bjp

മുംബയ്: സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമായിരിക്കെ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയെ ക്ഷണിച്ച് ഗവർണർ. കഴിഞ്ഞ നിയമസഭയുടെ കാലാവധി തീർന്നതിനാലും പുതിയ ബി.ജെ.പി– ശിവസേനാ സർക്കാർ രൂപീകരിക്കാനാകാത്ത സാഹചര്യത്തിലും ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ടു കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയെ ഗവർണർ ഭഗത് സിങ് കോഷിയാരി സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്.

ഭരണത്തെ ചൊല്ലിയുള്ള ബി.ജെ.പി– ശിവസേനാ തർക്കം രൂക്ഷമായ സാഹചര്യത്തിലാണിത്. ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ദേവേന്ദ്ര ഫഡ്നാവിസ് രാജിക്കത്ത് നൽകുകയായിരുന്നു. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫഡ്നാവിസ് ഇപ്പോൾ കാവൽ മുഖ്യമന്ത്രിയാണ്.

288 അംഗ നിയമസഭയിൽ 145 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപവത്കരണത്തിന് ആവശ്യമായിട്ടുള്ളത്. എന്നാൽ ബി.ജെ.പിക്കുള്ളത് 105 അംഗങ്ങൾ മാത്രമാണ്.