bhagathsingh-

മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ക്ഷണിച്ച് ഗവർണർ ഭഗത് സിംഗ് കോഷിയാരി. കഴിഞ്ഞ നിയമസഭയുടെ കാലാവധി തീർന്നതിനാലും പുതിയ ബി.ജെ.പി – ശിവസേനാ സർക്കാർ രൂപീകരിക്കാനാകാത്ത സാഹചര്യത്തിലും ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ടു കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയിരുന്നു. ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്നാവിസ് ഇപ്പോൾ കാവൽ മുഖ്യമന്ത്രിയാണ്.

288 അംഗ നിയമസഭയിൽ 105 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. 145 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപവത്കരണത്തിന് ആവശ്യമായത്. 56 അംഗങ്ങളാണ് ശിവസേനയ്ക്കുള്ളത്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഖ്യകക്ഷിയായ ശിവസേനയുമായി യോജിപ്പിലെത്താൻ സാധിക്കാത്തതാണ് മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് തലവേദനയാകുന്നത്. സംസ്ഥാനത്തെ നിലവിലെ സർക്കാരിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പ്രതിസന്ധിക്കു ശിവസേനയെ രൂക്ഷമായി കുറ്റപ്പെടുത്തിയാണു ഫഡ്നാവിസ് രാജിവച്ചത്. വാക്കു തെറ്റിച്ച ബി.ജെ.പി ജനങ്ങളുടെ മുന്നിൽ തന്നെ കള്ളനാക്കാൻ നോക്കുകയാണെന്നും അമിത് ഷായിൽ വിശ്വാസമില്ലെന്നും ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ തുറന്നടിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുതിർന്ന കോൺഗ്രസ്, എൻ.സി.പി നേതാക്കൾ ശരദ് പവാറിന്റെ വസതിയിൽ അടിയന്തര യോഗം ചേരുന്നതിനിടെ, ശിവസേനയുടെ സഞ്ജയ് റാവുത്ത് അവിടെയെത്തിയത് അഭ്യൂഹങ്ങൾക്കു വഴിതുറന്നിരുന്നു. അതേസമയം, ശിവസേന എം.എൽ.എമാരെ ബാന്ദ്രയിലെ ഹോട്ടലിൽ നിന്നു മലാഡിലെ റിസോർട്ടിലേക്കു മാറ്റി. തങ്ങളുടെ എം.എൽ.എമാർക്കായി ബി.ജെ.പി വലവിരിച്ചിരിക്കുകയാണെന്നും 50 കോടി രൂപ വരെയാണു വാഗ്ദാനമെന്നും കോൺഗ്രസ് ആരോപിച്ചു.