lula-

ബ്രസീലിയ: ബ്രസീൽ മുൻ പ്രസിഡന്റും വർക്കേഴ്‌സ് പാർട്ടി നേതാവുമായ ലുല ഡി. സിൽവ ജയിൽമോചിതനായി. 580 ദിവസങ്ങൾക്ക് ശേഷമാണ് മുൻ പ്രസിഡന്റ് മോചിതനാകുന്നത്. ലുല ഡി. സിൽവയുടെ മോചനത്തെ തുടർന്ന് ആയിരക്കണക്കിന് തൊഴിലാളികളും വർക്കേഴ്‌സ് പാർട്ടി നേതാക്കളും തെരുവിലിറങ്ങി ആഹ്ളാദ പ്രകടനം നടത്തി. ''ഭരണകൂടം ഒരു വ്യക്തിയെയല്ല, ഒരാശയത്തെയാണ് ഇല്ലാതാക്കാൻ ശ്രമിച്ചത്. ബ്രസീലിലെ സ്ഥിതി ഗതികൾ മെച്ചപ്പെടുകയല്ല മോശമാകുകയാണ് ചെയ്തത്. പട്ടിണിയും തൊഴിലില്ലായ്മയും വർദ്ധിച്ചു."-തന്നെ സ്വീകരിക്കാൻ തടിച്ചുകൂടിയ അനുയായികളെ അഭിസംബോധന ചെയ്ത് ലുല പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ലുലയെ അഴിമതി ആരോപിച്ച് ഭരണകൂടം തടവിലാക്കിയത്. രാഷ്ട്രീയ പ്രേരിതമായാണ് തനിക്കെതിരെ കേസ് ചുമത്തപ്പെട്ടതെന്നാണ് ലുല തുടക്കം മുതൽ പറഞ്ഞിരുന്നത്. കേസിൽ അപ്പീലിൽ തീരുമാനമാകുന്നതുവരെ ലുല ഉൾപ്പെടെയുള്ളവരെ തടവിൽ ഇടേണ്ടതില്ലെന്ന വിധിയെ തുടർന്നാണ് മോചിതനായത്. ലുലയുടെ 5000ത്തോളം അനുയായികളും ഇതോടെ ജയിൽ മോചിതരാകുമെന്നാണ് സൂചന.

ബ്രസീലിലെ ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു ലുല. 2011 വരെ എട്ടു വർഷം ബ്രസീലിന്റെ പ്രസിഡന്റായിരുന്നു. പ്രസിഡന്റായിരിക്കെ ലുല നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ ബ്രസിലിലെ അസമത്വം കുറയ്ക്കുകയും സാമ്പത്തിക വളർച്ച ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.