sonia-
sonia

ന്യൂഡൽഹി: നെഹ്റു കുടുംബത്തിന് നൽകിവന്നിരുന്ന എസ്.പി.ജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ, എസ്.പി.ജി തലവൻ അരുൺ സിൻഹയ്ക്ക് നന്ദി പറഞ്ഞ് സോണിയ ഗാന്ധി. ''ഇത്രയും കാലം തന്റെ കുടുംബത്തെ ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കാത്തുസംരക്ഷിച്ചതിന് നന്ദി. ഈ സുരക്ഷാ സംഘത്തിനൊപ്പം തങ്ങൾ നൂറുശതമാനം ആത്മവിശ്വാസമുള്ളവരായിരുന്നു."- സോണിയ എഴുതിയ കത്തിൽ പറയുന്നു. ''ഞങ്ങൾ ഏറ്റവും മികച്ച കൈകളിലായിരുന്നു. കഴിഞ്ഞ 28 വർഷമായി ഞങ്ങളത് ജോലിയിലും ജീവിതത്തിലും അനുഭവിക്കുകയായിരുന്നു"- സോണിയ വ്യക്തമാക്കി. എസ്.പി.ജി സുരക്ഷ എടുത്തുമാറ്റിയതിനുശേഷം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് ഇനി സി.ആർ.പി.എഫ് സൈനികരുടെ നേതൃത്വത്തിലുള്ള ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുക. അടുത്തിടെ നടന്ന സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നുപേർക്കും നൽകിയിട്ടുള്ള എസ്.പി.ജി സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.