ഇന്ന് പൊതുവെ നമ്മൾ കേൾക്കുന്ന ഒരു പല്ലവിയാണ് പിള്ളേരൊന്നും രക്ഷകർത്താക്കളെ അനുസരിക്കുന്നില്ല എന്നത്. ന്യൂജനറേഷനെന്നു ഓമനപ്പേരിട്ട് വിളിക്കുന്ന പുത്തൻ തലമുറയ്ക്ക് പണ്ടത്തെ ആളുകളെപ്പോലെ സ്വന്തം കുടുംബത്തോടുപോലും അത്ര മമതയോ കൂടുതൽ അടുപ്പമോ ഇല്ല. പിന്നെ മറ്റുള്ളവരോടുള്ള സമീപനം പറയേണ്ടല്ലോ! ആദ്യം കൂട്ടുകുടുംബമായിരുന്നു പുരോഗമനം വന്നപ്പോൾ പിരിഞ്ഞ് അണുകുടുംബമായി. പുരോഗമനം ഇരട്ടിച്ചപ്പോൾ ഇതാ അതിലെ അണുക്കൾ തനിയെ പിരിഞ്ഞ് അവരുടെ വഴിയേ പോകുന്നു!
കൈയിൽ ഒരു സെൽഫോണും കാതിൽ രണ്ടിലും ഇയർ ഫോണും ഉണ്ടെങ്കിൽ പിന്നെ പരിസരം പോലും മറക്കുന്നവരാണ് ഇക്കൂട്ടർ. മുൻപ് ഒരാൾ തനിയെ വഴിയേ സംസാരിച്ചു കൊണ്ടുപോയാൽ പിരി ലൂസെന്നോ വട്ടെന്നോ ഒക്കെ ജനം കണക്കാക്കുമായിരുന്നു. ഇന്നാകട്ടെ കൈയിലും കാതിലും മേൽപ്പറഞ്ഞവയൊന്നുമില്ലാതെ ആരെങ്കിലും നിന്നാൽ അവർക്കാണ് വട്ടെന്ന് പറയുന്ന സ്ഥിതിയിലായി ! പല കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച് അവരെ വളർത്തി വലുതാക്കി ഒരുനിലയിൽ എത്തിക്കുമ്പോൾ അവർ പറയുന്നത് അച്ഛനും അമ്മയ്ക്കും ഒന്നുമറിയില്ലെന്നാണ്.
എന്തു ചെയ്യാം വിവര സാങ്കേതിക വിദ്യ വികസിച്ചപ്പോൾ വിവരം കുറയുകയും സാങ്കേതിക വിദ്യ മുന്നേറുകയും ചെയ്തു. പോകട്ടെ, ഈ പ്രവണത മനുഷ്യരിൽ മാത്രമാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇതിനേക്കാൾ വലിയ 'കുരുത്തക്കേടുകൾ" ചെയ്യുന്ന ന്യൂജെൻ കക്ഷികൾ വേറെയും ഉണ്ടെന്ന കാര്യം വളരെ യാദൃച്ഛികമായി കിട്ടിയ ഒരു ഫോട്ടോയിൽ നിന്നും എനിക്ക് മനസിലായി. അത് ഇങ്ങനെ, ഒരു ഒഴിവു ദിവസം ഫോട്ടോ ഷൂട്ടിനായി പോകുമ്പോൾ കാടിനരുകിലെ വീണുകിടക്കുന്ന ഒരു മരത്തിൽ കുറച്ച് കുരങ്ങുകൾ ഇരിക്കുന്നത് കണ്ടു. അച്ഛനും അമ്മയും കുഞ്ഞുകുട്ടികളും ഉൾപ്പെടുന്ന സംഘം. അവരുടെ പല ചേഷ്ടകളും ഞാൻ കുറെ നേരം നോക്കിനിന്നു. അതിനിടെ ഒരു വിദ്വാൻ അച്ഛൻകുരങ്ങിന്റെ തലയിൽ കയറി താഴേക്ക് നിരങ്ങിയിറങ്ങി. ഒരുവിധം ഫോക്കസ് ചെയ്തു വച്ചിരുന്ന കാമറ സമയം പാഴാക്കാതെ ക്ലിക്ക് ചെയ്തു. ഹ്യൂമർ വിഭാഗത്തിൽ രണ്ട് സമ്മാനങ്ങൾ കിട്ടിയ പടമാണ് ഇത്. 'മോനെ അപ്പന്റെ തലേക്കെറി നെരങ്ങല്ലേ..." എന്ന കാപ്ഷനായിരുന്നു കൊടുത്തത്. അക്ഷരാർത്ഥത്തിൽ അനുയോജ്യമായ തലക്കെട്ടെന്നായിരുന്നു ജൂറിയുടെ അഭിപ്രായം.
(ദത്തന്റെ ഫോൺ നമ്പർ : 94430 32995)