നായികതാരത്തിൽ നിന്ന് സിനിമാതാരത്തിലേക്കുള്ള മാറ്റം ഒരു പെൺകുട്ടിക്ക് എളുപ്പമല്ല. പ്രാചി, പ്രഭാതമെന്നോ പുരാതനമെന്നോ ഒക്കെ അർത്ഥം വരുന്ന വാക്കിനെ ഏത് രംഗത്തും ശോഭിക്കുന്നവൾ എന്നാക്കി മാറ്റുകയും എളുപ്പമല്ല. എന്നാൽ, ഇത് രണ്ടും പുഷ്പം പോലെ സ്വന്തമാക്കി ഒരു താരം. ഡൽഹിക്കാരിയായ പ്രാചി തെഹ്ലാനിനെ മലയാളിക്ക് പരിചയം മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം 'മാമാങ്ക"ത്തിലെ നായിക എന്ന പേരിലാണ്. മലയാളിയുടെ മൂക്കുത്തിപ്പെണ്ണ് ! പ്രാചി സംസാരിക്കുന്നു സിനിമ തനിക്കായി കാത്തുവച്ച അത്ഭുതത്തെപ്പറ്റിയും തന്റെ ജീവിതത്തെ പറ്റിയും.
മാമാങ്കം പുതിയ അനുഭവം
മലയാള സിനിമയെക്കുറിച്ച് എനിക്ക് ഒരുപാടൊന്നും അറിയില്ലായിരുന്നു. വടക്കേന്ത്യയിൽ ജനിച്ച് ബോളിവുഡ് സിനിമകൾ കണ്ടാണ് വളർന്നത്. മലയാള സിനിമ ആകെ എനിക്ക് പുതിയ അനുഭവമായിരുന്നു. ഏറ്റവും ചെലവേറിയ ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പമുള്ള നായികയെ പറ്റി അണിയറ പ്രവർത്തകരുടെ പ്രതീക്ഷകളെല്ലാം വളരെ ഉയരെയായിരുന്നു. എന്നാൽ, ഓഡിഷനിൽ എന്റെ വ്യക്തിത്വത്തിലെ ചില ഘടകങ്ങൾ എനിക്ക് അനുകൂലമായി. അങ്ങനെയാണ് മാമാങ്കത്തിലെ ഉണ്ണിമായ ആവാൻ ഞാൻ തിരഞ്ഞെടുക്കപ്പെടുന്നത്. നിർമ്മാതാവ് വേണുസാറിന് നന്ദി പറയണം. പുതുമുഖമായ എന്റെ കഴിവിൽ വിശ്വസിച്ച് അവസരം നൽകിയതിന്. ഡാൻസും ഫൈറ്റും എല്ലാം ഉണ്ടായിരുന്നു. ഇതെല്ലാം പഠിക്കാൻ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ കുറച്ചൊക്കെ പഠിച്ചു. ഡയലോഗെല്ലാം പാട്ട് പോലെ പാടി കാണാപ്പാഠം പഠിക്കുകയായിരുന്നു. രണ്ട് വർഷമായി മാമാങ്കത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട്. കാത്തിരിപ്പ് അവസാനിക്കുന്നതിന്റെ സന്തോഷത്തിലാണിപ്പോൾ ഞാൻ. മലയാള സിനിമയിൽ അഭിനയിക്കാനുള്ള അവസരം നോക്കിയിരിക്കുമ്പോഴാണ് മാമാങ്കത്തിലേക്ക് ഓഡിഷന് വിളിച്ചത്. പക്ഷേ, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും വരുന്നത് ഇരട്ടി മധുരമാണ്.
