ഇക്കഴിഞ്ഞ ഓണക്കാലത്ത് കേരളം കുടിച്ച് തീർത്ത മദ്യത്തിന്റെ അളവും അതിന് ചെലവഴിച്ച തുകയും ഏറെ ഞെട്ടലുളവാക്കുന്നതായിരുന്നു. ഓരോ ദിവസം കഴിയുമ്പോഴും മദ്യലഹരിയിൽ അഭയം തേടുന്ന മലയാളികളുടെ എണ്ണവും കൂടി വരികയാണെന്നതാണ് യാഥാർത്ഥ്യം. ഒരിക്കൽ മദ്യത്തിന് അടിമപ്പെട്ടുകഴിഞ്ഞാൽ അതിൽ നിന്നും തിരിച്ചു വരാൻ കഴിയാത്തതും ലഹരി തന്നെ ജീവിതം എന്ന അവസ്ഥയിലെത്തിക്കുന്നു. മദ്യത്തിൽ നിന്നും തിരിച്ചു നടക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് തണലായി മാറുന്ന തൃശൂരിലെ പുനർജനി സാന്ത്വനത്തിന്റെ പുതിയ തീരമാണെന്ന് നിസംശയം പറയാം.
2004 ലാണ് മദ്യാസക്തരോഗിയായിരുന്ന ഡോ. ജോൺസ് കെ. മംഗലത്തിന്റെ നേതൃത്വത്തിൽ പുനർജനി ചാരിറ്റബിൾ ട്രസ്റ്റ് ഫോർ ഡി അഡിക്ഷൻ ആന്റ് റിഹാബിലിറ്റേഷൻ എന്ന പേരിൽ ഒരു എൻ.ജി.ഒയ്ക്ക് തുടക്കമിട്ടത്. ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന നൂറുകണക്കിന് ആളുകളാണ് പ്രതിദിനം പുനർജനിയിൽ അഭയം തേടുന്നത്. ഏതാണ്ട് 16, 000 ൽ പരം രോഗികളെ മദ്യപാനം അവസാനിപ്പിച്ച് പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോകാൻ കഴിഞ്ഞുവെന്നത് പുനർജനിയുടെ നേട്ടമാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന സ്ത്രീവിഭാഗം മദ്യപാനികളുടെ ഭാര്യമാരാണെന്ന അഭിപ്രായക്കാരനാണ് പുനർജനിയുടെ സ്ഥാപകനായ ജോൺസൻ മാഷ്. അത് നൂറുശതമാനം സത്യമാണ്. ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിക്കപ്പെടുകയും പ്രതികരണശേഷി നഷ്ടപ്പെട്ടുപോവുകയും ചെയ്യും ലോകത്തിലെ ഏറ്റവും പീഡിത ജനതയാണ് മദ്യപന്മാരുടെ ഭാര്യമാർ. കഴിഞ്ഞ 16 വർഷംകൊണ്ട് എത്രയോ ഭാര്യമാരുടെ കണ്ണീരൊപ്പാൻ പുനർജനിക്ക് കഴിഞ്ഞിരിക്കുന്നു. കേരളത്തിലെമ്പാടും കൂണുകൾ പോലെ മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്ന ഡി-അഡിക്ഷൻ സെന്ററുകളിൽ, തടവിൽ പാർപ്പിച്ചും മാരകമായ മരുന്നുകൾ ഉപയോഗിച്ചും കാലഹരണപ്പെട്ട രീതിയായ ഷോക്ക് ഉപയോഗിച്ചുമാണ് ചികിത്സ പുരോഗമിക്കുന്നത്. എന്നാൽ ലോകശ്രദ്ധ നേടാൻ യോഗ്യതയുള്ളതും, അനേക വർഷത്തെ നിരന്തര പരീക്ഷണ നീരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ തികച്ചും തനതായ മാർഗങ്ങളിലൂടെ മദ്യവിമുക്തി കൈവരിക്കാൻ സഹായിക്കുകയാണ് 'പുനർജനി" ചെയ്യുന്നത്. തികച്ചും മതേതരവും ശാസ്ത്രീയവുമായ മാർഗങ്ങളിലൂടെയും യാതൊരുവിധ മരുന്നുകളും ഉപയോഗിക്കാതെയും രോഗികളെ തടവിലിടാതെയുമാണ് ഇവിടെ ചികിത്സ നടത്തുന്നത്. അതിനെ കുറിച്ച് കൂടുതലറിയാൻ വെബ്സൈറ്റും സന്ദർശിക്കാം.
