രാജ്യങ്ങൾക്ക് അതിരുകൾ ഉണ്ട്. ആധുനിക മനുഷ്യർ ഓരോന്നിനും അതിരുകൾ തീർക്കുന്നു. എന്നാൽ അരങ്ങിൽ സൃഷ്ടിക്കപ്പെടുന്ന ലോകങ്ങൾക്ക് അതിരുകളില്ല. ആ സർഗസൃഷ്ടികൾ മാനവികതയുടെയും സഹിഷ്ണുതയുടെയും ചരിത്രം കുറിക്കുന്ന ലോകങ്ങളെയാണ് പ്രകാശിപ്പിക്കുന്നത്."
പ്രൊഫ. കാർലസ് സെലിഡ്രൻ
(ക്യൂബൻ നാടക സൈദ്ധാന്തികൻ)
പതിനേഴാം നൂറ്റാണ്ടിലെ ഡച്ച്, കേരള സൗഹൃദാരംഭം മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ നെതർലൻഡ് സന്ദർശിച്ച് ഉടമ്പടികൾക്ക് തുടക്കം കുറിക്കുന്നതുവരെയുള്ള ചരിത്ര സാക്ഷ്യങ്ങളാണ് കൊച്ചി താജ് മലബാർ ഹോട്ടലിൽ ഡച്ച് രാജാവ് വില്ലം അലക്സാൻഡർ, രാജ്ഞി മാക്സിമ സൊറഗിറ്റാ സെരൂറ്റി, ഡച്ച് ഉന്നതാധികാര സംഘം, കേരള മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത നാടക ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂരിന്റെ സർഗാവിഷ്കാരത്തിൽ 'ഗീതോൺ ടു കേരള" എന്ന മൾട്ടി മീഡിയ മെഗാ ഷോ അരങ്ങേറിയത്. കാഴ്ചയുടെ സൗരഭ്യം പ്രേക്ഷകരിലേക്ക് പകർന്നു നൽകിയപ്പോൾ കാർലസ് സെലിഡ്രൻ എന്ന വിഖ്യാത ക്യൂബൻ നാടകകൃത്തിന്റെ വാക്കുകളുടെ അർത്ഥതലങ്ങളിലേക്കാണ് ഈ മൾട്ടീമീഡിയ അവതരണത്തിന്റെ ഓരോ ചിന്താധാരയും കടന്നു പോയത് .
1604 നവംബർ 11 ന് സ്റ്റീവൻ വാൻഡർ ഹേഗൻ എന്ന ഡച്ച് അഡ്മിറൽ ഇന്ത്യയും കേരളവുമായി ഉണ്ടാക്കിയ ആദ്യ ഉടമ്പടി കരാറിൽ തുടങ്ങി, നൂറ്റാണ്ടുകൾക്കിപ്പുറത്തെ ചരിത്ര താളുകൾ കൃത്യതയോടെ കോർത്തെടുത്ത് അതിന്റെ പൂർണതയിൽ എത്തിയ ദൃശ്യാവിഷ്കാരം ആയിരുന്നു 'ഗീതോൺ ടു കേരള". ആധുനിക കാലഘട്ടത്തിലെ അനന്ത ദൃശ്യ സാദ്ധ്യതകളോടെയാണ് വേറിട്ട ഉൾകാഴ്ചകളുടെ പുതിയ ദൃശ്യവ്യാകരണങ്ങളുമായി സാങ്കേതികതയുടെ മിഴിവ് സമന്വയിപ്പിച്ച് നവശൈലിയിലാണ് സംവിധായകൻ പ്രമോദ് പയ്യന്നൂർ ഈ കലാവിഷ്കാരത്തെ അരങ്ങിലെത്തിച്ചത്.
