അവൻ നല്ല ഉറക്കമാണ്. ഒന്നുമറിയാത്ത അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കട്ടിയുള്ള കറുത്ത പുരികം, നീണ്ട കൺപീലികൾ, സദാ തുറന്നിരിക്കുന്ന വായ ഉറക്കത്തിൽ അടച്ചുവച്ചിരിക്കുന്നു, അടഞ്ഞിരിക്കുന്ന ആ കണ്ണുകളിൽ ഈ ലോകത്തിലെ പൂവും പൂമ്പാറ്റയും ഒളിച്ചിരിപ്പുണ്ട്, പൂട്ടിയിരിക്കുന്ന ചുണ്ടുകളിൽ കളിയും ചിരിയുമുണ്ട്, 'അമ്മേ" എന്നൊരു ശബ്ദം ആ തൊണ്ടയിൽ ഉറങ്ങിക്കിടപ്പുണ്ട്, കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്താൽ അവനുണരും. പക്ഷേ കളിയും ചിരിയും കൊഞ്ചലുമൊന്നും ഒരിക്കലുമുണരില്ല. വിഷമഴയിൽ വാടിയ കുഞ്ഞുങ്ങളെല്ലാം ഇങ്ങനെയാണ്...
'പേറ്റുനോവൊഴിയാതെ" എന്ന അരുണിചന്ദ്രൻ കാടകത്തിന്റെ ജീവിതപുസ്തകത്തിൽ നമുക്ക് അത്ര പരിചയമില്ലാത്ത ഉള്ളുനീറ്റുന്ന കാഴ്ചകളുണ്ട്. എൻഡോസൾഫാൻ ദുരന്തത്തെ ഒരു ചിരിയോടെ അതിജീവിച്ച അമ്മയും മോനുമാണ് ഈ അക്ഷരങ്ങളിൽ നിറയെ. ഓർത്തുവേദനിക്കാൻ ഒരായിരം കാരണങ്ങളുണ്ടെങ്കിലും മുഖത്തെ പുഞ്ചിരി അരുണി ഒരിക്കലും മായ്ക്കാറില്ല. പൊള്ളുന്ന സങ്കടങ്ങളെ, അനുഭവങ്ങളുടെ കാലപ്പഴക്കം കൊണ്ട് മാറ്റിവയ്ക്കുന്ന കാസർകോട്ടെ എൻഡോസൾഫാൻ ദുരിതമേഖലയിലുള്ള കുറേ അമ്മമാർക്കുള്ള ആശ്വാസക്കരുതലാണാ ചിരി. അവർക്ക് പരസ്പരമുള്ള പ്രാണവായുവും എല്ലാം ശരിയാകുമെന്ന പ്രതീക്ഷ മാത്രമാണ്.
''എന്നേക്കാൾ കൂടുതൽ പ്രയാസം അനുഭവിക്കുന്ന എത്രയോ അമ്മമാരുണ്ട്, ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും കുരുന്നുകൾ ഒരേ പോലെയുള്ളവർ. വർഷങ്ങളായി കിടന്നകിടപ്പിലുള്ളവർ. അവരെ അറിയുന്നതുകൊണ്ടാവാം, എന്റെ സങ്കടങ്ങൾ ഓർത്ത് വിഷമിക്കാൻ തോന്നാറില്ല...""
അരുണിയുടെ മനസ് എൻഡോൾസഫാൻ ദുരിതബാധിത മേഖലയിലെ കുഞ്ഞുങ്ങളെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന എല്ലാ അമ്മമാരുടേതുമാണ്. അവരുടെ ലോകത്ത് എല്ലാവരും ഉറ്റവരാണ്, അല്ലെങ്കിൽ എല്ലാവരും എല്ലാവരുടേതുമാണ്. അരുണി അങ്ങനെയുള്ള കുറേ അമ്മമാരിൽ ഒരാൾ മാത്രമാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് കയ്പ്പേറിയ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നു പോയവർ, ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി മക്കളെ നെഞ്ചോടടുക്കി സമരമുഖത്തേക്ക് ഇറങ്ങേണ്ടി വന്നവരാണവർ, സഹായം കിട്ടാൻ ഇപ്പോഴും ഭൂമിയിലുണ്ടെന്ന് തെളിയിക്കാനായി 'സെൽഫി"യെടുത്ത് അയച്ചുകൊടുക്കണമെന്ന നിയമത്തിൽ തളർന്നിരിക്കാതെ പ്രതിഷേധിച്ചവർ. അരുണി കടന്നു വന്ന ജീവിതം പറയുമ്പോൾ അതിൽ പിറന്നുപോയതിന്റെ പേരിൽ മാത്രം ഏറെ അനുഭവിക്കേണ്ടി വന്ന കുരുന്നുകളുടെ കഷ്ടപ്പാടുകളുടെ നേർചിത്രങ്ങളും തെളിഞ്ഞു കാണാം.
