ram-temple

ന്യൂഡൽഹി: അയോദ്ധ്യ വിധിയെ സ്വാഗതം ചെയ്യുന്നതായി, അയോദ്ധ്യ വിഷയം ആളിക്കത്തിച്ച മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി. അയോദ്ധ്യ ഭൂമി തർക്ക കേസിൽ ഇന്ന് രാവിലെ ഉണ്ടായ സുപ്രീം കോടതി വിധിയെ ചരിത്ര വിധിയെന്നാണ് അ​ദ്ദേഹം വിശേഷിപ്പിച്ചത്. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന്റെ ചരിത്ര വിധിയെ താൻ ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നതായും അദ്വാനി പറഞ്ഞു. വിഷയത്തിൽ താനും എളിയ സംഭാവന നൽകിയിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു.

ഞാൻ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു. അയോദ്ധ്യയിലെ രാമജന്മ ഭൂമിയിൽ ക്ഷേത്രം പണിയുന്നതിന് സുപ്രീം കോടതി ഇപ്പോൾ വഴിയൊരുക്കിയിരിക്കുകയാണ്. രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നൽകാൻ അവസരം തനിക്ക് ഉണ്ടായിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് ഈ വിധിയോടെ ഫലമുണ്ടായെന്നും അദ്വാനി പറഞ്ഞു. മുസ്ലിം പള്ളി പണിയുന്നതിന് വേണ്ടി അയോധ്യയിൽ തന്നെ അഞ്ച് ഏക്കർ നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെയും താൻ സ്വാഗതം ചെയ്യുന്നതായി അദ്വാനി പറഞ്ഞു.

1990ൽ എൽ.കെ അദ്വാനി നടത്തിയ സോമനാഥ് രഥയാത്രയാണ് അയോധ്യ വിഷയം വീണ്ടും ആളിക്കത്തിക്കുന്നത്. തുടർന്നുണ്ടായ സംഭവവികാസങ്ങൾ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിക്കുകയായിരുന്നു. തുടർന്നാണ് അയോദ്ധ്യയിലെ ഭൂമി തർക്കത്തിന് ആരംഭമാകുന്നത്. ഒന്നര നൂറ്റാണ്ട് നീണ്ട ആ തർക്കത്തിനാണ് സുപ്രീം കോടതി ഇന്ന് തീർപ്പ് കൽപ്പിച്ചത്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനും മുസ്ളീങ്ങൾക്ക് പുതിയ മസ്ജിദ് നിർമ്മിക്കാനും അയോധ്യയിൽ തന്നെ പകരം ഭൂമി നൽകാനുമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. രാമക്ഷേത്ര നിർമ്മാണവും മേൽനോട്ടവും കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും.