തർക്കമുള്ള 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി യുക്തിരഹിതമാണ്. രാമക്ഷേത്രത്തിന്റെ പുരോഹിത വൃത്തിക്കായി നിർമോഹി അഖാഡയ്ക്ക് അവകാശമില്ല. രാംലല്ല (കുട്ടി രാമൻ) നിയമപരമായ വ്യക്തിയാണ്. ഭൂമി തങ്ങളുടെ മാത്രം കൈവശമായിരുന്നുവെന്നത് തെളിയിക്കാൻ സുന്നിവഖഫ് ബോർഡിന് കഴിഞ്ഞില്ല. അയോദ്ധ്യയിലാണ് രാമൻ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തർക്കരഹിതമാണ്. ബാബ്റി മസ്ജിദ് നിലനിന്ന സ്ഥലം രാമജന്മഭൂമിയാണെന്ന ഹിന്ദുവിശ്വാസത്തിന് തെളിവുകളുടെ പിൻബലമുണ്ട്.

ക്ഷേത്രം പൊളിച്ചല്ല പള്ളി നിർമ്മിച്ചത്

ബാബ്റി പള്ളിക്ക് താഴെ ക്ഷേത്രമുണ്ടായിരുന്നെന്ന ആർക്കിയോളജി സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ട് തള്ളിക്കളയാനാകില്ല. ഒഴിഞ്ഞ ഭൂമിയിലല്ല ബാബ്റി പള്ളി നിർമ്മിച്ചത്. പള്ളിക്കടിയിലുണ്ടെന്ന് കണ്ടെത്തിയെ കെട്ടിടം ഇസ്‌ലാമികമല്ല. അതേസമയം ക്ഷേത്രം

പൊളിച്ചാണ് പള്ളി നിർമ്മിച്ചത് എന്നതിന് തെളിവില്ല. ഇസ്‌ലാമിക നിയമപ്രകാരം സാധുതയുള്ളതല്ല ബാബ്റി പള്ളിയെന്ന ഹിന്ദുകക്ഷികളുടെ വാദവും കോടതി തള്ളി. 1949 ഡിസംബർ വരെ വെള്ളിയാഴ്ചകളിൽ നിസ്കാരം നടന്നിട്ടുണ്ട്. 1949 ഡിസംബർ 16നാണ് അവസാനം നിസ്കാരം നടന്നത്.

പള്ളി പൊളിച്ചത് നിയമലംഘനം

450 വർഷത്തിന് മുകളിൽ പഴക്കമുള്ള ബാബ്റി പള്ളി ഇല്ലാതാക്കിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് നിരീക്ഷിച്ച ബെഞ്ച് എല്ലാ മതങ്ങളെയും തുല്യമായാണ് ഭരണഘടന കാണുന്നതെന്നും എല്ലാതരത്തിലുമുള്ള വിശ്വാസം ആരാധനയും പ്രാർത്ഥനയും തുല്യമാണെന്നും വ്യക്തമാക്കി. 1934ൽ പള്ളിക്ക് കേടുപാടുകളുണ്ടാക്കിയതും 1949ൽ പ്രതിഷ്ഠ സ്ഥാപിച്ചതും 1992 ഡിസംബർ ആറിന് പള്ളിപൊളിച്ചതും ഗുരുതരമായ നിയമലംഘനമാണ്. തത്‌സ്ഥിതി തുടരണമെന്ന കോടതി വിധിയുണ്ടായിരിക്കെയാണ് പള്ളി പൊളിച്ചത്. 1949 ഡിസംബർ 22-23ന് രാത്രിയിൽ 50 മുതൽ 60 വരെയുള്ള ആളുകൾ പള്ളിയിലെ പ്രധാന താഴികക്കുടത്തിന് കീഴിൽ പ്രതിഷ്ഠ സ്ഥാപിച്ചു. രേഖാമൂലമുള്ള മുന്നറിയിപ്പുണ്ടായിട്ടും അന്നത്തെ ഡെപ്യൂട്ടി കമ്മിഷണറും ജില്ലാ മജിസ്ട്രേറ്റുമായ കെ.കെ. നായർ ജാഗ്രതപാലിച്ചില്ല. പ്രതിഷ്ഠാ സ്ഥാപനത്തോടെയാണ് മുസ്ളിംങ്ങളുടെ ഒഴിപ്പിക്കലിന് വഴിവച്ചത്.

ഹിന്ദു ആരാധനയ്ക്ക് തെളിവ്

തർക്കഭൂമിയിലെ മുൻമുറ്റത്ത് (ഔട്ടർ കോർട്ട് യാർ‌ഡ്) രാംചാബുത്രയിലും സീതാ രസോയിലും ഹിന്ദുക്കൾ തുടർച്ചയായി തടസമില്ലാതെ ആരാധന നടത്തിയിരുന്നു. ഇതിന് ചരിത്രപരമായ തെളിവുണ്ട്. ബ്രിട്ടീഷുകാർ വരുന്നതിന് മുമ്പേയുള്ള ആചാരമാണിത്. പള്ളിയുണ്ടായിരുന്നെങ്കിലും രാമജന്മഭൂമിയിൽ ഹിന്ദുക്കൾക്ക് ആരാധനാ അവകാശം നിഷേധിച്ചിരുന്നില്ല. രാമനവമി, കാർത്തിക പൂർണിമ തുടങ്ങിയ മതപരമായ ആഘോഷദിവസങ്ങളിൽ വലിയൊരു വിഭാഗം ഹിന്ദുവിശ്വാസികൾ തർക്കഭൂമിയിൽ ദർശനം നടത്തിയിരുന്നതിന് സാക്ഷി മൊഴികളുണ്ട്. പള്ളിക്കുള്ളിലും പുറത്തും വരാഹം, ഗരുഡൻ തുടങ്ങി ഹിന്ദു മതപ്രാധാന്യമുള്ള ചിഹ്നങ്ങൾ ഉണ്ടായിരുന്നതായി മുസ്ളിം സാക്ഷികൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത് നൂറ്റാണ്ടുകളായി ആരാധന നടന്നതിനുള്ള തെളിവാണ്.