മൂന്നുനാൾ കൊണ്ട് അഭിനേത്രി
ദൈവത്തിന്റെ പ്രിയപ്പെട്ട മകളാണ് ഞാനെന്നാണ് കരുതുന്നത്. അതുപോലെയുള്ള അവസരങ്ങളാണ് അദ്ദേഹം എനിക്ക് തന്നത്. ഒരിക്കലും ഒരു അഭിനേതാവാകണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടേയില്ല. എന്നെ സംബന്ധിച്ച് സിനിമയെന്നാൽ പോയി കാണുക, സന്തോഷിക്കുക എന്നതായിരുന്നു. ഞാൻ സ്പോർട്സ് രംഗത്തിൽ നിന്ന് പിന്മാറിയതിന് ശേഷം എം.ബി.എ ചെയ്ത് ഒരു കമ്പനിയിൽ കൺസൾട്ടന്റ് ആയി ജോലി നോക്കുമ്പോഴാണ് ഹിന്ദി സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോന്ന് ഒരു കൂട്ടർ അന്വേഷിക്കുന്നത്. ആ സീരിയലിൽ സ്പോർട്സ് ബാക്ക് ഗ്രൗണ്ട് ഉള്ള ആളെ വേണമായിരുന്നു. ഞാൻ ചേരുമെന്ന് അവർക്ക് തോന്നി. ഒരു കൈ നോക്കിയേക്കാം എന്ന് ഞാനും കരുതി. ഓക്കെ പറഞ്ഞപ്പോൾ മൂന്നു ദിവസത്തിനുള്ളിൽ മുംബയിൽ വരാൻ പറഞ്ഞു. അങ്ങനെ മൂന്നു ദിവസം കൊണ്ടാണ് ഞാൻ നടിയായത്. അതുവരെ സ്കൂളിൽ പോലും ഒരു നാടകത്തിൽ അഭിനയിക്കാത്ത ആളാണ്. രണ്ട് ഹിന്ദി സീരിയലുകളും ഒരു പഞ്ചാബി സിനിമയും ചെയ്തിട്ടാണ് മലയാളത്തിലേക്ക് വരുന്നത്.
സ്പോർട്സ് ആദ്യപ്രണയം
സ്പോർട്സ് ആണ് എപ്പോഴും എന്റെ ആദ്യ പ്രണയം. ചെറുപ്പത്തിലെ നല്ല പൊക്കമുണ്ടായിരുന്നത് കൊണ്ട് സ്പോർട്സിലേക്ക് വന്നത്. ബാസ്ക്കറ്റ് ബാൾ, നെറ്റ് ബാൾ പ്ലെയറായിരുന്നു. 2010 കോമൺ വെൽത്ത് ഗെയിംസ്, 2010-11ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ നെറ്റ്ബാൾ ടീമിന്റെ ക്യാപ്ടനായിരുന്നു. പ്രായമാകും തോറും നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള വഴി കൂടി നോക്കേണ്ടതുകൊണ്ടും കരിയറിൽ ഒരു വളർച്ച ഇനിയില്ല എന്ന് മനസിലാക്കിയിട്ടുമാണ് സ്പോർട്സിനോട് ബൈ പറഞ്ഞത്. എനിക്ക് കോച്ചാവാൻ താൽപര്യമില്ലായിരുന്നു. പക്ഷേ, എനിക്ക് ഇന്ന് എന്തൊക്കെയുണ്ടോ അതൊക്കെ തന്നത് സ്പോർട്സ് ആണ്, അഭിനേത്രിയെന്ന പേര് പോലും! ഇപ്പോഴും അവസരം കിട്ടുമ്പോൾ ബാസ്ക്കറ്റ് ബോളും മറ്റും കളിക്കാറുണ്ട്.
കാസ്റ്റിംഗ് കൗച്ച് എല്ലായിടത്തും
ഒരു സ്ത്രീ ആയിരുന്ന് കൊണ്ട് ഏതെങ്കിലും രംഗത്ത് മുന്നോട്ട് വരിക എളുപ്പമല്ല. അത് സിനിമയിലും സ്പോർട്സിലുമെല്ലാം. ഒരുപാട് കടമ്പകളുണ്ടായിരുന്നു. സിനിമയിൽ മാത്രമല്ല, എല്ലാ തൊഴിൽമേഖലയിലും കാസ്റ്റിംഗ് കൗച്ചുണ്ട്. എനിക്ക് അത്തരം മോശം അനുഭവമുണ്ടായിട്ടില്ല. ഒരുപക്ഷേ, അവിടെയും എന്റെ പൊക്കവും സ്പോർട്സ് ബാക്ക്ഗ്രൗണ്ടുമായിരിക്കണം സഹായിച്ചത്. പിന്നെ, നമ്മൾ ആവശ്യക്കാരനാണെന്ന് തോന്നിയാൽ ചൂഷണം ചെയ്യാൻ ആളുകൾ ഉണ്ടാകും. ചുറ്റിൽ നിന്നും ബഹുമാനം കരസ്ഥമാക്കാനാണ് സ്ത്രീ ശ്രമിക്കേണ്ടത്. ജീവിതത്തിൽ ഇനിയും സ്വന്തമാക്കാനുള്ള സ്വപ്നങ്ങളുണ്ട്. ഇപ്പോൾ പറയുന്നില്ല. എന്നാൽ, സ്ത്രീകളുടെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്നുള്ളത് ലക്ഷ്യത്തിൽ ഒന്നാണ്. ഭാവിയിൽ ഇനി ഞാനെന്താകും എന്ന് അറിയില്ല. ഒരുപക്ഷേ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ എന്തെങ്കിലുമാകും ചെയ്യുക. എന്നിരുന്നാലും സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിൽ നിന്ന് പിന്നോട്ടില്ല.
