modi-manmohan-

സുൽത്താൻപുർ: ഗുരുദാസ്‌പൂരിലെ ദേരാ ബാബ നാനാക്കിൽ കർതാർപുർ ഇടനാഴിയുടെ സംയോജിത ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് മോദി നന്ദി അറിയിച്ചു. ‘ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് ഞാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നന്ദി അറിയിക്കുന്നു. ഗുരുനാനാക്കിന്റെ 550–ാം ജന്മവാർഷികത്തിന് മുൻപ് കർതാർപുർ സാഹിബ് ഇടനാഴി തുറക്കാനായത് ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകി’, ഉദ്ഘാടന പ്രസംഗത്തിൽ മോദി പറഞ്ഞു.

‘ഇടനാഴി ഗുരുദ്വാരയിൽ ദർശനം നടത്തുന്ന തീർത്ഥാടകർക്ക് പ്രയോജനകരമാകും. ഗുരുനാനാക്ക് എല്ലാ മനുഷ്യർക്കും പ്രചോദനമാണ്. ഐക്യത്തിന്റെയും സാർവത്രിക സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹം നൽകി’. ഗുരുവിന്റെ 550–ാം ജന്മദിനത്തിൽ 550 രൂപ സ്മാരക നാണയം പുറത്തിറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനുമായി നല്ല ബന്ധമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും വിദ്വേഷമല്ല, സ്നേഹം പ്രചരിപ്പിക്കാനുള്ള സമയമാണിതെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് പറഞ്ഞു. നടനും എം.പിയുമായ സണ്ണി ഡിയോൾ, കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ഹർസിമ്രത്ത് കൗർ, കോൺഗ്രസ് എം.എൽ.എ നവജ്യോത് സിംഗ് സിദ്ദു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.