കൊച്ചി: ഇന്ത്യയിൽ മ്യൂച്വൽഫണ്ട് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന മൊത്തം നിക്ഷേപത്തിന്റെ മൂല്യം ഒക്‌ടോബറിൽ 7.4 ശതമാനം വർദ്ധിച്ച് 26.33 ലക്ഷം കോടി രൂപയിലെത്തി. 24.5 ലക്ഷം കോടി രൂപയായിരുന്നു സെപ്‌തംബറിൽ മ്യൂച്വൽഫണ്ട് സ്ഥാപനങ്ങൾ കൈകാര്യം ചെയ്‌തിരുന്ന മൊത്തം ആസ്‌തിയെന്ന് (എ.യു.എം) അസോസിയേഷൻ ഒഫ് മ്യൂച്വൽഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി.
കഴിഞ്ഞമാസം മാത്രം 1.33 ലക്ഷം കോടി രൂപയാണ് മ്യൂച്വൽഫണ്ടുകളിലേക്ക് നിക്ഷേപമായി ഒഴുകിയത്. ഇക്വിറ്രി അധിഷ്‌ഠിത മ്യൂച്വൽഫണ്ട് പ്ളാനുകൾക്ക് പ്രിയമേറുകയാണ്. കഴിഞ്ഞ രണ്ടുമാസങ്ങളിലായി ഈ വിഭാഗം മികച്ച നിക്ഷേപ വളർച്ച കുറിച്ചു. സാമ്പത്തികമാന്ദ്യം അകറ്റാൻ കേന്ദ്രസർക്കാരെടുത്ത ഉത്തേജക പാക്കേജുകളാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. കടപ്പത്ര അധിഷ്‌ഠിത മ്യൂച്വൽഫണ്ടുകളിൽ നിന്ന് സെപ്‌തംബറിൽ 1.4 ലക്ഷം കോടി രൂപ കൊഴിഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞമാസം 93,203 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. അതേസമയം, സ്വർണ ഇ.ടി.എഫുകളിൽ നിന്ന് കഴിഞ്ഞമാസം 31.45 കോടി രൂപ നഷ്‌ടപ്പെട്ടു. സെപ്‌തംബറിൽ 44 കോടി രൂപയും ആഗസ്‌റ്റിൽ 145 കോടി രൂപയും ലഭിച്ചിരുന്നു.