഗ് ചേർന്ന് വിധിപറയുക. ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. കേസിൽ വിധി പറയുന്ന പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്.
വിധി എന്തുതന്നെയാണെങ്കിലും സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിലുണ്ടാകാവുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആഹ്വാനം ചെയ്തിട്ടുണ്ട്. വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലും ജമ്മുകാശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ ഡിസംബർ 10 വരെയാണ് നിരോധനാജ്ഞ. കാസർകോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, ചന്ദേര, ഹൊസ്ദുർഗ്,കാസർകോട് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി രാജേന്ദ്രകുമാർ തിവാരിയെയും ഡി.ജി.പി ഓംപ്രകാശ് സിംഗിനെയും ഇന്നലെ ചേംബറിൽ വിളിച്ചുവരുത്തി സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി. പ്രശ്ന സാദ്ധ്യതയുള്ള മേഖലകളിൽ കനത്ത സുരക്ഷ വേണമെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. തർക്ക സ്ഥലത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടുണ്ട്. വിധി പറയുന്ന അഞ്ചംഗ ബെഞ്ചിൽ അംഗമായ ജസ്റ്റിസ് അശോക് ഭൂഷണിന്റെ യു.പി അശോക് നഗറിലെ വസതിക്കും കാവലേർപ്പെടുത്തി.പ്രശ്നസാദ്ധ്യതാ മേഖലകളിൽ ആവശ്യമായ സുരക്ഷയൊരുക്കാനും അനിഷ്ട സംഭവങ്ങളൊഴിവാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി.