ന്യൂഡൽഹി: സിഖ് ജനതയുടെ ദീർഘനാളത്തെ ആഗ്രഹം സഫലമായി, കർതാർപൂർ ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. അതോടൊപ്പം ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് മോദി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നന്ദി പറയുകയും ചെയ്തു. അഞ്ഞൂറോളം ഇന്ത്യൻ തീർഥാടകരുടെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിയാസിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കർതാർപൂർ ഇടനാഴി രാജ്യത്തിനായി സമർപ്പിക്കാനുള്ള ഭാഗ്യമുണ്ടായി' ഗുരുദാസ്‌പൂർ ഗുരുദ്വാരയിൽവച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഗുരുനാനാക്കിന്റെ ദർശനങ്ങൾ ഉൾക്കൊള്ളാൻ നമ്മൾ പ്രതിജ്ഞാബന്ധരാണെന്നും മോദി വ്യക്തമാക്കി. ദുരു നാനാ ദേവിന്റെ 550ാം ജന്മവാർഷികത്തിന് മുമ്പ് കാർതാർപൂർ ഇടനാഴി തുറക്കാൻ സാധിച്ചത് വളരെയധികം സന്തോഷം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർതാപൂർ ഇടനാഴി തുറക്കുന്നത് സാധ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, അകാലിദളിന്റെ സമുന്നതനായ നേതാവ് പ്രകാശ് സിംഗ് ബാദൽ എന്നിവർ നേരത്തെ പ്രശംസിച്ചിരുന്നു.മോദിയും ഇമ്രാൻ ഖാനും പ്രത്യേകമായി അതാത് രാജ്യങ്ങളിലെ അതിർത്തി പാത ഉദ്ഘാടനം ചെയ്ത. ഗുരു നാനാക് ദേവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ കർതാർപൂരിൽ നടക്കുന്നുണ്ട്. പഞ്ചാബിലെ ഗുർദാസ്പൂർ ജില്ലയിലെ ഗുരുനാനാക്ക് ദ്വാരയിൽ നിന്നും ഇന്ത്യാ-പാക് അതിർത്തി കടന്നാൽ ഇപ്പോൾ നിർമ്മിച്ച ഇടനാഴി വഴി നാലുകിലോമീറ്റർ ദൂരം മാത്രമേ കർതാർപൂർ ഗുരുദ്വാരയിലേക്കുള്ളൂ.
ഗുരു നാനാക്ക്, അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന പതിനെട്ട് വർഷങ്ങൾ ചിലവിടുകയും, ജീവിതാന്ത്യം ഉണ്ടായതും ഈ ഗുരുദ്വാര നിൽക്കുന്ന സ്ഥലത്തായിരുന്നു. അദ്ദേഹം ജീവൻ വെടിഞ്ഞത്. പട്ട്യാല മഹാരാജാവായിരുന്ന സർദാർ ഭൂപീന്ദർ സിംഗാണ് നാനാക്കിന്റെ സ്മരണ നിലനിറുത്താൻ 1925ൽ കർതാർപൂർ സാഹിബ് എന്നും അറിയപ്പെടുന്ന ദർബാർ സാഹിബ് പണി കഴിപ്പിച്ചത്. മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ യഥാർത്ഥ പകർപ്പുകളിലൊന്ന് ഈ ഗുരുദ്വാരയിൽ ഇപ്പോഴും സൂക്ഷിക്കുന്നുവെന്ന് തീർത്ഥാടകർ വിശ്വസിക്കുന്നു.
എല്ലാ വർഷവും ഗുരുനാനാക്കിന്റെ ജയന്തി അഘോഷവേളയിൽ ഇന്ത്യയിൽ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സുരക്ഷാ-കസ്റ്റംസ് പരിശോധനകളുടെ നൂലാമാലകളും കടമ്പകളും കടന്ന് 125 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ച് അമൃത്സർ-ലാഹോർ വഴി ഈ ഗുരുദ്വാരയിൽ തീർത്ഥാടനത്തിനായി എത്തുന്നത്.