ആദ്യമായി ഞാൻ കൊല്ലൂരിൽ മൂകാംബികാ ദേവിയുടെ ദർശനത്തിനായി ചെന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ആത്മീയാനുഭവമായിരുന്നു. അതിനെ വാക്കുകളിൽ പകർത്താൻ ഞാൻ കൈവരിച്ച ഭാഷാ പരിജ്ഞാനം അപര്യാപ്തമാണ്. എനിക്ക് ആത്മാവുകൊണ്ട് തൊട്ടറിയാൻ മാത്രമുള്ള അവർണനീയമായ ഒരു വൈയക്തികാനുഭവമാണത്. ദേവിയുടെ സാന്നിദ്ധ്യത്തിൽ കണ്ണടച്ചു നിൽക്കുമ്പോൾ ദേഹം ഇല്ലാതെയാകുന്നതു പോലേയും ഞാൻ ആത്മാവുമാത്രമായി തീരുന്നതായും തോന്നി.
ദേവീമാഹാത്മ്യത്തെക്കുറിച്ച് വളരെ കാലമായി ഞാൻ കേട്ടറിഞ്ഞിരുന്നു. വായിച്ചും അറിഞ്ഞിരുന്നു. കുടജാദ്രി കുന്നിൻനിരകളിലെ ദേവീക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ ഞാൻ മൂകാംബികാദേവിയെ കുറിച്ചുള്ള ഐതിഹ്യം ഓർക്കുകയായിരുന്നു. പിന്നിൽ പക്ഷികളുടെ കുറുകലുകളും മരങ്ങൾക്കിടയിലൂടെ ഓടുന്ന പേടമാനുകളുടെ കാലൊച്ചകളും കേട്ടു. പക്ഷേ ഞാൻ തിരിഞ്ഞു നോക്കിയില്ല. ദേവിയുടെ കാൽച്ചിലങ്കകളുടെ കിലുക്കം കേട്ടാൽ ഞാൻ തിരിഞ്ഞു നോക്കുമായിരുന്നോ? ശങ്കരാചാര്യരുടെ ആഗ്രഹമായിരുന്നു കേരളത്തിൽ ഒരിടത്ത് ദേവീവിഗ്രഹം പ്രതിഷ്ഠിക്കുക എന്നത്. ദേവി സമ്മതിച്ചു. പക്ഷേ, ഒരു നിബന്ധനയുണ്ടായിരുന്നു. ലക്ഷ്യത്തിലെത്തുന്നതുവരെ ശങ്കരാചാര്യർ പിറകിലേക്ക് തിരിഞ്ഞു നോക്കരുതെന്ന്. അങ്ങനെ അവർ കേരളത്തിലേക്ക് സഞ്ചരിച്ചു. ശങ്കരാചാര്യരെ പരീക്ഷിക്കാനായി പിറകിൽ നടക്കുന്ന ദേവി തന്റെ കാൽച്ചിലങ്കകളുടെ കിലുക്കം നിശബ്ദമാക്കി. ദേവിക്ക് എന്തുപറ്റിയെന്ന ആകാംക്ഷയോടെ ശങ്കരാചാര്യർ തിരിഞ്ഞുനോക്കി. അങ്ങനെ ശങ്കരാചാര്യർ വാക്ക് തെറ്റിച്ചു. തുടർന്ന് മുന്നോട്ടുയാത്ര ചെയ്യുവാൻ അവർക്ക് കഴിയുമായിരുന്നില്ല. അപ്പോൾ അവർ കുടജാദ്രി കുന്നുകളുടെ അടിവാരത്തിലായിരുന്നു. ദേവി തന്നെ അവിടെ പ്രതിഷ്ഠിക്കുവാൻ ശങ്കരാചാര്യരോട് ആവശ്യപ്പെട്ടു. ആ കഥ യാത്രയിലുടനീളം ഞാനോർക്കുകയായിരുന്നു.
