യു.പി. സ്കൂൾ പ്രധാനാദ്ധ്യാപികയായി വിരമിച്ച പത്മാക്ഷിയമ്മ നാട്ടുകാർക്കും ബന്ധുക്കൾക്കുമൊക്കെ ടീച്ചറാണ്. മൂന്നും നാലും ദശാബ്ദങ്ങൾക്ക് മുമ്പ് പഠിച്ചിരുന്നവർ പോലും ടീച്ചറെ കാണാനെത്തും. അപ്പോൾ ടീച്ചറുടെ കൊച്ചുവീട് ഒരു വലിയ വിദ്യാലയമായ പോലെ തോന്നും. ജോലികിട്ടിയശേഷം സായാഹ്നക്ലാസുകളിലൂടെ പല ഉന്നത ബിരുദങ്ങളും നേടി. എങ്കിലും കൊച്ചുകുട്ടികളെ വിട്ടുപോകാനുള്ള പ്രയാസം കൊണ്ട് മറ്റ് ജോലികൾക്കൊന്നും ശ്രമിച്ചിരുന്നില്ല.
ടീച്ചറുടെ വീട്ടിൽ രണ്ടുമൂന്നു മുറികളേയുള്ളൂ. എന്താ പുതുക്കിപണിയാത്തത്, മറ്റൊരു വലിയവീട് വച്ചുകൂടെ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനും മറ്റൊരു വീട് വയ്ക്കാൻ താല്പര്യമുണ്ടായിരുന്നു. സ്വസ്ഥതയുള്ള, സമാധാനം തരുന്ന, ഉറക്കത്തിൽ ഞെട്ടിയുണരാത്ത ഒരിടം - അതിലപ്പുറം പ്രാധാന്യം വീടിനുണ്ടോ? സ്നേഹവും നല്ല വാക്കുകളും നല്ല ചിന്തകളും കൊണ്ടാണ് വീട് വലുതാകേണ്ടത്. ടീച്ചറുടെ ഈ മനോഭാവം ശരിയാണെന്ന് മറ്റുള്ളവർക്കും തോന്നാറുണ്ട്.
മകൻ നഗരത്തിൽ വച്ച വീട്ടിൽ ടീച്ചറും ഭർത്താവും ഒരാഴ്ച നിന്നു. ഒരു മാസം നിൽക്കണമെന്ന് മകനും കുടുംബവും നിർബന്ധിച്ചെങ്കിലും പിന്നീട് വരാമെന്നായി ടീച്ചർ. അമ്മൂമ്മ കൂടെയുണ്ടാകണമെന്ന് പേരക്കുട്ടികൾക്കും വലിയ ആഗ്രഹം.
പുതിയ വീട് എങ്ങനെയുണ്ട്... മരുമകളാണ് അഭിപ്രായം ചോദിച്ചത്. കൊള്ളാം, എല്ലാ വീടുകളും നല്ലതാണ്. ലോകത്തെ ഭൂരിഭാഗം പേരും ഓരോ വീടിനുള്ളിലല്ലേ കഴിയുന്നത്. അവരെ ഉറക്കത്തിലും ഉറങ്ങാതെ കാക്കുന്ന വീടുകൾ ശരിക്കും കാവൽക്കാരാണ്. തന്റെ ഉള്ളം കൈയിലൊതുങ്ങാത്ത വലിയ വീടെന്ന തോന്നൽ ഗൃഹനാഥനോ നാഥയ്ക്കോ ഒരിക്കലും തോന്നരുത്.
സന്ദർശകരില്ലാത്ത വീട് അടച്ചിട്ട ദേവാലയം പോലെ. ഒരിക്കൽ വന്നവർക്ക് വീണ്ടും വരാൻ തോന്നണം. പല വീടുകൾക്കും വിസ്താരമേറിയ സ്വീകരണ മുറിയുണ്ട്. പക്ഷേ എത്രപേർ വരുന്നുണ്ട്. വലിയവലിയ ബിരുദങ്ങളൊക്കെ ഗേറ്റിന് മുന്നിലെ ബോർഡിലുണ്ടാകും. പക്ഷേ സാമാന്യ മര്യാദയിൽ എളിമയുള്ള പെരുമാറ്റത്തിൽ പലരും നിരക്ഷരരാണ്.
ചൂടുള്ളതും തണുപ്പുള്ളതുമൊക്കെ നിമിഷങ്ങൾക്കുള്ളിൽ കൊടുക്കാനുള്ള സൗകര്യം കാണും. പക്ഷേ ദാഹിച്ച വെള്ളം പോലും കൊടുക്കാത്തവരുമുണ്ട്. വില കൂടിയ കസേരകളിൽ വിലയും നിലയുമില്ലാത്തവരെ എങ്ങനെ ഇരുത്തും എന്ന് സംശയിച്ചുനിൽക്കുന്നവരും കുറവല്ല. മകനും കുടുംബവും ടീച്ചറുടെ നിരീക്ഷണങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു.
തനിക്ക് എന്തെങ്കിലും ഗുണങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അതെല്ലാം കൊച്ചുവീടുതന്നതാണ്. ചെറിയ പൂമുഖം. പക്ഷേ സന്ദർശകർ വന്നിരുന്ന് സംസാരിക്കുമ്പോൾ അതൊരു പൂന്തോട്ടം. ഇരിക്കാൻ ആഡംബരക്കസേരകൾ വേണ്ട. രാജകീയ മെത്തകൾ വേണ്ട. ഉള്ള സ്ഥലത്ത് ഇരിക്കും വിശ്രമിക്കും ഉറങ്ങും. അത് എത്രപേരായാലും കുഴപ്പമില്ല. കാരണം വീടിനേക്കാൾ വിസ്തീർണം മനസിനുണ്ടായിരിക്കും.
ഓരോ വീടും പഠിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അതുകൂടി മനസിലാക്കിയാലേ നല്ല ഗൃഹനാഥനും ഗൃഹനായികയുമായുള്ളൂ. മുത്തശ്ശിയുടെ വാക്കുകൾ കേട്ടിരുന്ന പേരക്കുട്ടികൾ സ്നേഹപൂർവം കവിളിൽ ഉമ്മ വച്ചു. അപ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
(ഫോൺ: 9946108220)