red-183

​​​പുല്ലുകൾ വകഞ്ഞുമാറ്റി അവർ മെല്ലെ മുന്നോട്ടു നീങ്ങി.

ഒരു കാറ്റു വീശി...

വയലിൽ നെൽച്ചെടികൾ ഇളകുന്നതു പോലെ കഞ്ചാവുചെടികൾ ഇളകുന്നത് സി.ഐ അലിയാരും സംഘവും കണ്ടു.

അലിയാരുടെ രോഷം വർദ്ധിക്കുകയായിരുന്നു.

നാട്ടുകാരുടെ മുന്നിൽ വെള്ളക്കുപ്പായമിട്ട് വിഹരിച്ചിരുന്ന ജനസേവകൻ! ഇവന്റെയൊക്കെ തനിനിറം അറിഞ്ഞിരുന്നെങ്കിൽ ഒറ്റയാളെങ്കിലും വോട്ടുചെയ്യുമായിരുന്നോ?

''ദേവനേശാ..."

പാറകൾക്കിടയിലൂടെ താഴേക്കിറങ്ങുമ്പോൾ അലിയാർ തിരക്കി:

''എത്രപേർ കാണും അവിടെ?"

''പത്തുപന്ത്രണ്ടുപേർ ഉണ്ടാവും."

അലിയാർ അമർത്തിമൂളി.

''അവരുടെ കയ്യിൽ എന്തൊക്കെ ആയുധങ്ങൾ കാണും?"

''അതേക്കുറിച്ച് എനിക്കറിയില്ല സാർ... പക്ഷേ എന്തും ഉണ്ടാവാം."

അക്കാര്യത്തിൽ അലിയാർക്കും നിശ്ചയമുണ്ട്.

വനമാണ്.

ഇവിടെവച്ച് എന്തും ചെയ്യുവാൻ അവർ തയ്യാറാകും. ആരും അറിയില്ലെന്ന ഉറച്ച വിശ്വാസവും അവർക്കുണ്ടാവും.

മുന്നിലെത്തുന്നവരെ കൊല്ലുക എന്നതു മാത്രമാവും അവരുടെ ചിന്തയിൽ... അല്ലെങ്കിൽ കഞ്ചാവു തോട്ടത്തെക്കുറിച്ച് പുറംലോകം അറിയുമല്ലോ...

കോടികൾ കിട്ടുന്ന കഞ്ചാവുതോട്ടം ഉപേക്ഷിക്കുവാൻ അവർ തയ്യാറാവില്ലല്ലോ..

സമയം കടന്നുപോയി.

അലിയാരും സംഘവും ദേവനേശൻ പറഞ്ഞ പാറക്കൂട്ടങ്ങൾക്ക് അടുത്തെത്താറായി.

അല്പം അകലെ ഒരു വെളിച്ചം കണ്ടു...

അത് പനയോലകൊണ്ടു ഉണ്ടാക്കിയ ഷെഡ്ഡിനുള്ളിൽ ആയിരുന്നു.

അലിയാർ പെട്ടെന്നു നിന്നു.

പിന്നെ എസ്.ഐ സുകേശിനോട് ശബ്ദം താഴ്‌ത്തി.

''നമ്മൾ ഒരേ നേരത്ത് അകത്തേക്ക് പാഞ്ഞുകയറണം. പ്രതികരിക്കുവാനുള്ള അവസരം കിട്ടും മുൻപ് അവന്മാരെ കീഴടക്കിയിരിക്കണം."

''ശരി സാർ."

സുകേശ് പോലീസുകാർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകി.

ദേവനേശന്റെ ശ്വാസഗതിക്കു വേഗതയേറിത്തുടങ്ങിയിരുന്നു.

രാത്രിയാണ്!

തന്നെ തിരിച്ചറിയുവാൻ കഞ്ചാവ് തോട്ടത്തിൽ ഉള്ളവർക്കു കഴിഞ്ഞെന്നുവരില്ല.

ശത്രുവാണെന്നു കരുതി അവർ തന്നെയും ആക്രമിച്ചാൽ...

ആ സമയം പനയോലമേഞ്ഞ ഷെഡ്ഡിനുള്ളിൽ വൃത്താകൃതിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു പണിക്കാർ. അവർ ഏഴുപേർ ഉണ്ടായിരുന്നു.

ബാക്കിയുള്ളവർ തോട്ടം കാവലിനും മറ്റുമായി പോയിരിക്കുകയാണ്.

കിടാക്കന്മാർ ആ നേരം അവിടെയുണ്ടായിരുന്നില്ല.

വൈകിട്ട് അവർക്ക് ഒരു കാട്ടുപന്നിയെ കിട്ടിയിരുന്നു.

അതിന്റെ മാംസം ചുട്ടെടുത്തതും ചപ്പാത്തിയുമായിരുന്നു വിഭവങ്ങൾ... പിന്നെ വാറ്റുചാരായവും.

അടുത്ത നിമിഷം.