ദേവ്നാഥിന്റെ അമ്മ
ഏഴുവയസുകാരൻ ദേവ്നാഥിന്റെ അമ്മയാണ് അരുണി. അവൻ ജനിച്ചു വീണതിന്റെ മൂന്നാമത്തെ ദിവസം തുടങ്ങിയ ആശുപത്രി ജീവിതമായിരുന്നു അവരുടേത്. ആറ്റുനോറ്റു കാത്തിരുന്ന കൺമണിക്ക് എന്താണ് പറ്റിയതെന്നുപോലും അറിയാത്ത ദിനരാത്രങ്ങൾ, അവനെ കണ്ണുനിറയെ കാണാൻ, മാറോടൊന്നു ചേർത്തുവയ്ക്കാൻ പോലും കഴിയാതെ വിങ്ങിപ്പൊട്ടി പോയ കാലമായിരുന്നു അതെന്ന് അരുണി ഓർക്കുന്നു. ആശുപത്രിയിലെ ചില്ലുഗ്ളാസിനിപ്പുറത്ത് അവന് കൊതിതീരെ പാലുകൊടുക്കാൻ പോലും കഴിയാതെ മാറി നിൽക്കേണ്ടി വന്ന നീണ്ട ദിവസങ്ങൾ. ശ്വാസതടസമായിരുന്നു ആദ്യം. കാസർകോട് ജില്ലാ ആശുപത്രിയിൽ നിന്നും മംഗലാപുരം കെ.എം.സി ആശുപത്രിയിലും ഫാദർ മുള്ളർ ആശുപത്രിയിലും മാറി മാറി സഞ്ചരിച്ച ചികിത്സാകാലം. നടക്കാൻ പ്രയാസമുണ്ടാകുമെന്നായിരുന്നു ആദ്യനിഗമനം. മനസിലന്ന് ഇരുട്ടായിരുന്നു. എന്തു ചെയ്യണമെന്നും എങ്ങോട്ടു പോകണമെന്നും അറിയാത്ത അവസ്ഥ. കനൽച്ചൂടിലൂടെ നടക്കുമ്പോഴും ആ വിഷമങ്ങളെല്ലാം മാറുമെന്നും പൊന്നുമോൻ സാധാരണജീവിതത്തിലേക്ക് നടന്നു വരുമെന്നും തന്നെയായിരുന്നു അരുണിയുടെയും ഭർത്താവ് ചന്ദ്രന്റെയും പ്രതീക്ഷ. വിഷമഴയിൽ തളർന്നു പോയ ഒരുപാട് ബാല്യങ്ങളുടെ നീണ്ടനിരയിലേക്കായിരുന്നു ദേവ്നാഥുമെന്നൊന്നും ആലോചിക്കാനുള്ള സാവകാശം അവർക്ക് കിട്ടിയിരുന്നില്ല. പതിയെ പതിയെ, നിരാശ മാത്രമായ ആ കാലം അവരെ പറഞ്ഞു പഠിപ്പിച്ചു, ഇനിയുമേറെ ദൂരം പോകാനുണ്ടെന്ന്, തളർന്നിരുന്നാൽ ഒരടി മുന്നോട്ടുനടക്കാൻ കഴിയില്ലെന്ന്. ഉള്ളിലെന്നോ ഉറങ്ങിക്കിടന്ന കരുത്ത് തനിക്കുണ്ടെന്ന് അരുണി പോലും മനസിലാക്കിയത് ആ കാലത്തിനുശേഷമാണ്. ഡ്രൈവറായ ചന്ദ്രൻ അധികനാൾ ജോലിയിൽ നിന്ന് മാറി നിൽക്കുമ്പോൾ ആ കുടുംബത്തിന്റെ താളം അപ്പാടെ തെറ്റുമായിരുന്നു. കുഞ്ഞിനെ നോക്കാനും പരിചരിക്കാനും തനിക്കു കഴിയണമെന്നും ധൈര്യം ഉള്ളിന്റെയുള്ളിൽ നിന്നും വരേണ്ടതാണെന്നും അരുണി തിരിച്ചറിഞ്ഞു. ഈ അവസ്ഥ അംഗീകരിക്കണമെന്ന് മംഗലാപുരം ആശുപത്രിയിലെ ഡോ. സിജോയായിരുന്നു ആത്മധൈര്യം പകർന്നത്. അച്ഛനും അമ്മയുമാണ് ആദ്യഡോക്ടർമാരെന്നും സ്നേഹത്തിലൂടെയും ക്ഷമയിലൂടെയുമേ അവനെ വളർത്താൻ കഴിയൂ എന്നും അദ്ദേഹം അരുണിയെ ഓർമ്മിപ്പിച്ചു. ആ നിമിഷം മുതൽ സങ്കടങ്ങൾ അരുണി മാറ്റിവച്ചു. അവന്റെ ഓരോ നിശ്വാസവുമറിഞ്ഞ് കൂടെ നിന്നപ്പോൾ വേദനകൾ മാഞ്ഞുപോയി.
