ന്യൂഡൽഹി: ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ അയോദ്ധ്യ കേസിലെ വിധി കൊണ്ട് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തർക്ക ഭൂമിയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന സുപ്രീം കോടതിവിധി ആരുടെയും വിജയവും പരാജയവും ആയി കാണരുതെന്നും സമാധാനവും ഒരുമയും ജയിക്കട്ടയെന്നും മോദി കൂട്ടിച്ചേർത്തു. വിധി വന്നതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
കോടതി വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണാൻ പാടില്ല. രാമ ഭക്തിയും റഹിം ഭക്തിയും ഉണ്ടായിരിക്കുമ്പോൾത്തന്നെ രാഷ്ട്ര ഭക്തിയെയും ശക്തിപ്പെടുത്തേണ്ടതുണ്ട്. സമാധാനവും ഒരുമയും ജയിക്കട്ടെ'. ഏതുവിധത്തിലുള്ള തർക്കങ്ങളും നിയമത്തിന്റെ മാർഗത്തിലൂടെ സൗഹാർദപൂർവം പരിഹരിക്കാമെന്നതിന് തെളിവാണ് സുപ്രീം കോടതി വിധി. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യവും സുതാര്യതയും ദീർഘവീക്ഷണവും എടുത്തുകാട്ടുന്നതാണ് ഈ വിധി. സമാധാനപൂർവമായ സഹവർത്തിത്വം നിലനിർത്താനുള്ള ഇന്ത്യൻ ജനതയുടെ സഹജമായ പ്രതിജ്ഞാബദ്ധതയാണ് കോടതിവിധിയെത്തുടർന്ന് കാണുന്നതെന്നും മോദി ട്വീറ്റിൽ പറഞ്ഞു.
രാജ്യം കാത്തിരുന്ന ചരിത്ര വിധി ഇന്ന് രാവിലെ 10.30ഓടെയാണ് പുറത്തുവന്നത്. തർക്കം നിലനിൽക്കുന്ന ഭൂമിയിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. അയോദ്ധ്യ തർക്ക ഭൂമിക്ക് സമീപം പള്ളി നിർമ്മിക്കാനായി മുസ്ലീങ്ങൾക്ക് അഞ്ചേക്കർ ഭൂമി കേന്ദ്ര സർക്കാർ നൽകണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു. രാമക്ഷേത്രം നിർമ്മിക്കുന്നതിനായി രൂപീകരിക്കുന്ന ട്രസ്റ്റിൽ നിർമോഹി അഖാഡയെ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ നിർമോഹി അഖാഡയ്ക്ക് നടത്തിപ്പ് അവകാശം മാത്രമേ ഉള്ളൂവെന്നും ആചാരപരമായ അവകാശങ്ങളൊന്നും അവർക്കില്ലെന്നും കോടതി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. നിർമോഹി അഖാഡയുടെ ഹർജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.