സമീപത്തെവിടെയോ ഒരു പാദപതന ശബ്ദം കേട്ടതുപോലെ തോന്നി അവർക്ക്.

ഒരാൾ എഴുന്നേറ്റു.

ടോർച്ചുമെടുത്ത് ഷെഡ്ഡിൽ നിന്നു പുറത്തേക്കിറങ്ങി. വെളിച്ചത്തിന്റെ കുഴൽ കണക്കെ ടോർച്ചിന്റെ പ്രകാശം നാലുപാടും പാഞ്ഞു.

ആരെയും കണ്ടില്ല. കഞ്ചാവു ചെടികൾക്കു പുറത്തുകൂടി പ്രകാശം വട്ടം ചുറ്റി.

''കേറിവാടാ...." അകത്തുനിന്ന് ഒരാൾ വിളിച്ചു പറഞ്ഞു. ''വല്ല പന്നിയോ മാനോ ആയിരിക്കും. അല്ലാതെ ജീവനിൽ കൊതിയുള്ള ആരെങ്കിലും ഇങ്ങോട്ടു വരുമോ?"

''ങാ.

മൂളി​ക്കൊണ്ട് അയാൾ ഷെഡ്ഡി​നുള്ളി​ലേക്കു തി​രി​ഞ്ഞു.

ആ സെക്കന്റി​ൽ പി​ന്നി​ൽ നി​ന്നു രണ്ട് കൈകൾ നീണ്ടുവന്നു.

ഒന്ന് മുഖത്തി​നു മീതെയും അടുത്തത് അരക്കെട്ടി​ലും അമർന്നു.

നീരാളി​പ്പി​ടുത്തം പോലെയായി​രുന്നു അത്.

അയാൾക്കു കുതറാനോ ശബ്ദി​ക്കാനോ പോലും കഴി​ഞ്ഞി​ല്ല.

ശക്തി​യി​ൽ അയാളുടെ കഴുത്ത് ഒരു വശത്തേക്കു തി​രി​യപ്പെട്ടു.

'ടക്' എന്നൊരു ശബ്ദം.

തന്റെ സ്വബോധം മറയുന്നതുപോലെ തോന്നി അയാൾക്ക്.

സി.ഐ അലിയാർ അയാളെ അവിടെത്തന്നെ കിടത്തി. പിന്നെ എസ്.ഐ സുകേശിന്റെ തോളിൽ തട്ടി.

അതൊരടയാളമായിരുന്നു.

ഷെഡ്ഡിന് പിൻഭാഗം പാറക്കൂട്ടമായിരുന്നു.

പൊലീസ് സംഘം അർദ്ധവൃത്താകൃതിയിൽ അവിടെ നിരന്നു. ശേഷം ഒറ്റ കുതിപ്പ്. അകത്തേക്ക്....

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ ഞെട്ടിത്തിരിഞ്ഞു.

അവർക്ക് എഴുന്നേൽക്കുവാൻ പോലും കഴിഞ്ഞില്ല...

ഭക്ഷണത്തിനു മുകളിലേക്ക് ഒരു ചാക്കുകെട്ടു കണക്കെ ദേവനേശൻ വന്നുവീണു.

ഭക്ഷണവും മദ്യക്കുപ്പിയുമൊക്കെ ചിതറിത്തെറിച്ചു.

''സാറേ...."

ഒരുവന്റെ കണ്ഠത്തിൽ നിന്ന് അസ്പഷ്ടമായ ശബ്ദം പുറത്തുവന്നു.

ആ സെക്കന്റിൽ അയാളുടെ മുടിയിൽ പിന്നിൽ നിന്ന് അലിയാർ കുത്തിപ്പിടിച്ചു.

പിസ്റ്റൾ കുഴൽ കഴുത്തിൽ അമർത്തിയിട്ട് ഗർജ്ജിച്ചു.

''ഒറ്റയൊരുത്തൻ അനങ്ങരുത്. അനങ്ങിയാൽ... ആദ്യത്തെ ബുള്ളറ്റ് ഇവന്റെ കഴുത്തു തുളഞ്ഞ് അപ്പുറം കടക്കും."

സകലരും സ്തബ്ധരായി...

അലിയാർ ചിരിയോടെ ചുറ്റും നോക്കിക്കൊണ്ട് അടുത്ത കൽപ്പന പുറപ്പെടുവിച്ചു.

''കിടാക്കന്മാരേ... ഒളിച്ചിരുന്നിട്ട് കാര്യമില്ല. ഇറങ്ങിവന്നോ.. സർക്കാരിന്റെ സ്റ്റീൽകാപ്പ് അണിയിച്ച് നിങ്ങളെ ആനയിക്കുവാൻ വന്നിരിക്കുകയാണ് ഞങ്ങൾ..."

മറുപടി ഉണ്ടായില്ല.

അവിടെ കനത്ത നിശ്ശബ്ദത പരന്നു.

(തുടരും)