sanju

ജയിക്കുമോ ഇന്ത്യ,​ കളിക്കുമോ സഞ്ജു

നാഗ്പൂർ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന് നാഗ്പൂരിൽ നടക്കും. രാത്രി 7 മുതലാണ് മത്സരം. പരമ്പരയിൽ ഇരുടീമും 1-1ന് സമനിലയിൽ നില്ക്കുന്നതിനാൽ ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ കീഴടക്കിയപ്പോൾ രണ്ടാം മത്സരത്തിൽ വെടിക്കെട്ട് ജയവുമായി ഇന്ത്യ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരുന്നു.

അടിച്ചു പൊളിക്കാൻ ഇന്ത്യ

കഴിഞ്ഞ മത്‌സരത്തിൽ ക്യാപ്ടൻ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്രിംഗിന്റെ കരുത്തിൽ വിജയം നേടിയ ഇന്ത്യ ഏറെ ആത്മവിശ്വാസത്തോടെയാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. മുന്നിൽ നിന്ന് നയിച്ച ക്യാപ്ടന്റെ ഇന്നിംഗ്സ് ടീമിനാകെ ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്നും പൂർണമായും കരകയറുന്നതിനുള്ള പോസിറ്രീവ് എനർജിയായി.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നായി 81 റൺസ് വഴങ്ങിയ പേസർ ഖലീൽ അഹമ്മദ് ഇന്ന് പുറത്തിരുന്നേക്കും. പകരം ഷർദ്ദുൾ താക്കൂർ ടീമിൽ ഇടം നേടിയേക്കും.

ആകാംഷയോടെ ബർത്ത്‌ ഡേ ബോയ്

അതേസമയം മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്ന ആകാംഷയിലാണ് മലയാളി ക്രിക്കറ്റ് പ്രേമികൾ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ടീമിൽ ഇടം നേടിയ സഞ്ജുവിനെ കഴിഞ്ഞ രണ്ട് മത്‌സരങ്ങളിലും പതിനൊന്നംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെങ്കിലും വിക്കറ്റ് കീപ്പറുടെ റോളിൽ റിഷഭ് പന്തിൽ തന്നെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് രോഹിത്. രാഹുലിന് പകരം സഞ്ജുവിന് അവസരം ലഭിച്ചേക്കാനുള്ളൊരു വിദൂര സാധ്യതയുണ്ട്. സഞ്ജു ടീമിൽ ഉണ്ടാകുമോയെന്നതിനെ സംബന്ധിച്ച് ഒരു സൂചനയും ഇന്നലെ രോഹിത് പത്രസമ്മേളനത്തിൽ നൽകിയില്ല.നാളെ ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന സഞ്ജുവിന് ഇന്ന് അവസാന ഇലവനിൽ ഇടം ലഭിക്കണേയെന്ന പ്രാർത്ഥനയിലാണ് കേരളം.

സാധ്യതാ ടീം: രോഹിത്, ധവാൻ, രാഹുൽ ,ശ്രേയസ്സ്, റിഷഭ്, ദുബെ, ക്രുനാൽ,സുന്ദർ, ദീപക് ചഹർ, ഷർദ്ദുൽ/ഖലീൽ, ചഹൽ.

കലിപ്പോടെ കടുവകൾ

ആദ്യത്തെ മത്സരത്തിലെ ഇന്ത്യയെ കീഴടക്കാമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കളിച്ച അതേ ടീമിനെ തന്നെ ബംഗ്ലാദേശ് നിലനിറുത്തിയേക്കും. നാഗ്പൂരിലെ പിച്ചിന്റെ ഇതുവരെയുള്ള സ്വഭാവം പരിഗണിച്ച് എക്സ്ട്രാ സ്പിന്നറെ കളിപ്പിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ തൈജുൽ ഇസ്ലാം അവസാന ഇലവനിൽ ഇടം നേടും. മുസ്തഫിസുർ റഹ്മാനും മൊസദേക്ക് ഹുസ്സൈനും പരിക്കുണ്ടെങ്കിലും ഇരുവരും ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
സാധ്യതാ ടീം: ലിറ്രൺ ദാസ്, നയിം, സൗമ്യ,മുസ്തഫിസുർ, മഹമ്മദുള്ള, അഫിഫ്, മൊസദേക്ക്, അമിനുൾ, ഷയിഫുൾ/തയിജുൽ, അൽ-അമിൻ, മുസ്തഫിസുർ.

പിച്ച് റിപ്പോർട്ട്

ദൈർഘ്യമേറിയ ബൗണ്ടറികൾ ഉള്ള ഗ്രൗണ്ടാണ് വി.സി.എ. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചാണ് ഇവിടത്തേത്. ഇവിടെ അവസാനം നടന്ന പതിനൊന്ന് മത്സരങ്ങളിൽ 8ലും ആദ്യ ബാറ്ര് ചെയ്ത ടീമാണ് ജയിച്ചത്.

പന്തിനെ വെറുതേ വിടൂ: രോഹിത്

രാജ്യാന്തര ക്രിക്കറ്റിൽ സ്ഥാനം ഉറപ്പിക്കാനൊരുങ്ങുന്ന 22 കാരനായ പയ്യനാണ് റിഷഭ് പന്ത്. അദ്ദേഹത്തിന്റെ ഓരോ നീക്കവും വാർത്തയാക്കുന്നത് ശരിയല്ല. അതവനെ സമ്മർദ്ദത്തിലാക്കും. പന്തിനെ സ്വതന്ത്രമായി കളിക്കാൻ വിടൂ. ഭയമില്ലാതെ കളിക്കുന്നയാളാണ് പന്ത്. ടീം മാനേജ്മെന്റിന്റെ എല്ലാവിധ പിന്തുണയും പന്തിനുണ്ട്. കുറച്ച് നാൾ അദ്ദേഹത്തെ വെറുതെ വിട്ടാൽ അദ്ദേഹം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും.

രോഹിത് ശർമ്മ