തിരുവനന്തപുരം: ബാങ്കുകളിൽ പണം പിൻവലിക്കാൻ ഉപയോഗിക്കുന്ന ലൂസ് ലീഫിന് പണം ഈടാക്കി ബാങ്കുകൾ. ഒരു ലീഫിന് 25 മുതൽ 60 രൂപ വരെയാണ് ബാങ്കുകൾ ഈടാക്കുന്നത്. അക്കൗണ്ടുടമകൾക്ക് പണം പിൻവലിക്കാനായി നൽകുന്ന ലൂസ് ലീഫിന് ഇതുവരെ അക്കൗണ്ട് നമ്പർ നൽകി ഇതിനുള്ള പുസ്തകത്തിൽ ഒപ്പിട്ടു നൽകിയാൽ മതിയായിരുന്നു. ഇതിന് പണമീടാക്കിയിരുന്നില്ല. രണ്ടുമാസം മുൻപുവന്ന തീരുമാനമാണ് ബാങ്കുകൾ ഇപ്പോൾ നടപ്പിലാക്കിത്തുടങ്ങിയത്. പുതിയ തീരുമാനമറിയാതെ ബാങ്കുകളിൽ എത്തുന്ന ഉപഭോക്താക്കളും ബാങ്ക് ജീവനക്കാരും തമ്മിൽ തർക്കം പതിവാകുന്ന കാഴ്ചയാണ് കാണാനാവുന്നത്.
ബാങ്കുകളുടെ പുതിയ പരിഷ്കാരത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. അച്ചടിക്കാൻ ചെലവു കുറഞ്ഞ ചെക്ക് ലീഫുകൾക്ക് ഇത്രയും പണം ഈടാക്കുന്നത് അനീതിയാണെന്നാണ് ഇടപാടുകാർ പറയുന്നത്. നേരത്തെ സൗജന്യമായി നൽകിയിരുന്ന ചെക്ക് ബുക്കുകൾക്ക് പിന്നീട് പണമീടാക്കിത്തുടങ്ങിയെങ്കിലും പത്തോ ഇരുപതോ ലീഫുള്ളതിന് നൂറുരൂപയിൽ താഴെയാണുള്ളത്. അതേസമയം ഇടപാടുകാർ ചെക്ക് ബുക്ക് എടുക്കാതെ വന്ന് ലൂസ് ലീഫ് വാങ്ങുമ്പോഴാണ് പണമീടാക്കുന്നതെന്നും ചെക്ക് ബുക്ക് വാങ്ങാത്തവർക്ക് ഇപ്പോഴും സൗജന്യമാണെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്.
എന്നാൽ ചില ബാങ്കുകൾ ചെക്ക് ലീഫ് വാങ്ങിയവർക്ക് 60 രൂപയും ചെക്ക് ലീഫ് വാങ്ങാത്തവർക്ക് 25 രൂപയും ഈടാക്കുന്നുണ്ടെന്ന് ഇടപാടുകാർ പറയുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖകളിൽ 25 രൂപയും ജി.എസ്.ടിയും ഈടാക്കുന്നുണ്ടെന്ന് ഇടപാടുകാരെ അറിയിക്കാനായി ബോർഡ് എഴുതിവച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് ബാങ്കും എസ്.ബി.ഐ.യും ഇതുവരെ നിരക്ക് ഈടാക്കി തുടങ്ങിയിട്ടില്ല. പഞ്ചാബ് നാഷണൽബാങ്കും നിരക്ക് ഈടാക്കാനാരംഭിച്ചിട്ടുണ്ട്. എസ്.ബി.ഐ.യിൽ ഇത്തരം സ്ലിപ് ഉപയോഗിച്ച് 50,000ത്തിൽ കൂടുതൽ തുക പിൻവലിക്കാനാവില്ലെന്ന നിബന്ധന വച്ചിട്ടുണ്ട്.