കൊച്ചി: നടപ്പു സാമ്പത്തിക വർഷം തുടർച്ചയായ ഏഴാം തവണയും രാജ്യത്തെ ഏറ്രവും വലിയ ബാങ്കായ എസ്.ബി.ഐ വായ്‌പാ പലിശയുടെ അടിസ്ഥാന നിരക്കായ മാർജിനൽ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേഡ്‌സ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ) കുറച്ചു. എല്ലാ വിഭാഗം വായ്‌പകൾക്കും ബാധകമായ വിധം 0.05 ശതമാനം കുറവാണ് വരുത്തിയത്. ഇതനുസരിച്ച്, ഒരുവർഷ കാലാവധിയുള്ള വായ്‌പയുടെ പലിശ 8.05 ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി കുറഞ്ഞു. പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ വരും.
നിക്ഷേപങ്ങളുടെ പലിശയും എസ്.ബി.ഐ കുറച്ചിട്ടുണ്ട്. റീട്ടെയിൽ നിക്ഷേപ പലിശ 0.15 ശതമാനമാണ് കുറച്ചത്. ഇതുപ്രകാരം ഒന്നുമുതൽ രണ്ടുവരെ വർഷം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 6.40 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായി കുറയും. രണ്ടു കോടി രൂപയോ അതിനു മുകളിലോ ഉള്ള ബൾക്ക് നിക്ഷേപങ്ങളുടെ പലിശ 0.75 ശതമാനം വരെ കുറച്ചു. ഒരുവർഷ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശ ഇതനുസരിച്ച് ആറു ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി താഴ്‌ന്നു.
റീട്ടെയിൽ നിക്ഷേപത്തിൽ നേടാവുന്ന കൂടിയ പലിശ 6.25 ശതമാനമാണ്. വായ്‌പാ വിതരണ വളർച്ച കുറവായതിനാൽ ബാങ്കിൽ, വായ്‌പകളെ അപേക്ഷിച്ച് നിക്ഷേപങ്ങളാണ് കൂടുതൽ. മാത്രമല്ല, വായ്‌പാപ്പലിശ റിപ്പോ ഉൾപ്പെടെയുള്ള എക്‌സ്‌റ്റേണൽ ബെഞ്ച്‌മാർക്കുമായി ബന്ധിപ്പിക്കണമെന്ന റിസർവ് ബാങ്കിന്റെ നിർദേശവും ബാങ്കുകളുടെ പലിശ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിക്ഷേപങ്ങൾക്കും പലിശ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരാകുന്നത്.
6.8%
എസ്.ബി.ഐയിൽ കഴിഞ്ഞ ജനുവരി പത്തിലെ കണക്കുപ്രകാരം 2-3 വർഷ സ്ഥിരനിക്ഷേപത്തിന്റെ (എഫ്.ഡി) പലിശ 6.8 ശതമാനം. ഇപ്പോൾ 6.25 ശതമാനം.
8.55%
കഴിഞ്ഞ ജനുവരിയിൽ വായ്‌പകളുടെ പലിശ (എം.സി.എൽ.ആർ) 8.55 ശതമാനം. ഇപ്പോൾ എട്ട് ശതമാനം.