ayodhya-verdict

തിരുവനന്തപുരം: അയോദ്ധ്യ ഭൂമിതർക്കക്കേസിലെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യാനാവില്ലെന്ന് ക്യാമ്പസ് ഫ്രണ്ട്. വിധി നീതിനിഷേധവും വസ്തുതകളെ മുഖവിലക്കെടുക്കാത്ത പക്ഷപാതിത്വവുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്‌. ഇന്ത്യയിലെ നിയമ - അധികാര സംവിധാനങ്ങൾക്കകത്തു ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്ന മുസ്‌ലിം വിരുദ്ധതയാണ് ബാബരി വിധിയിലൂടെ അനാവൃതമായിരിക്കുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ്‌ വ്യക്തമാക്കി.

സുപ്രീംകോടതി വിധി അനീതി നിറഞ്ഞതും മതേതര ജനാധിപത്യ റിപബ്ലിക് ആശയങ്ങൾ ഉൾകൊള്ളുന്ന ഭരണഘടനാ മൂല്യങ്ങളുടെ ലംഘനവുമാണ്. ആ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് വിധിയെ സ്വാഗതം ചെയ്യാനാവില്ലെന്നും ക്യാമ്പസ് ഫ്രണ്ട് ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു.

ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ പ്രസ്താവനയുടെ പൂർണരൂപം

ബാബരി വിധി: മുസ്‌ലിം സമൂഹത്തോടുള്ള അനീതി - ഫ്രറ്റേണിറ്റി മൂവ്മെന്റ്

ബാബരി വിഷയത്തിലെ സുപ്രീം കോടതിവിധി നീതിനിഷേധവും വസ്തുതകളെ മുഖവിലക്കെടുക്കാത്ത പക്ഷപാതിത്വവുമാണ്. ഇന്ത്യയിലെ നിയമ - അധികാര സംവിധാനങ്ങൾക്കകത്തു ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്ന മുസ്‌ലിം വിരുദ്ധതയാണ് ബാബരി വിധിയിലൂടെ അനാവൃതമായിരിക്കുന്നത്. നിരവധി തവണ അവകാശങ്ങൾ നിഷേധിക്കപ്പെട്ടപ്പോഴും അസ്തിത്വം വെല്ലുവിളിക്കപ്പെട്ടപ്പോഴും 'നീതിയുടെ പൊൻകിരണങ്ങളിൽ' അന്തിമമായ വിശ്വാസം അർപ്പിച്ചവരാണ് ഇന്ത്യയിലെ മുസ്‌ലിം സമൂഹവും മുസ്‌ലിം സംഘടനകളും.

എന്നാൽ അലഹബാദ് ഹൈ കോടതി വിധിയും ഇപ്പോൾ വന്ന സുപ്രീം കോടതി വിധിയും ഈ വിശ്വാസ്യതയെ പൂർണ്ണമായും തകർക്കുന്നതാണ്. പള്ളിക്കുള്ളിലെ വിഗ്രഹ പ്രതിഷ്ഠയും പള്ളി പൊളിച്ചതും നിയമലംഘനമാണെന്ന് വിധിന്യായത്തിൽ കോടതി നിരീക്ഷിക്കുന്നുണ്ടെങ്കിലും ആ നിയമലംഘനത്തെ കുറിച്ചും അതിന്മേലുള്ള നടപടികളെ കുറിച്ചും കോടതി മൗനം പാലിക്കുന്നു.

നിയമം നീതിയുടെ വഴിയിലൂടെയാണ് സഞ്ചരിക്കേണ്ടത്. ഉന്നത നീതിപീഠങ്ങൾ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന സമീപനങ്ങളല്ല സ്വീകരിക്കേണ്ടത്. വിധി പുനഃപരിശോധിക്കാൻ കോടതി സന്നദ്ധമാകണം. പ്രശ്നപരിഹാരാർത്ഥം നിയമപരമായി വാഗ്ദാനം ചെയ്യപ്പെട്ട 5 ഏക്കർ ഭൂമി ബന്ധപ്പെട്ട മുസ്ലിം കക്ഷികൾ നിരാകരിക്കണം. നിയമവാഴ്ചയുടെ സംവിധാനങ്ങൾക്കുള്ളിൽ കോടതിവിധികളെ മാനിക്കാൻ ബാധ്യതപ്പെട്ടിരിക്കെ തന്നെ ബാബരി പ്രശ്നത്തെ കേവല ഭൂമിപ്രശ്നമാക്കി ചുരുക്കിയ സുപ്രീം കോടതി വിധിയിലെ അനീതിയെ ശക്തിയുക്തം ഉന്നയിക്കുവാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ് ആഗ്രഹിക്കുന്നു.

ക്യാമ്പസ് ഫ്രണ്ടിന്റെ പ്രസ്താവനയുടെ പൂർണരൂപം

ബാബരി കേസ്

അനീതിപരവും ഭരണഘടനാ വിരുദ്ധവുമായ വിധിയെ സ്വാഗതം ചെയ്യാനാവില്ല: കാംപസ് ഫ്രണ്ട്

ന്യൂ ഡൽഹി: ബാബരി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധി അനീതി നിറഞ്ഞതും മതേതര ജനാധിപത്യ റിപബ്ലിക് ആശയങ്ങൾ ഉൾകൊള്ളുന്ന ഭരണഘടനാ മൂല്യങ്ങളുടെ ലംഘനവുമാണെന്നു കാംപസ് ഫ്രണ്ട്. ആ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് വിധിയെ സ്വാഗതം ചെയ്യാനാവില്ല. മസ്ജിദ് നിർമിച്ചത് മറ്റൊരു കെട്ടിടത്തിന്റെ മുകളിൽ അല്ലായെന്ന് കോടതി തന്നെ പറയുന്നു.

വസ്തുതയും സത്യവും അടിസ്ഥാനമാക്കി തീരുമാനം എടുക്കുന്നതിന് പകരം ക്ഷേത്രം നിർമിക്കാൻ മസ്ജിന്റെ ഭൂമി കോടതി വിട്ടുകൊടുത്തത് ഒരു വിഭാഗത്തിന്റെ വികാരത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ നിയന്ത്രണങ്ങളടിച്ചേൽപ്പിച്ചുമാണ് വിധി പുറത്ത് വിട്ടത്. ഇതും ഭരണഘടനയ്ക്കും നിയമസംഹിതകൾക്കും എതിരാണ്. ഇത്തരമൊരു കേസിൽ സംഭവിച്ച നീതിന്യായ വ്യവസ്ഥയുടെ വീഴ്ച്ച ഒരു അവസാനമല്ലെന്ന് പൊതുസമൂഹം മനസ്സിലാക്കണം. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കാംപസ് ഫ്രണ്ട് പ്രസ്താവനയിൽ പറഞ്ഞു.