
ഒരു കാറ്റ് വീശുന്നതും ചൂട് പടരുന്നതും മഴ പെയ്യുന്നതും വെയിൽ പരക്കുന്നതും ഇടി മുഴങ്ങുന്നതും എപ്പോഴെല്ലാം വേണമെന്നു മനുഷ്യന് നിശ്ചയിക്കാനാവില്ല. ആരുടെയെല്ലാം അധീനതയിലുള്ള പ്രദേശങ്ങളിലാണ് ഇവയൊക്കെ ഉണ്ടാകേണ്ടതെന്നോ ഉണ്ടാകാതിരിക്കേണ്ടതെന്നോ നിശ്ചയിക്കാനും മനുഷ്യനാവില്ല. കാരണം കാറ്റും ചൂടും മഴയും വെയിലും ഇടിയുമൊക്കെ പ്രകൃതിയുടെ ഉള്ളം കൈയിലിരിക്കുന്ന കാര്യങ്ങളാണ്. എങ്കിലും മണ്ണിനും വിണ്ണിനും അതിരും വിലയും കല്പിക്കാൻ മനുഷ്യൻ വ്യഗ്രത കാട്ടിയതോടെ പ്രകൃതിയുടെ സർവസ്വാതന്ത്ര്യത്തിനു മേൽ അവൻ അവന്റെ സ്വാതന്ത്ര്യത്തിന്റെ കൊടികൾ നാട്ടി. അന്നു മുതൽ ഇതു എന്റേത് അതു നിന്റേത് എന്ന തരംതിരിവിന്റെ വ്യവഹാരവും നടപ്പിലായി. ഈ വ്യവഹാരം മനുഷ്യൻ വ്യാപരിക്കുന്ന എല്ലാ ലൗകിക മണ്ഡലങ്ങളിലേക്കും പടർന്നു കയറിയപ്പോൾ തർക്കം സുലഭമായി. തർക്കം സുലഭമായപ്പോൾ പ്രതിരോധവും യുദ്ധവും ആയുധങ്ങളും അതിന്റെ ഭാഗമായിത്തീർന്നു.
ഇന്നു തർക്കമില്ലാത്തൊരിടം ലോകത്ത് വിരളമായിരിക്കുന്നു. ആചാരങ്ങളും ആരാധനാസമ്പ്രദായങ്ങളും വിശ്വാസങ്ങളും മതപ്രമാണങ്ങളും പ്രത്യയശാസ്ത്രങ്ങളും ദൈവസങ്കല്പങ്ങളുമെല്ലാം തന്നെ ഈ തർക്കവിതർക്കങ്ങളിൽപ്പെട്ടുഴലുകയാണ്. അധികാരവും അവകാശവുമാണ് തർക്കത്തിന്റെ രണ്ടറ്റങ്ങൾ. ഈ രണ്ടറ്റങ്ങളെയും തമ്മിൽ യോജിപ്പിക്കുന്നതാവട്ടെ രാഗദ്വേഷങ്ങളാണ്. അതുകൊണ്ടുതന്നെ ഇവകൾ എന്നു ഭേദിക്കപ്പെടുമോ അന്നേ മനുഷ്യർക്കിടയിൽ തർക്കം ഇല്ലാതാവുകയുള്ളു. പക്ഷേ അതിന് അത്രവേഗം ഭേദിക്കപ്പെടാനാവില്ലെന്നതാണ് വാസ്തവം. എന്തെന്നാൽ ഞാൻ എന്ന വ്യക്തിപ്രതിഭയിൽ നിന്നും വിരിഞ്ഞു നില്ക്കുന്ന മൂന്നു പിരിവുകളാണിവ.