അതിനുശേഷം ഇന്നോളമുള്ള കാലയളവിൽ പത്തോ പതിനഞ്ചോ മിനുറ്റ് വളരെ അപൂർവമായി, മാത്രമേ ദേവ്നാഥ് അമ്മയിൽ നിന്നും മാറി നിന്നിട്ടുള്ളൂ. കുഞ്ഞുണ്ണീ എന്ന അമ്മവിളി ചുരുങ്ങി ചുരുങ്ങി ഇപ്പോൾ കുഞ്ഞു എന്നായി. കുഞ്ഞൂ എന്ന് ആരു വിളിച്ചാലും അവൻ അവന്റെ ഭാഷയിൽ വിളി കേൾക്കും, മറുപടി പറയും. അരുണി വിശേഷങ്ങൾ പറയുമ്പോൾ ശ്രദ്ധയോടെ കേൾക്കും. അമ്മയ്ക്കു മനസിലാകുന്ന രീതിയിൽ പ്രതികരിക്കും. ഇപ്പോൾ എൻഡോസൾഫാൻ ദുരിത ബാധിതരുടെ കൂട്ടായ്മയിൽ ഒരുങ്ങിയ സ്നേഹവീട്ടിൽ ഫിസിയോ തെറാപ്പി ചികിത്സ നൽകുന്നുണ്ട്.
ഇടറാതെ അക്ഷരങ്ങളിലേക്ക്
പത്താം ക്ളാസ് വരെയേ അരുണി പഠിച്ചിട്ടുള്ളൂ. സാധാരാണക്കാരായ കുടുംബത്തിന് വീണ്ടും പഠിപ്പിക്കുന്നതിനുള്ള അവസ്ഥ ഇല്ലായിരുന്നു. കാസർകോട് ബോവിക്കാനം കൊടവഞ്ചി സ്വദേശിനിയാണ് അരുണി. അച്ഛൻ കെ.വി. കുഞ്ഞിരാമൻ, അമ്മ കുഞ്ഞമ്മ, ചേട്ടൻ അനിരുദ്ധൻ എന്നിവരുൾപ്പെടുന്ന കുടുംബം. തുളസി എന്നായിരുന്നു അരുണിക്ക് പേരിട്ടത്. കൂട്ടുകാർ പേരിനെ കളിയാക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ തന്നെയാണ് ആകാശവാണിയിലെ പരിപാടിക്കിടയിൽ അരുണി എന്നൊരു പേര് കണ്ടുപിടിച്ചത്. അമ്മ പാചകക്കാരിയായി ജോലി ചെയ്യുന്ന സ്കൂളിൽ ഇടയ്ക്ക് അരുണി സഹായിക്കാനെത്തും. കുറച്ചു കാലം ബീഡിതെറുത്തു. അതിനുശേഷമായിരുന്നു ചന്ദ്രനുമായുള്ള പ്രണയവും വിവാഹവും. പഠനശേഷമായിരുന്നു മനസിലെ ചിന്തകളൊക്കെ ഒരു ഡയറിയിൽ പകർത്താൻ തുടങ്ങിയത്. കൂട്ടുകാരിക്ക് ആട്ടോഗ്രാഫായി നൽകിയത് ഒരു കവിതയായിരുന്നു. ചുറ്റിലുമുള്ള കാഴ്ചകളും അനുഭവങ്ങളും ഒക്കെ തന്നെയായിരുന്നു അക്ഷരങ്ങളായി മാറിയത്. എഴുത്തിൽ ആത്മവിശ്വാസം ഒട്ടുമില്ലായിരുന്നു അന്ന്. അതുകൊണ്ടു തന്നെ ജീവിതരേഖകൾ നിറഞ്ഞ ആ ഡയറി നശിപ്പിച്ചു