'രാത്രി കനക്കുമ്പോൾ, വഴികളിൽ ഇരുട്ട് പരക്കുമ്പോൾ ഞാൻ വെളിച്ചമായി മാറും"... അല്ലാമാ ഇക്ബാലിന്റെ ഈ വരികളാണ് യാസർ അറാഫത്ത് എന്ന മഹാമേരുവിനെക്കുറിച്ചോർമിക്കുമ്പോൾ എന്റെ മനസിലേക്ക് കടന്ന് വരുന്നത്.
അദ്ദേഹം ഓർമയായിട്ട് ഇന്ന് പതിനഞ്ച് വർഷം തികയുകയാണ്. ചേരിചേരാ രാഷ്ട്രങ്ങളിലെ യുവജന സംഘടനകളുടെ സെക്രട്ടറി ജനറലിന്റെ ചുമതല വഹിച്ച കാലത്താണ് പാലസ്തീൻ വിമോചന പ്രസ്ഥാനത്തിന്റെ ഇതിഹാസ നായകനെ ഞാൻ അടുത്ത് പരിചയപ്പെടുന്നത്. 1990 ൽ ഡൽഹിയിൽ നടന്ന സംഘടനയുടെ ഉച്ചകോടിയിൽ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തിരുന്നു. നിറഞ്ഞ കരഘോഷങ്ങളോടെ അന്ന് സമ്മേളന പ്രതിനിധികൾ അതുല്യനായ സമരനായകന്റെ വാക്കുകൾ സ്വീകരിക്കുന്ന കാഴ്ച ഇപ്പോഴും എന്റെ കൺമുന്നിലുണ്ട്. അന്ന് ആ വേദിയിൽ വച്ച് നിറഞ്ഞ മനസോടെ അദ്ദേഹം എന്നോട് പറഞ്ഞു ,
'ഇന്ത്യയാണ് എന്റെ പ്രതീക്ഷ, പാലസ്തീൻ ജനതയുടെ പ്രതീക്ഷ, ഇന്ത്യൻ യുവത ഞങ്ങളുടെ ഒപ്പമുണ്ടെന്ന് കാണുമ്പോൾ നാളെയെപ്പറ്റിയുള്ള എന്റെ പ്രതീക്ഷകൾ കൂടുതൽ നിറങ്ങളുള്ളതാകുന്നു" .
അന്നത്തെ യുവത്വമാണ് ഇന്നത്തെ നേതൃത്വം. നമ്മൾ പാലസ്തീനോട് നീതി കാണിച്ചോ? എന്നെന്നും ഇന്ത്യയെ തന്റെ പ്രചോദനമായി കണ്ട യാസർ അരാഫത്ത് എന്ന വിമോചന നായകനോട് നീതി പുലർത്താൻ നമുക്ക് കഴിഞ്ഞോ? തിരിഞ്ഞ് നോക്കുമ്പോൾ എനിക്കുള്ള സംശയങ്ങളാണിത്. പാരതന്ത്ര്യത്തിൽ നിന്നും, അടിമത്വത്തിൽ നിന്നുമുള്ള ഒരു മനുഷ്യന്റെ ഉയർത്തെഴുന്നേൽപ്പ് പോലും മാനവരാശിയുടെ ഉയിർത്തെഴുന്നേൽപ്പായി കണ്ട ഒരു തലമുറയുടെ പ്രതിനിധികളാണ് നമ്മളെല്ലാവരും. പക്ഷേ ഇന്ന് അതൊന്നും നമ്മളെ ത്രസിപ്പിക്കുന്നില്ല. ലോകത്തെ കോടിക്കണക്കായ മനുഷ്യർ തങ്ങളുടെ നിലനിൽപ്പിനായി നടത്തുന്ന പോരാട്ടങ്ങളോട് പഴയവേഗതയിലും കരുത്തിലും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും നമുക്ക് കഴിയുന്നില്ല.
അനുദിനം തീവ്രവലതുപക്ഷത്തേക്ക് നീങ്ങുന്ന ഒരു ലോകത്താണ് ഇന്നു നാം ജീവിക്കുന്നത്. യാസർ അരാഫത്തിനെപ്പോലുള്ള ഒരു ലോക നേതാവിന്റെ അഭാവം ഇതിന് ആക്കം കൂട്ടുന്നു.