വ്യക്തിയും പ്രതിഭയും ചേർന്നാണ് ഒരുവനിലെ ഞാൻ എന്ന ഭാവത്തെ രൂപപ്പെടുത്തുന്നത്. എന്നാൽ വ്യക്തിക്കും പ്രതിഭയ്ക്കും ആധാരമായി നിലകൊള്ളുന്ന ബോധസത്തയ്ക്കാകട്ടെ ഞാൻ എന്ന ഭാവമില്ല. കാരണമെന്താണ്? ബോധസത്ത എന്നത് ഉപാധിരഹിതമായതാണ്. എവിടെയെല്ലാമാണോ ഉപാധികളുള്ളത് അവിടെയെല്ലാം ഞാൻ എന്ന ഭാവം കരുത്തുറ്റു നില്ക്കും. അതുകൊണ്ടാണ് ഗുരുക്കന്മാർ ഉപാധികൾക്കൊന്നും ഇടമില്ലാതിരിക്കുന്ന തനി ശുദ്ധബോധത്തിന്റെ പ്രവാചകന്മാരായിരുന്നത്.
ശുദ്ധവെളിച്ചത്തിൽ നിഴലിന്റെ പൊടിപോലും ശേഷിക്കാതിരിക്കുന്നതു എപ്രകാരമോ അപ്രകാരമാണ് ശുദ്ധബോധത്തിൽ ഉപാധികൾക്കൊന്നിനും സ്ഥാനമില്ലാതിരിക്കുന്നതും. ഉപാധികളാണു ദ്വൈതം അഥവാ രണ്ടാമതൊന്ന് അതുമല്ലെങ്കിൽ അന്യമായതൊന്നു എന്ന പ്രതീതിയെ ഉണ്ടാക്കുന്നത്. കയറിൽ കയറിനെ കാണാതെ കയറല്ലാത്തതായിരിക്കുന്ന പാമ്പ് എന്ന രണ്ടാമതൊന്നിനെ തെറ്റിദ്ധരിച്ചു കാണുന്നത് ഇതിനൊരു ഉദാഹരണമാണ്. ആ കയറിൽ ഒരുവൻ കാണുന്നതായ പാമ്പ് മറ്റെവിടെനിന്നും ഉണ്ടായി വന്നതല്ല. അത് അവന്റെ തന്നെ ബോധക്കുറവിൽ നിന്നും പൊന്തിവന്ന ഉപാധികളിൽ നിന്നും ഇറങ്ങിവന്നതാണ്.
ഇതുപോലെയുള്ള ഉപാധികളൊഴിയുമ്പോഴാണ് ഞാൻ എന്ന പേരിന്റെയും പ്രതിഭയുടെയും സംയുക്തഭാവത്തിന് ആധാരമായിരിക്കുന്ന യഥാർത്ഥ ബോധസത്ത പ്രകാശിതമാകുന്നത്. ഇതിനാണ് ജ്ഞാനാനുഭവം എന്നു ഗുരുക്കന്മാർ പറയുന്നത്. ഈ ജ്ഞാനാനുഭവത്തിലേക്ക് മനുഷ്യന്റെ ബോധമണ്ഡലത്തെ ഉയർത്താനുള്ള ശ്രുതികളാണ് ഉപനിഷത്തുക്കൾ. വേദേതിഹാസമായി ലോകം വിലയിരുത്തുന്ന ഈ ഉപനിഷത്ത് ദർശനങ്ങളുടെ ആകെത്തുകയാണ് ഗുരുദേവതൃപ്പാദങ്ങളുടെ കൃതികൾ. നൂറ് പദ്യങ്ങൾ വീതമുള്ള ആത്മോപദേശശതകം, ദർശനമാല, ശിവശതകം തുടങ്ങി ഒറ്റശ്ലോകമുള്ള ശ്രീകൃഷ്ണദർശനം, ധർമ്മം എന്നിവ വരെയുള്ള ഈ കൃതികളെല്ലാം തന്നെ അദ്വൈതശാസ്ത്രത്തെ സർവശാസ്ത്രങ്ങൾക്കും ചിന്തകൾക്കും ആധാരമാകും വിധമുള്ള ആധുനിക ദാർശനികാവിഷ്കാരങ്ങളാണ്.