കളഞ്ഞു. ഫേസ് ബുക്കിലൂടെയായിരുന്നു എഴുത്തിലെ രണ്ടാമൂഴം. പ്രിയപ്പെട്ട അച്ഛനെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു ആദ്യം പങ്കുവച്ചത്. എന്നുമെന്നും അച്ഛൻകുട്ടിയായിരുന്നു അരുണി. അർബുദബാധിതനായിട്ടായിരുന്നു അച്ഛന്റെ മരണം. രോഗം തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്, അന്ന് കൂടെ നിന്ന് പരിചരിച്ച കാലവും മറന്നിട്ടില്ല. ഫേസ് ബുക്ക് കുറിപ്പുകളിലും ആത്മവിശ്വാസക്കുറവ് അപ്പോഴുമുണ്ടായിരുന്നു. സ്വന്തം പേരുവയ്ക്കാതെയായിരുന്നു എഴുത്ത്. പതിയെപ്പതിയെ സുഹൃത്തുക്കളുടെ നല്ല അഭിപ്രായങ്ങളിലൂടെ എഴുത്ത് വഴങ്ങുമെന്ന് തോന്നിത്തുടങ്ങി. എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് കൃത്യമായ നിർദ്ദേശങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചു. എൻഡോസൾഫാൻ സമരനായകൻ അമ്പലത്തറ കുഞ്ഞിക്കൃഷ്ണനും ഈ കുറിപ്പുകൾ പുസ്തമാക്കാനുള്ള ശ്രമങ്ങളിൽ മുന്നിൽ നിന്നു. തന്റെ എല്ലാ അക്ഷരങ്ങളെയും കുഞ്ഞുവിന് വേണ്ടിയാണ് സമർപ്പിക്കുന്നത്. ദേവ്നാഥിനെ നോക്കാനുള്ളതിനാൽ വീടുവിട്ട് ദൂരേക്കൊന്നും അധികനേരം മാറി നിൽക്കാൻ അരുണിക്ക് കഴിയില്ല. അവനെയും മടിയിലിരുത്തിയാണ് എഴുത്ത്. അമ്മ എഴുതുന്നത് അവന് മനസിലാകുന്നുണ്ടെന്ന് വിശ്വസിക്കാനാണ് അരുണിക്ക് ഇഷ്ടം. അവൻ ചിരിക്കുമ്പോൾ അതിന് പിന്നിൽ ഒരുപാട് മനുഷ്യരുടെ സ്നേഹം കൂടെയുണ്ടെന്ന് കുഞ്ഞുവിനറിയാമെന്ന് അരുണി പറയുന്നു, ഈ കാര്യങ്ങളൊക്കെ അവന് എന്നേ പറഞ്ഞുകൊടുത്തതാണ്. ആദ്യപതിപ്പ് കൽപ്പറ്റ നാരായണൻ മാഷാണ് ഒരു മാസം മുമ്പ് പ്രകാശനം ചെയ്തത്. ആ പതിപ്പ് വിറ്റുപോയി. രണ്ടാം പതിപ്പ് നവംബർ 14 ന് ദയാബായി പുറത്തിറക്കും
മിണ്ടാതിരിക്കാൻ മനസില്ല
എൻഡോൾസഫാൻ ബാധിതർ ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായി അംഗൻവാടി വർക്കർക്കൊപ്പമുള്ള സെൽഫി വേണമെന്ന നിലപാട് ഈയടുത്ത് ഏറെ വിവാദമായിരുന്നു. ഇതിലേറെ വേദനിപ്പിക്കുന്ന പൊള്ളിക്കരിഞ്ഞാലും ഉണങ്ങാത്ത മുറിവുകളിലൂടെയാണ് ഈ അമ്മമാരും കുടുംബാംഗങ്ങളും നടന്നുനീങ്ങേണ്ടി വരുന്നത്.
