bullbull-

കൊൽക്കത്ത / ധാക്ക: ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ബുൾബുൾ ചുഴലിക്കാറ്റ് ബംഗാൾ, ബംഗ്ലാദേശ് തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് അടുക്കുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി കനത്ത മഴയും മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗമുള്ള കാറ്റുമുണ്ടാകും. കൊൽക്കത്ത വിമാനത്താവളത്തിൽ ഇന്ന് രാവിലെ ആറുവരെയുള്ള വിമാനസർവീസുകൾ റദ്ദാക്കി. ബുൾബുൾ ആഞ്ഞടിക്കാൻ സാദ്ധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ നിന്നും ദ്വീപുകളിൽ നിന്നും 18 ലക്ഷത്തോളം പേരെ ഒഴിപ്പിക്കാൻ ബംഗ്ലാദേശ് അധികൃതർ ഉത്തരവിട്ടു. 10 തീരപ്രദേശ ജില്ലകളിൽനിന്ന് മൂന്നു ലക്ഷത്തോളം പേരെ ഇതിനകം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായി ബംഗ്ലാദേശ് ദുരന്തനിവാരണ മന്ത്രി എനാമൂർ റഹ്മാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബംഗാൾ ഉൾക്കടലിന്റെ വടക്കൻ മേഖലയിൽ മത്സ്യബന്ധന ബോട്ടുകൾക്കും നദീതടങ്ങളിലെ കടത്തുവള്ളങ്ങൾക്കും ബംഗ്ലാദേശ് സർക്കാർ താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.