തൃശൂരിലെ, ശ്രീ കേരളവർമ്മ കോളേജിൽ നിന്നും പതിനൊന്നുവർഷത്തെ അദ്ധ്യാപനവൃത്തിയിൽ നിന്നും പിരിഞ്ഞ ജോൺസൻ മാഷുടെ ശേഷജീവിതം മദ്യാസക്തർക്കൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചതിന് പിന്നിലൊരു കഥയുണ്ട്.1980-ൽ ശ്രീ കേരളവർമ്മയിൽ ബി.എ ഫിലോസഫി വിദ്യാർത്ഥിയായി ചേർന്ന്, പ്രീഡിഗ്രിക്ക് രണ്ടുതവണ തോറ്റ് മൂന്നാം ശ്രമത്തിൽ ജയിച്ച ജോൺസനെന്ന പൂമല സ്വദേശി മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം 'ചുമട്ട് തൊഴിലാളിക്ക് ഒന്നാം റാങ്ക് " എന്ന തലക്കെട്ടോടെ പത്രവാർത്തകളിൽ സ്ഥാനം പിടിച്ചത് കഠിനപരിശ്രമത്തിലൂടെയായിരുന്നു. പക്ഷേ, അപ്പോഴും 'അച്ഛനേക്കാൾ കേമനായ മദ്യപാനി" എന്ന ദുഷ്പേര് മുറുകെ പിടിച്ചിരുന്നു. കോഴിക്കോട് സർവകലാശാലയിൽ എം.എയ്ക്ക് ചേരുമ്പോഴും അതിൽ ഒന്നാം റാങ്ക് നേടിയപ്പോഴും പിന്നീട് കേരളത്തിലാദ്യമായി ഫിലോസഫിയിൽ യു.ജി.സി. ഫെലോഷിപ്പ് വാങ്ങുമ്പോഴും ഗവേഷണം നടത്തുമ്പോഴും യൂണിവേഴ്സിറ്റി സെനറ്റിലും അക്കാഡമിക് കൗൺസിലിലും അംഗമായിരിക്കാൻ അവസരം ലഭിച്ചിട്ടും, മറ്റെല്ലാ യോഗ്യതകളേക്കാളും അദ്ദേഹം അറിയപ്പെട്ടിരുന്നത് 'മുഴുകുടിയൻ"എന്ന മേൽവിലാസത്തിലായിരുന്നു. പലവട്ടം അതിൽ നിന്നും രക്ഷ നേടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഒടുവിൽ ജീവിതം കൈവിട്ട് പോകുന്നുവെന്ന തിരിച്ചറിവിൽ നിന്ന് പതിയെ ജോൺസൺ പഴയ കാലത്തേക്ക് നടന്നു തുടങ്ങി. അങ്ങനെ 36 വർഷത്തെ മദ്യാസക്ത ജീവിതം അദ്ദേഹം അവസാനിപ്പിച്ചു. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് മദ്യാസക്തരോഗികളെ, രോഗവിമുക്തരാക്കുവാൻ പര്യാപ്തരായവർ മുമ്പ് മദ്യാസക്ത രോഗികളായവരാണ് എന്ന കണ്ടെത്തലിലേക്ക് എത്തുന്നത്. ''മുറിവേറ്റ പരിചാരകൻ""എന്ന സങ്കൽപ്പം സഫലമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇന്ന് പുനർജനിയിൽ നടത്തുന്നത്.