അരങ്ങിലെ മൂന്ന് ഇടങ്ങളെ ഉപയോഗപ്പെടുത്തി അരമണിക്കൂറിനുള്ളിൽ രണ്ടുനൂറ്റാണ്ടുകളുടെ ചരിത്രം വൈവിദ്ധ്യമാർന്ന കലാരൂപങ്ങളിലൂടെയും സ്ക്രീനിലൂടെയുമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ദൃശ്യഭാഷയുടെ സൗന്ദര്യ ശാസ്ത്രങ്ങൾ പ്രേക്ഷക മനസുകൾക്ക് നവ്യാനുഭവമാവുകയായിരുന്നു. സ്ക്രീനിൽ ഡച്ച് കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന പായ്ക്കപ്പൽ നമ്മളിലേക്ക് വന്നടുക്കുന്നിടത്താണ് കാഴ്ചയുടെ തുടക്കം. പ്രധാന വേദിക്ക് മുമ്പിലായി ഇടതുഭാഗത്തൊരുക്കിയ വിറ്റ്നസ് കോർട്ട് എന്ന പുതുമയാർന്ന വേദിയിലെ ഗവേഷണ വിദ്യാർത്ഥികളായി ഡോ. ബിനു ജോസഫ്, ഷെമിൻ സെയ്ദ് എന്നിവർ ചരിത്ര നാഴികകല്ലുകളെ ദൃശ്യങ്ങളുമായി കൂട്ടിയിണക്കി . ഇവരുടെ ചർച്ചകളുടെയും അന്വേഷണങ്ങളുടെയും ചുവടുപിടിച്ചാണ് സ്ക്രീനിലേക്കും പ്രധാന വേദിയിലേക്കും ഉള്ള ദൃശ്യ, ശ്രാവ്യ രംഗാവതരണങ്ങൾ അത്യപൂർവതയാർന്ന ചടുലതയോടെ തെളിഞ്ഞ് ചലിക്കുന്നത്. സ്ക്രീനിലെ വെളിച്ചം മങ്ങി പ്രധാന വേദി തെളിയുമ്പോൾ ഇന്ത്യൻ സംസ്കാരത്തെയും നെതർലാൻഡ് സംസ്കാരത്തെയും സമന്വയിപ്പിച്ച സംഗീതത്തിന് അനുസൃതമായ ചുവടുകളോടെ അവതരിപ്പിക്കപ്പെട്ട ഡച്ച് ഇന്ത്യൻ ഫ്യൂഷൻ ഡാൻസ് കാഴ്ചക്കാർക്ക് കൗതുകം പകർന്നു.
1604 കാലഘട്ടം മുതൽ 1814 ൽ ഡച്ച്കാർ വിടവാങ്ങുന്നത് വരെയുള്ള കേരളഡച്ച് ബന്ധങ്ങൾ വൈവിദ്ധ്യവും പുരോഗമനോൻമുഖവുമായ പ്രവർത്തനങ്ങളാലും സമ്പുഷ്ടമായിരുന്നു. മത സൗഹാർദ്ദം, സാംസ്കാരികം, വിദ്യാഭ്യാസം, ആതുരസേവനം എന്നീ മേഖലകളിൽ സ്തുത്യർഹമായ സേവനമാണ് മലബാർ ഡച്ച് സൗഹൃദ കൂട്ടായ്മയിൽ പിറവി എടുത്തത്. നരേഷനൊപ്പം സ്ക്രീനിൽ 1678 ൽ ഹോർത്തൂസ് മലബാറിക്കസിന്റെ ആദ്യ വാല്യം പുറത്തിറങ്ങി എന്ന് പ്രതിപാദിച്ചു പോവുന്നു. രംഗ ദൃശ്യാവതരണങ്ങളുടെ അവസാന നിമിഷങ്ങളിലെ വിളക്കിച്ചേർക്കൽ പുതിയ കാലത്തിന്റെ പുരോഗമന വെളിപാടുകളെയാണ് മുന്നോട്ട് വയ്ക്കുന്നത്. വൈവിദ്ധ്യമാർന്ന കേരളീയ തനിമയുള്ള കലാ രൂപങ്ങളായ കഥകളിയും,തെയ്യവും, കളരിപ്പയറ്റും, മോഹിനിയാട്ടവും, കേരള നടനവും കൂടാതെ മയൂര നൃത്തവും ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ ഒരു മാലയിലെ പവിഴ മണികൾ പോലെ കോർത്തിണക്കി ഹൃദ്യമായ ചുവടുവയ്പ്പുകളോടെ മുന്നേറിയപ്പോൾ, പെയ്തൊഴിഞ്ഞൊരു വേനൽ മഴയുടെ കുളിർ പോലെയാണ് പ്രമോദ് പയ്യന്നൂരും എഴുപതോളം കലാപ്രതിഭകളും ഒരുക്കിയ 'ഗീതോൺ ടു കേരള" എന്ന മൾട്ടി മീഡിയ ദൃശ്യാവതരണം പൂർണമാകുന്നത്.
(ലേഖകന്റെ ഫോൺ നമ്പർ : 8129140115)