ന്യൂഡൽഹി: അയോദ്ധ്യകേസിലെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് രംഗത്തെത്തി. ദശകങ്ങൾ നീണ്ട കേസിന് ഉചിതമായ പരിസമാപ്തിയാണ് ഉണ്ടായിരിക്കുന്നതെന്ന് മോഹൻ ഭഗവത് പറഞ്ഞു. വിധി ഒരിക്കലും വിജയമോ പരാജയമോ അല്ല. സമൂഹത്തിൽ സമാധാനം നിലനിർത്താനുള്ള എല്ലാവരുടെ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു. വിധി പുറത്തുവന്നതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രം നിർമ്മിക്കാനായി എല്ലാവരും ഒന്നിക്കേണ്ട സമയമാണിത്. കഴിഞ്ഞു പോയ കാര്യങ്ങൾ എല്ലാവരും മറക്കണം. നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. എല്ലാവർക്കും ഞങ്ങൾ നന്ദി പറയുന്നു. സഹായിച്ചവരും ജീവൻ ബലിയർപ്പിച്ചവരുമായ എല്ലാവരോടും ഞങ്ങൾ നന്ദി പറയുന്നു. വിധിയെ വിജയമോ പരാജയമോ ആയി നാം കാണരുത്' അദ്ദേഹം പറഞ്ഞു.
നടപടിക്രമങ്ങൾക്കനുസൃതമായി കാര്യങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു, അത് സംഭവിച്ചു. കേസിന്റെ എല്ലാ വശങ്ങളും വിലയിരുത്തുകയും സത്യവും നീതിയും ഉയർത്തിക്കാട്ടുകയും ചെയ്തു,- മോഹൻ ഭഗവത് വ്യക്തമാക്കി. പതിവിലും വിവരീതമായി മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകാനും തയ്യാറായി.