ഗുരുവിന്റെ ആശയപ്രപഞ്ചത്തിൽ തൊടാതെ ഇന്നു ഒരു ശാസ്ത്രകാരനും ഒരു ദാർശനികചിന്തകനും നേരായി മുന്നോട്ട് പോകാനാവില്ല. കാരണം അത്രമാത്രം ആത്മസുഗന്ധിയാണത്.
അഹമഹമെന്നരുളുന്നതൊക്കെ-
യാരായുകിലകമേ
പലതല്ലതേകമാകും, പൊലിയുമിതന്യ
പൊലിഞ്ഞു പൂർണമാകും,
ജഡമിതു സർവമനിത്യമാം,
ഉലകിനു വേറൊരു സത്തയില്ല
എല്ലാവുലകുമുയർന്നറിവായിമാറിടുന്നു,
പരമപദം പരിചിന്ത ചെയ്തിടേണം,
അറിവിലടങ്ങുമഭേദമായിതെല്ലാം.
എന്നിങ്ങനെ ആത്മസുഗന്ധത്തിന്റെ ഒടുക്കമില്ലാത്ത ഒഴുക്കിലേക്ക് നമ്മെ രമിപ്പിക്കുന്ന ഗുരുദേവൻ പക്ഷേ സ്വജീവിതത്തിൽ ഏറ്റവുമധികം സംഭാഷണം ചെയ്തിരുന്നത് ജാതിമതദൈവസംബന്ധമായ കാര്യങ്ങളായിരുന്നു. എന്തുകൊണ്ടെന്നാൽ ഇതു മൂന്നും മനുഷ്യനെ വലിയ അളവിൽ വഴിതെറ്റിക്കുന്നുണ്ടെന്ന നിരീക്ഷണമായിരുന്നു. ഈ വഴിതെറ്റലിൽ നിന്നും നേരാംവഴിയിലൂടെ മനുഷ്യനെ നടത്തിക്കുന്നതിനായാണ് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ മുതൽ ഉല്ലലയിലെ ഓങ്കാരേശ്വര പ്രതിഷ്ഠ വരെ നാലുപതിറ്റാണ്ടുകളിലായി ഗുരുദേവൻ നടത്തിയത്. അതിന്റെയെല്ലാം ഫലമാണ് ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും കാണാത്തവിധം മതസാഹോദര്യവും മതസ്വാതന്ത്ര്യവും മതസൗഹാർദ്ദവും ഒരു ഞെട്ടിലെ പൂക്കളെന്നപോലെ കേരളത്തിൽ ശക്തമായി നിലകൊള്ളുന്നത്.
ഇന്നു ഇന്ത്യയുടെ ആവശ്യമെന്താണ്? എന്ന് ഒരു നൂറ്റാണ്ടിനു മുൻപ് ഗുരുദേവൻ ചോദിച്ച ചോദ്യവും ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽ നിന്നും മോചനം എന്നു പറഞ്ഞ ഉത്തരവും ഇന്നും ഇന്ത്യയിൽ എത്രമാത്രം പ്രസക്തമാണെന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങളിലൊന്നാണ് അയോദ്ധ്യാ ബാബ്റി മസ്ജിദ് സംഭവം. ഇതിന്മേൽ പരമോന്നത നീതിപീഠത്തിന്റെ വിധി വന്നിരിക്കുന്ന ഈ സന്ദർഭത്തിൽ ജാതിമതഭേദമെന്യേ നമ്മുടെ വിചാരമണ്ഡലത്തിൽ നിറയേണ്ടതും കവിയേണ്ടതുമായ ചില തത്ത്വവിചാരങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. അതിന്മേൽ എല്ലാവരുടെയും ശ്രദ്ധ പതിയുമാറാകട്ടെ.