കേരളത്തിന്റെ ഓർമ്മ മുഖത്തുണ്ട്
കേരളം എനിക്ക് ഒരുപാട് ഇഷ്ടമാണ്. പണ്ട് കളിക്കാൻ വേണ്ടി പലപ്പോഴും കേരളത്തിൽ വന്നിട്ടുണ്ട്. ഇവിടുത്തെ അപ്പം, കൊത്തുപൊറോട്ട, പായസം, പപ്പടം, മീൻ കറി എല്ലാം ഒരുപാട് ഇഷ്ടമാണ്. അതിലുപരി കണ്ണാടി നോക്കുമ്പോൾ തന്നെ കേരളത്തെക്കുറിച്ച് ഓർമ്മവരും. എന്റെ ഇടതുപുരികത്തിന്റെ താഴെയുള്ള മുറിപ്പാട് ബാസ്ക്കറ്റ് ബാൾ കളിയ്ക്കിടെ ഒരു മലയാളിപ്പെൺകുട്ടിയിൽ നിന്ന് കിട്ടിയതാണ്. അവളുടെ ഹെയർപിൻ കുത്തിക്കയറിയതാണ്.
മാമാങ്കം ഷൂട്ട് ബ്രേക്കിലായിരുന്നു കേരളത്തിൽ പ്രളയമുണ്ടായത്. ആ സമയം ഇവിടെയില്ലായിരുന്നെങ്കിലും കൂട്ടുകാരോടൊപ്പം ചേർന്ന് കേരളത്തിനായി സഹായങ്ങൾ എത്തിക്കാനായി.
സംവിധായകരുടെ നടി
ഒരുപാട് സ്വപ്നറോളുകൾ ചെയ്യണമെന്നുണ്ട്. എന്റെ വ്യക്തിത്വത്തിൽ നിന്നും തികച്ചും വ്യത്യസ്തയായ ബയോപിക്ക് സിനിമ ചെയ്യണം. എന്തായാലും ഞാനൊരു സംവിധായകന്റെ അഭിനേതാവാണ്. അവർ ആവശ്യപ്പെടുന്ന അഭിനയം കാഴ്ച വയ്ക്കാൻ എനിക്കാവുമെന്ന വിശ്വാസമുണ്ട്. 5 അടി 11 ഇഞ്ചാണ് എന്റെ ഉയരം. ബോളിവുഡിൽ ഇപ്പോഴുള്ള നടിമാരേക്കാൾ ഉയരമാണത്. നമ്മൾ കാലാകാലങ്ങളായി പിന്തുടർന്ന് പോരുന്ന നായകന്റെ പൊക്കത്തേക്കാൾ ചെറിയ നായിക എന്ന സങ്കൽപ്പം മാറ്റി നായികയാവണമെന്നുണ്ട്.
കുടുബം
അച്ഛൻ നരേന്ദ്രകുമാർ ബിസിനസുകാരനാണ്. അമ്മ പൂനം തെഹ്ലാൻ വീട്ടമ്മയും. അനിയൻ സാഹിൽ തെഹ്ലാൻ എൻജിനീയറാണ്. അവന് സഹോദരി നടിയാണ് എന്ന ഭാവമൊന്നുമില്ല. അതാണ് എനിക്ക് അവനിൽ ഏറെയിഷ്ടവും. എന്റെ ഷോകളും സിനിമയും കാണുമെങ്കിലും അവർ ആരും വിമർശിക്കാറൊന്നുമില്ല. മറിച്ച് എന്തുചെയ്താലും പിന്തുണ നൽകും.