ഞാൻ കണ്ടു പരിചയിച്ച മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമാണ് കൊല്ലൂരിലെ മൂകാംബിക ക്ഷേത്രമെന്ന് അവിടെ പോകുമ്പോഴെല്ലാം എനിക്ക് തോന്നാറുണ്ട്. അവിടം ഭക്തിയുടെയും വിദ്യയുടെയും സർഗാത്മകതയുടെയും പ്രഭവകേന്ദ്രമാണ്. ദേവീസന്നിധിയിൽ കണ്ണടച്ചു നിൽക്കുമ്പോൾ എന്റെ ഉള്ളിലെ എഴുത്തുകാരൻ ഞാനറിയാതെ പേന കൈയിലേന്തി എഴുതുവാൻ തുടങ്ങുന്നതായി തോന്നി. അപ്പോൾ മനസിലായി, എന്തുകൊണ്ടാണ് യേശുദാസും എം.ടിയും മൂകാംബികയുടെ ആരാധകരായി മാറിയതെന്ന്. അവർ പിറന്നാളിന് അവിടെ പോകാറുണ്ട്. ദേവിയുടെ അനുഗ്രഹം ലഭിച്ച കലാകാരൻമാരാണ് അവർ. കൊല്ലൂർ ക്ഷേത്രപരിസരത്തിലേക്ക് കാൽവയ്ക്കുമ്പോൾ തന്നെ എവിടെ നിന്നൊക്കെയോ സംഗീതത്തിന്റെ അലകൾ ഒഴുകി വരുന്നതായി തോന്നും. മൂകാംബിക എന്നെ സംഗീതമാക്കി മാറ്റുന്നു.
ഞാനും ഭാര്യയും ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തിൽ കുറേ നേരം ഇരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് അവൾ നൃത്തം ചെയ്തിരുന്നു. സരസ്വതീമണ്ഡപത്തിൽ നർത്തകികളുടെ കാലുകളിലെ ചിലങ്കയൊച്ചകൾ കേൾക്കാമായിരുന്നു. അരങ്ങേറ്റത്തിനെത്തുന്ന ബാലികമാർ അവിടെ സരസ്വതീ ദേവിക്ക് നൃത്താർച്ചനകൾ അർപ്പിക്കുകയായിരുന്നു.
കഴിഞ്ഞ തവണ ഞാൻ അവിടെ ചെന്നപ്പോൾ, 'അരവിന്ദന്റെ അതിഥികൾ" സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. ഭക്തിനിർഭരവും സംഗീതമയവുമായ ക്ഷേത്രാന്തരീക്ഷം കാമറകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ആ സിനിമക്ക് ദേവി മൂകാംബികയുടെ അനുഗ്രഹമുണ്ടെന്ന് അപ്പോഴേ എനിക്ക് തോന്നിയിരുന്നു. അതുകൊണ്ടായിരുന്നില്ലേ, അരവിന്ദന്റെ അതിഥികൾ പ്രദർശനത്തിന്റെ നൂറുദിനങ്ങൾ പിന്നിട്ട് ഒരു വലിയ വിജയമായത്.
എഴുത്തുകാരുടെയും കലാകാരൻമാരുടെയും മനസിൽ എപ്പോഴും മൂകാംബികയുണ്ടാകണം. വിദ്യയുടെയും കലയുടെയും ദേവി കൂടിയാണ് മൂകാംബിക. ദേവിയുടെ അനുഗ്രഹങ്ങൾ തേടി ഞാൻ ഇനിയും അവിടെ പോകും...കാരണം എനിക്കിനിയും ഒരുപാട് എഴുതുവാൻ ബാക്കിയുണ്ട്. ഇത്രയേറെ എഴുതിയിട്ടും എഴുതിത്തീർന്നില്ലെന്ന തോന്നൽ മനസിൽ നിന്നു പോകുന്നില്ല.
ഞങ്ങൾ എഴുത്തുകാരുടെ സ്വന്തം അമ്മയാണ് മൂകാംബിക ദേവി. അനുഗ്രഹങ്ങൾക്കും സാന്ത്വനത്തിനും മനഃശാന്തിക്കുമായി മക്കൾ അമ്മയുടെ അരികില്ലല്ലാതെ മറ്റെവിടെയാണ് പോകുക?