ന്യൂഡൽഹി: അയോദ്ധ്യ കേസിൽ ചരിത്രവിധിക്കായി രാജ്യം തയാറായപ്പോൾ ഗൂഗിളിൽ ഇന്ത്യക്കാർ തിരഞ്ഞ ചോദ്യങ്ങൾ വ്യത്യസ്ഥമായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് അപ്രതീക്ഷിതമായി ശനിയാഴ്ച രാവിലെ 10.30ന് അയോദ്ധ്യക്കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുമെന്ന അറിയിപ്പ് എത്തുന്നത്. ഇതിനു പിന്നാലെ ചരിത്രവിധി പ്രഖ്യാപിക്കുന്ന ശനിയാഴ്ച അവധി ആയിരിക്കുമോ എന്നാണ് ഭൂരിഭാഗംആളുകളും ഗൂഗിളിൽ തിരഞ്ഞത്. ചില സംസ്ഥാനങ്ങളിൽ നവംബർ 11 വരെ സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ മിക്കയിടങ്ങളിലും മദ്യ വിൽപ്പനയ്ക്കും വിലക്കേർപ്പെടുത്തിയിരുന്നു.
അവധി തിരഞ്ഞതിനു പിന്നാലെ 'എന്താണ് 144-ാം വകുപ്പ്? ആരാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്?' എന്നുളള ചോദ്യങ്ങളും തൊട്ടുപിന്നാലെ ഗൂഗിൾ സെർച്ചിൽ ഇടംപിടിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, ബെംഗളുരു, ജമ്മു എന്നിവിടങ്ങളിൽ നിരോധനാഞ്ജ ഏർപ്പെടുത്തിയത് സംബന്ധിച്ച വിവരങ്ങൾക്കായാണ് ആളുകൾ തിരഞ്ഞത്. വിധിയോടനുബന്ധിച്ച് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നഗരങ്ങളിലും സി.ആർ.പി.സി 144ാം വകുപ്പ് ഏർപ്പെടുത്തിയിരുന്നു. വകുപ്പ് അറിയുന്നതിനു പിന്നാലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ ആണ് ആളുകൾ തിരഞ്ഞത്. ഏത് സംസ്ഥാനക്കാരൻ ആണെന്നും, ഏത് മതം എന്നിങ്ങനെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഗൂഗിളിൽ തിരയപ്പെട്ടത്. രാമജന്മഭൂമി- ബാബറി മസ്ജിദ് തർക്ക വിഷയത്തിൽ ഏകകണ്ഠമായാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് നിർണായക വിധി പ്രസ്താവിച്ചത്.