ചെന്നൈ: മദ്രാസ് ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനായ ഫാത്തിമ ലത്തീഫിനെ(19)യാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ആത്മഹത്യ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
"ഇന്റർഗ്രേറ്റഡ് എം.എ വിദ്യാർത്ഥിനിയായ കൊല്ലം സ്വദേശിയായ ഫാത്തിമയാണ് മരിച്ചത്. ഫാത്തിമ ആദ്യമായിട്ടാണ് കുടുംബത്തിൽ നിന്ന് മാറി ഹോസ്റ്റലിൽ നിൽക്കുന്നത്. വീട്ടിൽ നിന്ന് മാറി നിൽക്കുന്ന സങ്കടവും പരീക്ഷകളിലെ കുറഞ്ഞ മാർക്കുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്"- കേസ് അന്വേഷിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഐ.ഐ.ടി മദ്രാസ് മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു. “ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്‌മെന്റിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ഇന്നലെ രാത്രി (നവംബർ 8) അന്തരിച്ച വാർത്ത അഗാധമായ സങ്കടത്തോട അറിയിക്കുന്നു. ഐ.ഐ.ടി മദ്രാസിലെ അദ്ധ്യാപകരും സ്റ്റാഫും വിദ്യാർത്ഥികളും മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നു. ഇത് ഇൻസ്റ്റിറ്റ്യൂട്ടിനും കുടുംബത്തിനും നികത്താനാവാത്ത നഷ്ടമാണ്. അവളുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ "-അനുശോചനക്കുറിപ്പിൽ പറയുന്നു.
2018 ഡിസംബർ മുതൽ മദ്രാസ് ഐ.ഐ.ടിയിൽ നിന്നുണ്ടാകുന്ന അഞ്ചാമത്തെ ആത്മഹത്യ കേസാണിത്. സെപ്തംബർ 22 ന് പാലക്കാട് സ്വദേശിയായ ഓഷ്യൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ എസ്. ഷഹൽ കോർമാത്ത് ആത്മഹത്യ ചെയ്തിരുന്നു.