ന്യൂഡൽഹി: അയോദ്ധ്യ വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിലേന്ത്യാ മജ്‌ലിസ്-ഇ- ഇത്തിഹാദുൽ മുസ്‌ലീമീൻ(എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. അയോദ്ധ്യയിലെ തർക്കസ്ഥലത്ത് രാമക്ഷേത്രം പണിയാമെന്നും പകരം മുസ്ലീങ്ങൾക്ക് അഞ്ച് ഏക്കർ നൽകണമെന്നുമുള്ള ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ വിധി പ്രസ്താവനയ്ക്കെതിരായാണ് ഒവെെസിയുടെ പ്രതികരണം. വിധിയിൽ തനിക്ക് തൃപ്തിയില്ലെന്നും സംഭാവനയായി മുസ്ലീംഗങ്ങൾക്ക് ഭൂമി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”സുപ്രീം കോടതി വിധിയിൽ തൃപ്തനല്ല. സുപ്രീംകോടതി തീർച്ചയായും പരമോന്നതമാണ്. എന്ന് വച്ച് തെറ്റുപറ്റിക്കൂട എന്നില്ല. ഞങ്ങൾക്ക് ഭരണഘടനയിൽ പൂർണ വിശ്വാസമുണ്ട്. ഞങ്ങളുടെ അവകാശത്തിനായി പോരാടുകയായിരുന്നു. ഞങ്ങൾക്ക് സംഭാവനയായി അഞ്ച് ഏക്കർ ഭൂമിയുടെ ആവശ്യമില്ല. ഈ ഓഫർ നിരസിക്കണം. നിങ്ങൾ ഞങ്ങങ്ങളെ സഹായിക്കേണ്ടതില്ല”-ഒവെെസി പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം നീണ്ടുപോയ വിധിയാണിത്. അയോദ്ധ്യ തർക്കഭൂമിയുടെ അവകാശം ഹിന്ദുക്കൾക്ക് നൽകിക്കൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. തർക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം നിർമിക്കാനുള്ള ട്രസ്റ്റിന് മൂന്നുമാസത്തിനകം രൂപം നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബാബറി മസ്ജിദിനെ സംരക്ഷിക്കുന്നതിൽ കോൺഗ്രസിന് വീഴ്ചപറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
”കോൺഗ്രസ് അവരുടെ യഥാർത്ഥ നിറം പുറത്തു കാണിച്ചു. കോൺഗ്രസിന്റെ വഞ്ചനയ്ക്കും കാപട്യത്തിനു തെളിവാണിത്. 1949ൽ പള്ളിക്കകത്ത് വിഗ്രഹങ്ങൾ സ്ഥാപിച്ചു. രാജീവ് ഗാന്ധി അന്ന് ആ പൂട്ടുകൾ തുറന്നില്ലായിരുന്നുവെങ്കിൽ മസ്ജിദ് ഇപ്പോഴും അവിടെ ഉണ്ടാകുമായിരുന്നു. നരസിംഹറാവു തന്റെ ചുമതലകൾ നിർവഹിച്ചിരുന്നുവെങ്കിൽ മസ്ജിദ് ഇന്നും ഉണ്ടാകുമായിരുന്നെന്നും ഒവെെസി വിമർശിച്ചു.