ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ 4ജി സേവനത്തിന് ആറു മാസത്തിനകം തുടക്കമിടും. നിലവിലെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തി വരികയാണെന്നും ആദ്യഘട്ടത്തിൽ 4ജി സേവനം ലഭ്യമാക്കേണ്ട സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുകയാണെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബി.എസ്.എൻ.എൽ ചെയർമാൻ പ്രവീൺ കുമാർ പർവാർ പറഞ്ഞു.
4ജി സേവനം ലഭ്യമാക്കാനായി രണ്ടുവർഷത്തിനകം 12,000 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഷ്‌ടം കുത്തനെ കൂടുന്ന പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ ബി.എസ്.എൻ.എല്ലിനെയും എം.ടി.എൻ.എല്ലിനെയും ലയിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞമാസം 23നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ലയനം പൂർത്തിയാകും വരെ ബി.എസ്.എൻ.എല്ലിന്റെ ഉപസ്ഥാപനമായാണ് എം.ടി.എൻ.എൽ പ്രവർത്തിക്കുക.
നാല് മാർഗങ്ങളിലൂടെയാണ് ബി.എസ്.എൻ.എൽ-എം.ടി.എൻ.എൽ ലയനം നടപ്പാക്കുകയെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു. താത്കാലിക രക്ഷാദൗത്യത്തിനായി 29,937 കോടി രൂപ കണ്ടെത്തൽ, സ്വത്ത് വിറ്റ് 38,000 കോടി രൂപയുടെ സമാഹരണം, 2016ലെ നിരക്കിൽ 4ജി സ്‌പെക്‌ട്രം നൽകൽ, ജീവനക്കാർക്ക് വി.ആർ.എസ് എന്നിവയാണ് വഴികൾ. കമ്പനിയെ ലാഭത്തിലേക്ക് ഉയർത്താൻ ഏറ്റവും അനുയോജ്യമായ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചതെന്ന് ചെയർമാൻ പറഞ്ഞു.
രക്ഷാപാക്കേജ് നടപ്പാക്കുന്നതോടെ, കമ്പനിയുടെ ചെലവുകൾക്കുള്ള പണം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇത് ജീവനക്കാർക്കും നേട്ടമാകും. അടുത്ത മൂന്നുമാസത്തിനകം പാക്കേജിന്റെ പ്രതിഫലനം കണ്ടുതുടങ്ങുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് ശമ്പളത്തിനായി മാത്രം പ്രതിമാസം 850 കോടി രൂപയാണ് ബി.എസ്.എൻ.എല്ലിന് വേണ്ടത്. 2018-19ൽ മാത്രം ബി.എസ്.എൻ.എൽ നേരിട്ട നഷ്‌ടം 14,202 കോടി രൂപയാണ്.
വി.ആർ.എസിന്
36,000 പേർ
എം.ടി.എൻ.എല്ലുമായുള്ള ലയനത്തിന് മുന്നോടിയായി ബി.എസ്.എൻ.എൽ അവതരിപ്പിച്ച വി.ആർ.എസ് പാക്കേജ് ഇതിനകം തിരഞ്ഞെടുത്തത് 36,000 ജീവനക്കാരാണെന്ന് ചെയർമാൻ പ്രവീൺ കുമാർ പർവാർ പറഞ്ഞു. 70,000 മുതൽ 80,000 വരെ പേർ വി.ആർ.എസ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ആകെ 1.74 ലക്ഷം പേരാണ് ബി.എസ്.എൻ.എൽ ജീവനക്കാർ.
₹8,000 കോടി
ഭൂസ്വത്ത് വിറ്റഴിച്ച് പണമാക്കാനുള്ള നടപടികൾക്കായി ഇതിനകം 14 സ്ഥലങ്ങൾ ബി.എസ്.എൻ.എൽ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവയ്ക്ക് ആകെ കണക്കാക്കുന്ന മൂല്യം 8,000 കോടി രൂപയാണ്.