''ഞങ്ങൾക്കീ ഗതി ഉണ്ടാക്കിയതാരാണ്, പട്ടിക്ക് എറിഞ്ഞുകൊടുക്കും പോലെ തരുന്ന നോട്ടുകൾ ഞങ്ങൾ മടക്കി തലയണയാക്കി കിടക്കുന്നില്ല, വിശപ്പുമാറ്റാനും മരുന്നുവാങ്ങാനുമാണ് ഉപയോഗിക്കുന്നത്. 20-25 വയസിൽ തുടങ്ങിയതാണ് ഞങ്ങളുടെ ഈ നരകയാതന, എല്ലാവരെയും പോലെ സ്കൂളിൽ പോകുന്ന മക്കൾ, വൈകിട്ട് പണി കഴിഞ്ഞു വരുന്ന ഭർത്താവിനും മക്കൾക്കും ഒപ്പം ഇരുന്നു പഠിപ്പിക്കലും ഭക്ഷണം കഴിക്കലും കുട്ടികളുടെ കുറുമ്പും കളിയും ചിരിയും എല്ലാം ഉണ്ടാവുമായിരുന്ന ജീവിതം ഇല്ലാതാക്കിയത് ആരാണ്. അതിന്റെ കൂടെ നിങ്ങളുടെയൊക്കെ ആട്ടും തൂപ്പും കേൾക്കുക കൂടി വേണമല്ലോ ഏമാൻമാരെ. മിണ്ടാതിരിക്കാൻ മനസില്ല, ശ്വാസം നിലയ്ക്കും വരെ പറയാനുള്ളത് പറയും...""അരുണി ചോദ്യശരങ്ങൾ ഉയർത്തുന്നു.
എൻഡോസൾഫാൻ രോഗബാധിതരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കേണ്ടി വരുന്ന ദുരവസ്ഥയും ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ ഉദാസീനതയുമാണ് ഈ അമ്മമാർ നേരിടേണ്ടി വരുന്ന ഏറ്റവും വലിയശാപമെന്ന് അവരുടെ അനുഭവങ്ങൾ അടിവരയിടുന്നു. മറ്റുജില്ലകാർക്കൊന്നുമില്ലാത്ത ആനുകൂല്യങ്ങളല്ലേ നിങ്ങൾക്ക് കിട്ടുന്നത്. പിന്നെ എന്തിനാണ് ആവലാതികൾ, കാത്തിരുന്നുകൂടേ എന്ന ചോദ്യം കേൾക്കുമ്പോൾ കണ്ണീരിലുറയാതെ പോകുന്നതെങ്ങനെയെന്ന് നിറകൺചിരിയോടെ അരുണി ചോദിക്കുന്നത് സമൂഹത്തോടു കൂടിയാണ്. പൊരുതി പൊരുതി മുന്നോട്ടു വന്നതിനാലാവണം മനസു നിറഞ്ഞു ചിരിക്കാൻ അരുണിക്ക് കഴിയുന്നുണ്ട്. പാതി അടഞ്ഞ വാതിലെന്ന് വിചാരിക്കുന്നതിനെക്കൾ പാതി തുറന്ന വാതിലെന്ന പോലെയാണ് ജീവിതത്തെ നോക്കി കാണുന്നത്. അതു വഴി വരുന്ന വെളിച്ചം മതി നമുക്ക് സന്തോഷിക്കാൻ, കുഞ്ഞൂന്റമ്മ പറയുമ്പോൾ ആ വലിയ സന്തോഷങ്ങളെ കാണാതിരിക്കുന്നതെങ്ങനെ?