''മദ്യാസക്തി മാരകമായ ഒരു കുടുംബരോഗമാണ്""എന്ന വസ്തുത കേരള ജനതയെ ബോദ്ധ്യപ്പെടുത്തിയും ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിയും അനേകായിരങ്ങളെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരികയാണ് ജോൺസണും കൂട്ടരും. മദ്യത്തിനടിമപ്പെട്ടവനും കുടുംബവും 21 ദിവസവും മറ്റു രോഗികളുടെ കൂടെ ഇവിടെ താമസിച്ച് തിരച്ചറിവ് നേടിയാണ് മടങ്ങി പോവുക. ഈ ദിവസങ്ങളിലെല്ലാം കുടുംബസമേതം ട്രസ്റ്റിന്റെ കെട്ടിടങ്ങളിൽ താമസിച്ച് പരസ്പരം സംസാരിച്ച് ഓരോരുത്തർക്കും മദ്യപാനാസക്തി മൂലമുണ്ടായ നഷ്ടങ്ങൾ സ്വയം വിലയിരുത്താനും കഴിയുന്നു. അതുപോലെ, ആൽക്കഹോളിസം എന്ന രോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും ബോധവൽക്കരിക്കുന്നതിലൂടെയും പരസ്പര സഹായത്തിലൂടെയും പങ്കാളിത്തത്തിലൂടെയും രോഗി സ്വയം തിരിച്ചറിയുന്നു. അക്കാഡമിക് വിദ്യാഭ്യാസവും പരിശീലനവും സിദ്ധിച്ചിട്ടുള്ള സോഷ്യൽവർക്കറേക്കാളും, കൗൺസിലർമാരേക്കാളും ഉള്ളുതുറന്നു സംസാരിക്കുവാനും പരസ്പരം അനുഭവങ്ങൾ പങ്കിടാനും പരിചരണം നൽകാനും മുന്നിൽ നിൽക്കുന്നതും രോഗികൾ തന്നെയാണ്.അതിനൂതനവും മനഃശാസ്ത്രപരവുമായ മാർഗങ്ങളിലൂടെ രോഗികളെ മദ്യവിമുക്തമാക്കുന്ന 'പുനർജനി'ക്ക് നാളിതുവരെ കേരള സംസ്ഥാന ഗവൺമെന്റിന്റെ അംഗീകാരമോ ധനസഹായമോ ലഭിച്ചിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്. നൂതനമായ മാർഗങ്ങളെ അംഗീകരിക്കാൻ ജനങ്ങളും സർക്കാരുകളും ഒരുപോലെ വിമുഖരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എങ്കിലും തന്റെ ജീവിതം പുനർജനിക്കായി മാറ്റി വയ്ക്കുകയാണെന്ന് ജോൺസൺ പറയുന്നു.
ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'കുടിയന്റെ കുമ്പസാരം", 'മദ്യപരറിഞ്ഞ് കുടിനിർത്താം". 'മലയാളികളുടെ ആസക്തികൾ" എന്നീ മൂന്ന് പുസ്തകങ്ങൾ ജോൺസൻ എഴുതിയിട്ടുണ്ട്. മദ്യാസക്തി മാരാകമായൊരു കുടുംബരോഗമാണെന്ന് പ്രചരിപ്പിക്കുവാൻ പുനർജനി നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്തു വരുന്ന ഡോക്യുഫിക്ഷനുകളാണ് 'അമൃതം ഗമയ", 'പിതൃഹത്യ" എന്നിവ.മദ്യാസക്തരോഗികളെ വീണ്ടും മദ്യപിക്കാൻ നിർബന്ധിക്കുന്ന സാഹചര്യങ്ങളിൽ നിന്നും മാറ്റി നിറുത്തിയും മരുന്നുകൾ നൽകുന്നതിനു പകരം ഘട്ടംഘട്ടമായി അളവുകുറച്ച് മദ്യം നൽകിയുമാണ് ക്രമേണ മദ്യപാനം അവസാനിപ്പിക്കുന്നത്. പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത ഈ സമ്പ്രദായങ്ങളിലൂടെ രോഗവിമുക്തി കൈവരിക്കുന്ന ഓരോ രോഗിയും പുനർജനിയുടെ അടുത്ത ബന്ധു കൂടിയാകുന്നു. അനേക ലക്ഷം മനുഷ്യരെ ശാന്തിയും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായിക്കാനാകുമെന്ന പ്രത്യാശ ജോൺസണും കൂട്ടർക്കും ഇനിയുമുണ്ട്.
Web: www.punarjani.orgE-Mail: punarjanipoomala@yahoo.comPhone: 0487-2203015, Mobile: 8281478832