മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവച്ച നടൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്നെക്കാണാൻ ഓഫീസിലെത്തിയ മമ്മൂട്ടിയെ ഷെയ്ക്ക് ഹാൻഡ് നൽകി സ്വീകരിക്കുന്ന ചിത്രമാണ് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വൺ' എന്ന തന്റെ പുതിയ ചിത്രത്തിൽ കേരള മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേയാണ് താരം മുഖ്യമന്ത്രിയെക്കാണാൻ ഇന്ന് രാവിലെ ഓഫീസിലെത്തിയത്. സിനിമയിൽ കടയ്ക്കൽ ചന്ദ്രനെന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കഴിഞ്ഞവർഷം യാത്ര എന്ന സിനിമയിൽ ആന്ധ്രമുഖ്യമന്ത്രിയായിരുന്ന വൈ.എ.സ് രാജശേഖര റെഡ്ഢിയായിട്ടായിരുന്നു താരം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
'ശ്രീ മമ്മൂട്ടി ഓഫീസിൽ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു സൗഹൃദ സന്ദർശനം'-എന്ന് ചിത്രത്തിനൊപ്പം മുഖ്യമന്ത്രി കുറിച്ചു. ഇരുവരുടെയും മുഖത്തെ പുഞ്ചിരിയെ ഇരു കൈയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്.
ജീവിതത്തിൽ നാട്യങ്ങളില്ലാത്ത രണ്ട് അഹങ്കാരികളുടെ സന്ദർശനം എന്ന് പറയൂ സഖാവെ ലാൽസലാം, ജനനായകനും മഹാനടനും ആശംസകൾ, ഒരുപാടു ഇഷ്ട്ടമുള്ള രണ്ടു "മഹത്‌വ്യക്തികൾ "ഒരുമിച്ചു ഒന്നിച്ചു ചേർന്ന് കാണാൻ സാധിച്ചു, രണ്ടാളുടെയും പ്രത്യേകത ജീവിതത്തിൽ അഭിനയമില്ല എന്നതാണ്....എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.