ipl-

ന്യൂഡൽഹി: അടുത്ത സീസണിലെ ഐ.പി.എൽ മത്സരങ്ങൾക്കായി തിരുവനന്തപുരം സ്‌പോർട്സ് ഹബ് ഉൾപ്പെടെ മൂന്ന് വേദികൾ കൂടി ഉൾപ്പെടുത്താൻ ബി.സി.സി.ഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലക്‌നൗവും ഗുവാഹത്തിയുമാണ് തിരുവനന്തപുരത്തോടൊപ്പം ബി.സി.സി.ഐ പരിഗണിക്കുന്ന മറ്ര് വേദികൾ. കിംഗ്സ് ഇലവൻ പഞ്ചാബ് അവരുടെ രണ്ടാം ഹോം ഗ്രൗണ്ടായി ലക്‌നൗ‌വിനെ അനുവദിക്കണമെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് അഹമ്മദാബാദിൽ നിന്ന് ഗുവാഹത്തിയിലേക്ക് മാറണമെന്ന ആവശ്യവും ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ട്. അതേ സമയം തിരുവനന്തപുരം സ്‌പോർട്സ് ഹബ് ഏത് ടീമിന്റെ ഹോം ഗ്രൗണ്ടായി പരിഗണിക്കണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ഇവിടെ നടത്തിയ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കാണികളിൽ നിന്ന് ലഭിച്ച വൻപിന്തുണയും ഗ്രൗണ്ടിന്റെ ഉന്നത നിലവാരവും മലയാളികളുടെ ക്രിക്കറ്ര് ഭ്രമവുമാണ് തിരുവനന്തപുരം സ്പോർട്സ് ഹബിനെ ഐ.പി.എൽ വേദിയാക്കാൻ ബി.സി.സി.ഐ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം.

ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് ജയേഷ് ജോർജ്ജ് ഉള്ളത് തിരുവനന്തപുരത്തിന് ഐ.പി.എൽ വേദി ലഭിക്കാൻ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.

2022ഓടെ ഐ.പി.എല്ലിൽ കൂടുതൽ ടീമുകൾ വരാനും സാധ്യതയുണ്ട്.