ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സുപ്രീം കോടതി ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച അയോദ്ധ്യ വിധി 1045 പേജാണുള്ളത്. വിധിയിൽ ഗുരുവായൂർ ക്ഷേത്രത്തെ കുറിച്ചും സുപ്രീം കോടതി പരാമർശമുണ്ട്. ഗുരുവായൂരുമായി ബന്ധപ്പെട്ട് 1993ൽ നടന്ന ഒരു കേസാണ് സുപ്രീം കോടതി വിധിയിൽ പരാമർശിച്ചിട്ടുള്ളത്. ക്ഷേത്രത്തെ നിയമവിധേയമായ ഒരു വ്യക്തിയായി കരുതാനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് ഭരണഘടന ബെഞ്ച് പരാമർശിച്ചത്.
ഗുരുവായൂർ ക്ഷേത്രത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകൻ സി.കെ രാജൻ നൽകിയ കേസിലെ സുപ്രീം കോടതി വിധിയാണ് ഭരണഘടനാ ബെഞ്ച് ഉദ്ധരിച്ചത്. ക്ഷേത്രത്തിന് സ്വന്തം ഭരണഘടനയും നടപടിക്രമവും ഉണ്ടെങ്കിലും ഹൈക്കോടതിക്കും സുപ്രീം കോടതിക്കും ഇടപെടാം എന്നായിരുന്നു 1993ൽ നൽകിയ കേസിലെ സുപ്രീം കോടതി വിധി. സർക്കാരിന്റെ ഭാഗത്തു നിന്നും ആർട്ടിക്കിൾ 25,26 നൽകുന്ന മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്ന് തോന്നിയാൽ പൊതുതാത്പര്യ ഹർജി വഴി ഭക്തർക്ക് ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ സമീപിക്കാമെന്ന് അന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. അയോദ്ധ്യ വിധിയുടെ 204,205 എന്നീ പേജുകളിലാണ് ഗുരുവായൂർ ക്ഷേത്രത്തെ കുറിച്ച് പരാമർശിക്കുന്നത്.
നിയമവിധേനായ ഒരു വ്യക്തിക്കെതിരെ കേസുകൾ നടത്തുന്നതപോലെ ക്ഷേത്രങ്ങൾക്കെതിരെയും കേസുകൾ നടത്താമെന്ന് ജസ്റ്റിസ് എസ്.ബി സിൻഹ പറഞ്ഞിരുന്നു. എന്നാൽ ക്ഷേത്രത്തെ നിയമവിധേയമായ വ്യക്തിയായി കണക്കാക്കാം എന്ന് ജസ്റ്റിസ് സിൻഹ വിധിച്ചിട്ടില്ലെന്നാണ് അയോദ്ധ്യ വിധിയിൽ ഭരണഘടനാ ബെഞ്ചിന്റെ കണ്ടത്തൽ. വ്യക്തികൾക്കുള്ള എല്ലാ നിയമവും ക്ഷേത്രത്തിന് ബാധകമാകണം എന്ന് നിർബന്ധമില്ലെന്ന വാദവും വിധിയിൽ എടുത്തെഴുതിയിട്ടുണ്ട്.