ന്യൂഡൽഹി: ഉത്സവകാലം നിറഞ്ഞുനിന്നിട്ടും ഒക്‌ടോബറിൽ ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി 33 ശതമാനം ഇടിഞ്ഞു. 2018 ഒക്‌ടോബറിലെ 57 ടണ്ണിൽ നിന്ന് 38 ടണ്ണിലേക്കാണ് കഴിഞ്ഞമാസം ഇറക്കുമതി താഴ്‌ന്നത്. സ്വർണത്തിന്റെ റെക്കാഡ് വിലക്കുതിപ്പും പണലഭ്യതക്കുറവ് മൂലം വിപണി നേരിട്ട മാന്ദ്യവുമാണ് ഇറക്കുമതിയെ ബാധിച്ചത്.
സ്വർണ ഉപഭോഗത്തിൽ ലോകത്ത് രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. അതേസമയം, മൂല്യം പരിഗണിച്ചാൽ കഴിഞ്ഞമാസം ഇറക്കുമതി കൂടിയിട്ടുണ്ട്. 2018 ഒക്‌ടോബറിൽ 176 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്യപ്പെട്ടത്. കഴിഞ്ഞമാസത്തെ ഇറക്കുമതി മൂല്യം 184 കോടി ഡോളറാണ്.