വേണാട് ദേശത്തിന്റെ ചരിത്രത്തിലെ അത്യപ്പൂർവ്വമായ ഒരേട് വിഷയമാക്കികൊണ്ട്, യുവതാരം പ്രിത്വിരാജ് നായകനാക്കി, അധികം വൈകാതെ തന്നെ തിരശീലയിലെത്തുന്ന ചിത്രമാണ് 'കാളിയൻ'. വേണാടിന്റെ വീരപുരുഷനായിരുന്ന ഇരവിക്കുട്ടിപിള്ളയുടേയും അദ്ദേഹത്തിന്റെ ആത്മസുഹൃത്തായിരുന്ന കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഇരവികുട്ടിപ്പിള്ളയായാണ് പൃഥ്വിരാജ് എത്തുന്നത്. എന്റെ ഒരു സ്വപ്നം താൻ പ്രേക്ഷകരുമായി പങ്കുവച്ചിരുന്നുവെന്നും അതിപ്പോൾ യാഥാർഥ്യമാകാൻ പോകുകയാണെന്നും പറഞ്ഞുകൊണ്ട് 'കാളിയ'ന്റെ ഫസ്റ്റ് ലുക്ക് വീഡിയോയും പ്രിഥ്വിരാജ് പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ 'അടവ് പഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ' എന്ന പ്രിഥ്വിയുടെ ഡയലോഗിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു. അന്ന് മുതൽ ഈ ബ്രഹ്‌മാണ്ഡ ചിത്രത്തെ ചൊല്ലി പ്രേക്ഷകർ ആവേശത്തിലാണ്.
എന്നാൽ പ്രിത്വിരാജിന്റെ ഈ സ്വപ്നം യാഥാർഥ്യമാകാൻ കാരണമായ, ചിത്രത്തിന്റെ സംവിധായകൻ എസ്.മഹേഷിനെ പറ്റി പ്രേക്ഷകർക്ക് അധികം അറിയാൻ ഇടയില്ല. സംവിധാനം മാത്രമല്ല ആയോധന കലയായ കളരിയും തനിക്ക് അസലായി വഴങ്ങുമെന്ന് തെളിയിച്ചയാളാണ് മഹേഷ്. മഹേഷ് കിടങ്ങിൽ എന്നാണ് സിനിമ ശ്വസിക്കുന്ന ഈ അഭ്യാസിയുടെ മുഴുവൻ പേര്. 'അഗസ്ത്യം' എന്ന വിദ്യയിലൂടെ രണ്ട് വിരൽ മാത്രം ഉപയോഗിച്ചുകൊണ്ട് എതിരാളിയെ കീഴ്പ്പെടുത്തുന്ന ഈ കളരി വിദഗ്ദ്ധൻ ഒരു നല്ല കളരി ഗുരു കൂടിയാണ്. പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇദ്ദേഹത്തോടൊപ്പം ആയോധന വിദ്യ പഠിക്കാനായി ഉണ്ട്. ആക്ഷനും ചരിത്രത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ ചിത്രം സംവിധാനം ചെയുന്നത് ഒരു കളരി അഭ്യാസി ആകുമ്പോൾ ചിത്രത്തിന് ബ്രഹ്മാണ്ഡ സ്വഭാവം കൈവരുന്നത് തികച്ചും സ്വാഭാവികം.