എല്ലാവരെയും ഉൾക്കൊള്ളുകയും, ലോകത്തെ അടിച്ചമർത്തപ്പെടുന്ന എല്ലാ മനുഷ്യരോടും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും, അവയുടെ വിമോചന പോരാട്ടങ്ങളെ സർവാത്മനാ പിന്തുണക്കുകയും ചെയ്ത നെഹ്റുവിന്റെയും, ഇന്ദിരയുടെയും ഇന്ത്യയാണ് അരാഫത്തിന്റെ പ്രതീക്ഷകൾക്ക് നിറം നൽകിയത്. എന്നാൽ ആ ഇന്ത്യയെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാനുളള ശ്രമമാണ് മോദിയുടെ നേതൃത്വത്തിൽ സംഘപരിവാർ സർക്കാർ നടത്തുന്നത്.
പാലസ്തീൻ ജനതയോട് ആദ്യം ഉള്ളുതുറന്ന് ഐക്യദാർഢ്യം പ്രകടിപ്പിച്ച രാജ്യം ഇന്ത്യയായിരുന്നു. 1969 ൽ യാസർ അരാഫത്തിന്റ നേതൃത്വത്തിൽ പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപീകരിച്ചപ്പോൾ മുതൽ ഇന്ത്യ എല്ലാ സഹായ സഹകരണങ്ങളും അതിന് നൽകിയിരുന്നു. 1975 ൽ തന്നെ ഡൽഹിയിൽ പി.എൽ.ഒയ്ക്ക് ഓഫീസ് തുടങ്ങാൻ നമ്മൾ അനുവാദം നൽകി.
അറബ് രാഷ്ട്രങ്ങൾക്ക് പുറത്ത് പാലസ്തീനെ അംഗീകരിച്ച ആദ്യരാജ്യമാണ് ഇന്ത്യ. 1980 മുതൽ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് കൊണ്ട് അവരുമായി പൂർണ നയതന്ത്ര ബന്ധങ്ങൾ പുലർത്തുകയും ചെയ്തു. 1983 ൽ ഡൽഹിയിൽ നടന്ന ചേരിചേരാ രാഷ്ട്രങ്ങളുടെ ഏഴാമത് ഉച്ചകോടിയിൽ യാസർ അരാഫത്ത് പാലസ്തീൻ രാഷ്ട്രത്തലവനെന്ന നിലയിൽ പങ്കെടുക്കുകയും ചെയ്തു. ഏത് പ്രയാസത്തിലും പ്രതിസന്ധികളിലും തനിക്ക് ഓടിയെത്താൻ കഴിയുന്ന ഇടമായി യാസർ അരാഫത്ത് ഇന്ത്യയെ കരുതി. സംസാരിക്കാൻ കഴിഞ്ഞ അവസരങ്ങളിലൊക്കെയും ഇന്ത്യൻ സമൂഹം തന്റെ രാജ്യത്തിനും ജനതയ്ക്കും നൽകുന്ന കലവറയില്ലാത്ത പിന്തുണയിൽ അദ്ദേഹത്തിനുള്ള അനൽപ്പമായ സന്തോഷവും, നന്ദിയും എനിക്ക് ബോദ്ധ്യപ്പെട്ടിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയിൽ 1950 കൾ മുതലേ പാലസ്തീൻ ജനതയ്ക്ക് വേണ്ടി നിലകൊണ്ടിരുന്നു. 2007 നവംബർ മാസത്തിൽ ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ പാലസ്തീൻ ജനതയോടുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം അചഞ്ചലമാണെന്ന് പ്രഖ്യാപിച്ചു.
ഇന്ത്യ പാലസ്തീൻ ബന്ധങ്ങളിലെ നാഴികക്കല്ലാണ് ആ പ്രമേയം. എന്നാൽ മോദി സർക്കാരാകട്ടെ സാമ്രാജ്യത്വത്തിന്റെ ദാസൻമാരായി സ്വയം പ്രഖ്യാപിച്ച് കൊണ്ട് ഇസ്രായേലിന്റെ മാത്രം ഉറ്റചങ്ങാതിയായി മാറുകയും, ഐക്യരാഷ്ട്ര സഭയിലുൾപ്പെടെ വലതു സയണിസ്റ്റ് നിലപാടുകളോട് ചേർന്ന് നിൽക്കുകയും ചെയ്തു. സമാനതകളില്ലാത്ത വിപ്ലവനായകന്റെ പതിനഞ്ചാം ചരമവാർഷികം അതിനുള്ള പ്രതിജ്ഞയുടെ അവസരം കൂടിയാകട്ടെ.